Wednesday, 6 August 2008

പച്ചരിയും ഡീലക്സ് ഫ്ലാറ്റുകളും

കുറച്ച് സമ്പന്നര്‍ക്ക് വേണ്ടി നമ്മുടെ നാട്ടില്‍ ഫ്ലാറ്റുകള്‍ പണിയുന്നു - വലിയ പട്ടണങ്ങളെ കേന്ദ്രീകരിച്ച് ഡീലക്സും, സൂപ്പര്‍ ഡീലക്സും ഫ്ലാറ്റുകള്‍. മറ്റുള്ളവര്‍ക്ക് മിക്കവാറും രണ്ടോ മൂന്നോ സെന്റില്‍ കാറ്റും വെളിച്ചവും കടക്കാത്ത വീടുകള്‍ പണിയിച്ച് അതില്‍ ജീവിതം തള്ളിനീക്കാന്‍ മാത്രമാണ് യോഗം. അതിനായി പോലും വയലുകളും കൃഷിയിടങ്ങളും നിര്‍ദാക്ഷണ്യം മാറ്റപ്പെടുന്നു. വീടുകള്‍ക്കിടയില്‍ പോലും വൃക്ഷങ്ങളിലാത്ത അവസ്ഥയില്‍ പച്ചപ്പ് അപൂര്‍വ്വ കാഴ്ചയായി മാറുന്നു. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നു, മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സൌകര്യമില്ലാതെ കഷ്ടപ്പെടുന്നു, അസുഖങ്ങള്‍ കൂടുന്നു, കാര്‍ഷിക വിളവ് കുറയുന്നു, പാലിനും എന്തിന് അരിക്കും, പച്ചക്കറിക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട്. പച്ചരിക്കായി കാര്‍ഷികോത്സവമെന്ന് പറയപ്പെടുന്ന ഓണത്തിന് കേന്ദ്രത്തിന്റെ ക്വോട്ട (കോണൊത്തിന്റെ ഓട്ട എന്ന് ചൊറിച്ച് മല്ലിയാലും തെറ്റില്ല!) നോക്കിയിരിക്കേണ്ട അവസ്ഥ.

പ്രകൃതി വിഭങ്ങളേതുമില്ലെന്ന് പറയാവുന്ന സിംഗപ്പൂരില്‍ കിട്ടുന്ന മഴവെള്ളം സംഭരിച്ച് ഉപയോഗിക്കുവാനായി ലഭ്യമായ സ്ഥലത്തിന്റെ പകുതിയിലേറെയും ക്യാച്ച്മെന്റ് ഏരിയ ആയി ഉപയോഗിക്കുന്നു. അപ്പോള്‍ 6,489 per sq km സാന്ദ്രതയില്‍ ജനങ്ങള്‍ (കേരളത്തിന്റെ ജനസാന്ദ്രത 819) എങ്ങിനെ സൌകര്യമായി എങ്ങും പച്ചപ്പും ശുദ്ധവായുവും ആസ്വദിച്ച് ജീവിക്കുന്നു?. ഉത്തരം: ഹൌസിങ്ങ് ഡെവലപ്മെന്റ് ബോര്‍ഡ് (HDB) ഫ്ലാറ്റുകളും പബ്ലിക് ട്രാന്‍സ്പോര്‍ട്ടും.

സിംഗപ്പൂരല്ല കേരളം എന്ന് പറയാന്‍ വരട്ടെ.

പണത്തിന് പണം - പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ്. ആ പണം ശരിയായി പ്രയോജനപ്പെടുത്തുക. ഗല്‍ഫില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് ഇനി എത്ര നാളുണ്ടാവുമെന്നറിയില്ല - എത്ര വേഗം പ്രയോജനപ്പെടുത്തുന്നുവോ അത്രയും നല്ലത്.

സ്ഥല ലഭ്യത - ലാന്റ് പൂളിങ്ങ് പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തുണ്ടുകളായി വിഭജിക്കപ്പെട്ട ഭൂമി ഒന്നിപ്പിക്കുകയും സ്ഥല ഉടമകള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യാം. ഇത് വഴി മെച്ചപ്പെട്ട റോഡുകളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും വികസിപ്പിക്കുക, കൃഷിക്കുള്ള ഭൂമി കൃഷിക്കായി മാത്രം ഉപയോഗിക്കുക.

പബ്ലിക് ട്രാന്‍സ്പോര്‍ട്ട് - കേരളത്തില്‍ 30,000ത്തിലധികം പ്രൈവറ്റ് ബസ്സുകളുണ്ട്. ഈ ബസ്സുകാരുടെ മത്സരവും തമ്മിലടിയും ഒഴിവാക്കി ഇവരെ ഒന്നോ രണ്ടോ കമ്പനിയായി ഒന്നിപ്പിക്കുകയാണെങ്കില്‍ ഈ മേഖലയില്‍ അസാദ്ധ്യമായ ഒന്നും ഉണ്ടാവില്ല. (സിംഗപ്പൂരില്‍ 200ഓളം ബസ്സ് സര്‍വീസുകളുള്ള ഒരു കമ്പനിയാണ് ഒരു MRT ട്രയിന്‍ ലൈന്‍ - NEL, ഓപ്പറേറ്റ് ചെയ്യുന്നത്.)

ചിന്തിച്ച് നോക്കു.

Monday, 28 July 2008

വാണം വിടുന്ന ശാസ്ത്രവും ആണവശാസ്ത്രവും

ഒരു അവസരത്തില്‍ വാണം വിടുന്ന ശാസ്ത്രം ഏറെ വിമര്‍‌ശനങ്ങള്‍ ഏറ്റുവാങ്ങിയിരിന്നു - വിക്ഷേപിക്കുന്ന റോക്കറ്റുകളെല്ലാം നേരെ കടലിലേക്ക് കൂപ്പ് കുത്തിയിരുന്ന കാലം. കോടിക്കണക്കിന് രൂപ അങ്ങനെ കടലില്‍ കളയുന്നു, ആ കാശുണ്ടായിരുന്നെങ്കില്‍ മറ്റെന്തെല്ലാം കാര്യങ്ങള്‍ നടത്താമായിരുന്നു എന്നൊക്കെ പലരും പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് കാര്യമായ സഹായമില്ലാതെ തന്നെ ഇപ്പോള്‍ നാം ഏറെ മുന്നിലെത്തിയിരിക്കുന്നു, മറ്റ് രാജ്യങ്ങളുടെ എട്ട് കുട്ടി ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ടും ചേര്‍ത്ത് പത്ത് ഉപഗ്രഹങ്ങള്‍ ഒരേ സമയം വഹിച്ച് കൊണ്ട് പോയി അതാതിന്റെ ഭ്രമണപഥത്തില്‍ നിക്ഷേപിച്ച PSLV-C9 റോക്കറ്റിന്റെ റെക്കോര്‍ഡ് നേട്ടമാണ് നാം അവസാനം കണ്ടത്. ഇപ്പോള്‍ കാലാവസ്ഥ നിരീക്ഷണം തുടങ്ങിയ മേഖലകളില്‍ നല്‍കുന്ന സംഭാവനകള്‍ക്ക് പുറമെ, ISRO ഗവേഷണത്തിനായി മുടക്കുന്ന ഓരോ രൂപയ്ക്കും വിദേശ മാര്‍ക്കറ്റില്‍ നിന്ന് ഇരട്ടിയായി തിരിച്ചു കിട്ടുന്നുവെന്നാണ് അറിയുന്നത്. റഷ്യയെ പോലെ സഹായിക്കാന്‍ താത്പര്യമുള്ള രാജ്യങ്ങളുടെ മികച്ച സഹകരണം കൂടി കിട്ടിയിരുന്നെങ്കില്‍ (അന്താരാഷ്ട്ര ഒറ്റപ്പെടുത്തലുകള്‍ ഇല്ലായിരുന്നുവെങ്കില്‍) നമ്മുക്ക് ഈ നേട്ടം കുറച്ച് നേരത്തെ തന്നെ നേടാമായിരിന്നു. (PSLV-C9 ഭ്രമണപഥത്തിലെത്തിച്ച കുട്ടി ഉപഗ്രഹങ്ങള്‍ യുണിവേര്‍സിറ്റി ‘പിള്ളേര്’ നിര്‍മ്മിച്ചതാണ്!)

ആണവനിലയങ്ങളുടെ കാര്യത്തില്‍ പല സാങ്കേതികവിദ്യകള്‍ നിലവിലുണ്ട്. (ബൂലോകത്ത് ചിലര്‍ പറയുന്നത് പോലെ യുറേനിയത്തില്‍ രണ്ട് ഇലട്രോഡുകള്‍ എടുത്ത് വച്ചാല്‍ കറണ്ട് വരില്ല!). അതില്‍ HWR (ഹെവി വാട്ടര്‍ റിയാക്ടര്‍) പോലെ ഏതാനും സാങ്കേതികവിദ്യകളില്‍ മാത്രമേ നമ്മുക്ക് പ്രാവീണ്യമുള്ളു. പരീക്ഷണ നിലയിലായ മൂന്ന ഘട്ടങ്ങളുള്ള തോറിയം സൈക്കിള്‍ സാങ്കേതിക വിദ്യയിലാണ് ഇന്ത്യ പ്രതീക്ഷ അര്‍‌പ്പിച്ചിരിക്കുന്നത്. LWR (ലൈറ്റ് വാട്ടര്‍ റിയാക്ടര്‍) സാങ്കേതിക വിദ്യ താരതമ്യേന ചിലവുകുറഞ്ഞതും കൂടുതല്‍ സുരക്ഷിതവുമാണെന്ന് പറയപ്പെടുന്നു. LWR സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണെങ്കില്‍ തോറിയം സാങ്കേതിക വിദ്യ കൂടുതല്‍ ലളിതമാക്കാമെന്നാണ് കരുതുന്നത്, പക്ഷേ LWR സാങ്കേതിക വിദ്യ നമ്മുക്ക് സ്വായത്തമല്ല. ഈ സാങ്കേതിക വിദ്യ നമ്മുക്ക് നല്‍കാന്‍ റഷ്യ തയാറാണെങ്കിലും, NSG നിയന്ത്രണങ്ങള്‍ മൂലം അവര്‍ക്ക് അത് കഴിയാത്ത അവസ്ഥയാണ്. HTR (ഹൈ ടെമ്പറേച്ചര്‍ ഗ്യാസ്കൂള്‍ഡ് റിയാക്ടര്‍) എന്ന സാങ്കേതിക വിദ്യയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ചൈന. HTR സാങ്കേതികവിദ്യ ജെര്‍മ്മനി നിര്‍ത്തിവെച്ചിടത്ത് നിന്നാണ് ചൈന ഗവേഷണം തുടങ്ങിയത്. മോഡുലര്‍ ആയി പെട്ടെന്ന് നിര്‍മ്മിക്കാവുന്ന ചെറു നിലയങ്ങള്‍ 2009ല്‍ നിര്‍മ്മിച്ച് തുടങ്ങാന്‍ ചൈന പദ്ധതിയിടുന്നു. കൂടുതല്‍ ഇന്ധന ക്ഷമതയുള്ള HTR നിലയങ്ങള്‍ ഉപയോഗിച്ച് ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാമെന്നും, ഭാവിയില്‍ തോറിയം ഇന്ധനമായി ഉപയോഗിക്കാമെന്നും പ്രതീക്ഷിക്കുന്നു.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഹകരണം കൂടി ഉണ്ടെങ്കില്‍ നമ്മുടെ ഗവേഷണം ത്വരിതപ്പെടുത്താമെന്നാണ് പറഞ്ഞുവരുന്നത്. ഭാവിയില്‍ ഇന്ത്യയുടെ തോറിയം റിയാക്റ്ററുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഗവേഷണത്തിനായി നാം മുടക്കിയ മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് തിരിച്ച് കിട്ടണമെങ്കില്‍ NSG, IAEA തുടങ്ങിയവയുമായി സഹകരിച്ചേ മതിയാകു, ആ സഹകരണം എത്രയും നേരത്തേ ആയാല്‍ അത്രയും നല്ലത്.

ആണവോര്‍ജ്ജം ഉപയോഗിച്ച് കാറും ബസ്സും ഓടിക്കാന്‍ പറ്റില്ലല്ലോ, ആയതിനാല്‍ ആണവനിലയങ്ങള്‍ക്ക് വേണ്ടി എന്തിന് കാശുമുടക്കുന്നു എന്നാണ് ചിലരുടെ ചോദ്യം. ട്രെയിന്‍ പോലുള്ള ബള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുകയും, കാറ്, ബൈക്ക് തുടങ്ങിയ ഇന്ധനക്ഷമത കുറഞ്ഞ സ്വകാര്യ യാത്രാ ഉപാദികള്‍ പരമാവധി നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആണവ നിലങ്ങളില്‍ നിന്നുള്ള വൈദ്യുതി തീര്‍ച്ചയായും ട്രെയിനുകള്‍ക്ക് ഉപയോഗിക്കാം. മറ്റ് വാഹനങ്ങളില്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകളുടെ ചിലവ് കുറയ്ക്കാനും ഹൈഡ്രജന്‍ ഉല്‍പാദപ്പിക്കാനുള്ള ചിലവ് കുറഞ്ഞ മാര്‍ഗങ്ങളെ കുറിച്ചും ഗവേഷണങ്ങള്‍ നടന്ന് വരുന്നു. ഇതില്‍ ആണവോര്‍ജ്ജത്തിന് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

കുടിവെള്ളം കിട്ടാത്ത എത്രയോ ഗ്രാമങ്ങളുണ്ട്, അവര്‍ക്ക് ഈ ആണവനിലയങ്ങള്‍ കൊണ്ടെന്ത് ഗുണമെന്ന് ചിലര്‍. ആണവ നിലങ്ങള്‍ ഉപയോഗിച്ച് വന്‍ തോതില്‍ വെള്ളം ശുദ്ധീകരിക്കാവുന്നതാണ്. കടല്‍വെള്ളം ഇത്തരത്തില്‍ ശുദ്ധീകരിക്കാനുള്ള ഡീസാലിനേഷന്‍ പ്ലാന്റുകള്‍ ചെന്നൈ/കല്‍പ്പാകം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഉപയോഗിച്ച് വരുന്നു.

കാറ്റും സൂര്യപ്രകാശവും നമ്മുക്ക് ആവശ്യം പോലുണ്ടല്ലോ, വിലകൂടിയ ആണവോര്‍ജ്ജത്തിന്റെ ആവശ്യമുണ്ടോ എന്ന് ചിലര്‍. (ഒരു ബ്ലോഗറുടെ കമന്റ് ഇപ്രകാരം - “ഇന്ത്യയിലെ തുറസ്സയ സ്ഥലങ്ങളിലെല്ലാം കാറ്റാടിയും, കെട്ടിടങ്ങളില്‍ സൌരോജ്ജ സംവിധാനവും നടപിലാക്കിയാല്‍ നിലവിലുള്ളതും കൂടി ചേര്‍ന്നാല്‍ ഊര്‍ജ്ജം നമുക്കു ധാരാ‍ളം!“ ലൈറ്റില്ലാത്ത സൈക്കളില്‍ നിന്ന് കാറ്റ് ഊരിവിട്ടിട്ട് പൊലീസ് ചോദിച്ചിരുന്നത് ഓര്‍മ്മവരുന്നു - നിലാവുള്ളപ്പോള്‍ ലൈറ്റ് വേണ്ടെങ്കില്‍ ചുറ്റിനും നല്ല കാറ്റ് ഉണ്ടെല്ലോ, ടയറിലെന്തിനാ കാറ്റ്!)

കാറ്റും സൂര്യപ്രകാശവും പരമാവധി ഉപയോഗിക്കപ്പെടേണ്ടത് തന്നെയാണ്. കാറ്റും സൂര്യപ്രകാശവും എല്ലാ സമയവും തുടര്‍ച്ചയായി ഒരേ അളവില്‍ കിട്ടില്ല, അതായത് നമ്മുക്ക് വേണ്ട സമയത്ത് കിട്ടില്ല അല്ലെങ്കില്‍ കിട്ടുന്ന സമയത്ത് ഉപയോഗിക്കാനേ കഴിയൂ. ബാറ്ററികളില്‍ സംഭരിച്ച് ഉപയോഗിക്കണമെങ്കില്‍ ചിലവ് വളരെ അധികമാകും. ചെറിയ തോതിലാണെങ്കില്‍ വെള്ളം പമ്പ് ചെയ്യുവാനോ, പാകം ചെയ്യുവാനോ ഒക്കെ ഉപയോഗിക്കാം. അതല്ലെങ്കില്‍ ചെയ്യാവുന്നത് മറ്റ് വൈദ്യുത നിലയങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഗ്രിഡിലേക്ക് അപ്പപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പ്രവഹിപ്പിക്കുക എന്നതാണ്. ഇങ്ങനെ വൈദ്യുതി പരമാവധി ഉപയോഗപ്പെടുത്തിയാലും, കാറ്റാടി യന്ത്രങ്ങളും സൌരോര്‍ജ്ജപാനലുകളും അതിന്റെ 25-30 വര്‍ഷം വരുന്ന ആയുസ്സിനിടയ്ക്ക് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന യൂണിറ്റ് വൈദ്യുതി പരിമിതമാണ്. (യന്ത്ര സാമഗ്രികളുടെ വില, അത് സ്ഥാപിക്കാന്‍ വേണ്ടിവരുന്ന മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍, ദൈനംദിന ചിലവുകള് തുടങ്ങിയവ കണക്കിലെടുത്താണ് വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത്. ഇതേ രീതിയില്‍ തന്നെയാണ് ആണവ വൈദ്യുതിയുടെ വിലയും കണക്കാക്കുന്നത്. ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടിവരുന്ന ചിലവ് തന്നെയാണ് പ്രധാനം. യുറേനിയത്തിന്റെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ വൈദ്യുതിയുടെ വിലയെ സാരമായി ബാധിക്കില്ലെന്ന് പറയാന്‍ കാര്യമിതാണ്.) അത് നിര്‍മ്മിക്കാന്‍ വേണ്ടിവരുന്ന ചിലവു പരിഗണിക്കുമ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതിയുടെ വില മറ്റ് ഊര്‍ജ്ജ ഉറവിടങ്ങളെ (ആണവോര്‍ജ്ജത്തേയും) അപേക്ഷിച്ച് വളരെ കൂടുതലാകുന്നു. നമ്മുടെ ജലവൈദ്യുത നിലയങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അതിന്റെ മുടക്ക്മുതല്‍ തിരികെത്തന്നതിനാലാണ് നമ്മുക്ക് വളരെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്നത്.

India's growing strides in space
Addressing Criticism On The Indo-US Nuclear Deal
Developed nations will look to India for FBRs in 2030
Nuclear Desalination

Thursday, 10 July 2008

നിയമ വ്യവസ്ഥിതിയും സാങ്കേതികവിദ്യയും

സുസജ്ജമായ പൊലീസ് സേനയുണ്ടെങ്കിലും കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്ന് മുഖ്യമന്ത്രി.

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ധാരാളം പഴുതുകള്‍ ഉള്ളിടത്തോളം കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് പ്രതീക്ഷിക്കേണ്ട. പോരാത്തതിന് കുറ്റവാളികള്‍ക്ക് ഒത്താശ ചെയ്യാന്‍ പൊലീസ്‌കാര് തന്നെയുണ്ടെങ്കില്‍ സ്ഥിതി എന്തായിരിക്കും.

കുറ്റകൃത്യങ്ങള്‍ക്കെതിരെ സാധാരണക്കാരന്‍ പരാതിയുമായി ചെന്നാല്‍ ‘മോളീന്ന്‘ വിളിവരികയും കുറ്റക്കാര്‍ക്ക് നേരെ നടപടിയുണ്ടാകില്ലെന്ന് മാത്രമല്ല, വാദിയെ പ്രതിയാക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. പരാതികള്‍, സത്യവാങ്ങ്മൂലങ്ങള്‍, പ്രഥമ റിപ്പോര്‍ട്ടുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലുള്ള തെളിവുകള്‍ തുടങ്ങിയവ രായ്ക്ക്‍‌രാമാനം തിരുത്തപ്പെടുകയോ മാറ്റിമറിക്കുകയോ ചെയ്യാറുണ്ട്. ഇതെല്ലാം പൊലീസിന്റെ വിശ്വാസിയതയെ തകര്‍ത്തിട്ടുണ്ട്.

പൊലീസിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുന്ന തരത്തില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താവുന്നതാണ്. പൊലീസ് സ്റ്റേഷനുള്ളിലെ എല്ലാ ക്രയവിക്രിയങ്ങളും ഓണ്‍‌ലൈനായി റിക്കോര്‍ഡ് ചെയ്ത് ഉന്നതാധികാരികള്‍ക്കും ജഡ്ജിമാര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങി മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും അപ്പപ്പോള്‍ വിവരങ്ങള്‍ ലഭിക്കത്തക്ക രീതിയില്‍ വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. അത്യാവശ്യം വേണ്ടി വരുന്ന തിരുത്തലുകള്‍, കാര്യകാരണസഹിതം ചെയ്താല്‍ അഴിമതിക്കുള്ള പഴുത് അടയും.

അനന്തമായി കോടതികളില്‍ കയറിയിറങ്ങേണ്ടി വരുന്ന സ്ഥിതി ഓര്‍ത്തിട്ടാണ് പലരും പരാതികളില്ലാതെ പലതും സഹിക്കാന്‍ തയ്യാറാകുന്നത്. ഈ സ്ഥിതിവിശേഷം മുതലെടുത്ത് അതിക്രമങ്ങള്‍ കൂടിവരികയും സാധാരണക്കാരന് നിയമം കൈയിലെടുക്കേണ്ട നിലയും വരുന്നു (സിനിമകള്‍ പൊതുവേ ഈ ആശയമാണ് - നിയമം കൈയിലെടുത്തെങ്കില്‍ മാത്രമേ രക്ഷയുള്ളുവെന്ന് - നായകന്മാരിലൂടെ ജനങ്ങളില്‍ കുത്തിവെയ്ക്കുന്നത്). വിവര സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ കോടതികളും പരമാവധി ഉപയോഗപ്പെടുത്തി നീതിതേടി കോടതികളുടെ പരിഗണനയിലിരിക്കുന്ന കേസ്സുകള്‍ കാലതാമസമില്ലാതെ തീര്‍പ്പാക്കുകയാണെങ്കില്‍ തന്നെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ് കിട്ടും.

ട്രാഫിക്ക് സിഗ്നല്‍ ലൈറ്റുകള്‍, സ്പീഡ് ക്യാമറകള്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് വഴി ഗതാഗത നീക്കം സുഗമമാക്കുന്നതോടൊപ്പം, ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കുന്ന പൊലീസുകാരുടെ എണ്ണം കുറയ്ക്കാനും കഴിയും. നഗരങ്ങളിലെല്ലാം പാര്‍ക്കിങ്ങ് സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ മാത്രമായി പ്രത്യേക വിഭാഗം രൂപികരിക്കുകയും ഫൈനുകളും മറ്റും ആധുനിക കമ്മൂണിക്കേഷന്‍ സംവിധാനങ്ങള്‍ വഴി അപ്പപ്പോള്‍ രേഖപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ അത്തരം വിവരങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കി നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നുള്ളത്കൊണ്ട് ഗതാഗത കുരുക്ക് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും.

ബസ്‌ സ്റ്റേഷന്‍ പോലുള്ള പൊതുസ്ഥലങ്ങളിലും, ഉല്‍സവം, ജാഥ തുടങ്ങി ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഇടങ്ങളിലും വ്യാപകമായി വീഡിയോ സര്‍വെയിലന്‍സ് ഏര്‍പ്പെടുത്തുക വഴി പോക്കറ്റടി, അക്രമം തുടങ്ങിയവ നിരുത്സാഹപ്പെടുത്താവുന്നതാണ്.

Saturday, 5 July 2008

ഏറ്റവും അപകടകരമായ ഇടം: കട്ടില്‍

ലോകത്ത് ഏറ്റവും അപകടകരമായ ഇടമേതാണ്?. ഒരു ക്ലൂ തരാം. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മരിക്കുന്നത് ഇവിടെ വച്ചാണ്.

ഉത്തരം: കട്ടില്‍

സ്റ്റാറ്റിസ്റ്റിക്സിന്റെ ഗുണമിതാണ്, പലപ്പോഴും നമ്മുക്ക് സൌകര്യമായ അനുമാനങ്ങളിലെത്താം.

11% വരുന്ന ഇടത് എംപിമാര്‍ കോണ്‍‌ഗ്രസ്സിന്റെ ഉറക്കം കെടുത്തുന്നു - 2021ല്‍ മൊത്തം ശേഷിയൂടെ 9% ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ആണവനിലയങ്ങള്‍ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നത് എന്തിനെന്ന്. (വര്‍ക്കേഴ്സ് ഫോറത്തില്‍ നിന്ന്)

ഈ 9% എത്രയാണെന്ന് നോക്കാം - 40,000MW
നിലവില്‍ ഇന്ത്യയുടെ മൊത്തം ഉല്‍‌പാദന ശേഷി - 134,700MW.
നിലവില്‍ കേരളത്തിന്റെ മൊത്തം ഉല്‍‌പാദന ശേഷി 2,657MW.
തമിഴ്നാട്ടിലെ കൂടങ്കുളത്ത് പണിത് വരുന്ന ആണവനിലയത്തിന്റെ ഉല്‍‌പാദന ശേഷി 4,500MW.

അപ്പോള്‍ എങ്ങനെയുണ്ട് ഈ 9%.

കാറും ബസ്സും ലോറിയുമെല്ലാം ആണവോര്‍ജ്ജം ഉപയോഗിച്ച് ഓടിക്കാനാവില്ലെന്ന് സോണിയാഗാന്ധിക്ക് നന്നായറിയാം.

ആണവോര്‍ജ്ജം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലേ. ഇഞ്ചീടെ ബ്ലോഗില്‍ നിന്ന് പച്ചമുളകിന്റെ കമെന്റ് കടമെടുക്കുന്നു. :)

"പെട്രോളിയാം ഉത്പന്നങ്ങളുടെ കരുതല്‍ ശേഖരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദിവസങ്ങളുടേതു മാത്രമാണു. പുതിയ ആണവ വൈദ്യതു പദ്ധതികള്‍ വന്നാല്‍ കരുതല്‍ ഊര്‍ജ്ജ ശേഖരം വര്‍ഷങ്ങളുടേതാക്കാം. ഇന്ത്യ ആണവ വൈദ്യതിയെ പ്രധാനമായും ഉറ്റുനോക്കുന്നതു റെയില്‍‌വേയെ സമ്പൂര്‍ണ്ണമായി വൈദുതീകരിക്കാനാണു. മാറുന്ന ഒരു ലോകക്രമത്തില്‍ പെട്രൊളീയം ഉത്പന്നങ്ങളുടെ ദൌര്‍ലഭ്യം എപ്പൊഴും ആസന്നമാണെന്നിരിക്കെ ഇന്ത്യയീപ്പോലെ ഒരു രാഷ്ട്രത്തിനു പെട്രോളിനെ മാത്രം ആശ്രയിച്ചുള്ള ഒരു ചരക്കു മാറ്റം ആശാവഹമല്ല.ഇവീടെയാണു ആണവ ഇന്ധനത്ത്റ്റിന്റെ കരുതല്‍ ശേഖരത്തിന്റെ പ്രസക്തി. പശുവിനെ കുളിപ്പിക്കുന്ന റാബറീദേവിയുടെ ഭര്‍ത്താവിനിതു പിടികിട്ടി. പക്ഷേ ബ്രിന്ദയൂടെ ഭര്‍ത്താവിനിതു പിടികിട്ടിയിട്ടില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം."

കല്‍ക്കരി ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഒരു താപനിലയത്തില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 3.73 കോടി രൂപ മാത്രമേ ചെലവ് വരൂ.

കല്‍ക്കരി ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഒരു താപനിലയങ്ങളുടെ അന്തരീക്ഷ മലിനികരണത്തിന്റെ ‘വില‘ കൂടിക്കൂട്ടുമ്പോള്‍ ഉല്‍‌പാദന ചിലവ് ഇതിന്റെ പലമടങ്ങ് വരും.

Read:
7 percent is not “just 7 percent” Mr. Karat

Tuesday, 1 July 2008

മെട്രോ: സിംഗപ്പൂര്‍, ദുബായ്, കൊച്ചി

കേരളത്തിലെ ഏതൊരു പദ്ധതിയേയും പോലെ കൊച്ചി മെട്രോയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടങ്ങിയയിടത്തു തന്നെ നില്‍ക്കുന്നു. കൊച്ചി മെട്രോയുടെ അവസ്ഥയെ കുറിച്ച് അഞ്ചല്‍‌ക്കാരന്‍ തന്റെ ബ്ലോഗില്‍ സൂചിപ്പിച്ചപ്പോള്‍ അവിടെയും തമ്മിലടി. പദ്ധതിക്കെതിരെ കേസുകൊടുക്കാനോ സമരം ചെയ്യാനോ ആളില്ലാത്തതിനാല്‍ ദുബായിലെ മെട്രോ പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നുവെന്ന് അഞ്ചല്‍‌ക്കാരന്‍. ജനാധിപത്യമാണ്, ബഡ്ജറ്റ് കമ്മിയാണ്, സ്ഥല പരിമിതിയാണ്, ദുബായി വേറെ കേരളം വേറെ എന്ന് മറുപക്ഷം.

കൊച്ചിയെക്കാള്‍ ജനസാന്ദ്രതയുള്ള ജനാധിപത്യരാജ്യമായ സിംഗപ്പൂരിലെ MRTയെന്ന് വിളിക്കുന്ന മെട്രോ റെയില്‍‌വേയെ കുറിച്ച് പറയാം. അവിടെയും പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുകളുണ്ടായിരുന്നു - പദ്ധതി ചെലവേറിയതാണ്, അതിന്റെ ചെറിയൊരു ഭാഗം തുകയ്ക്ക് കൂടുതല്‍ ബസ്സ് സര്‍വീസ്സുകള്‍ ഏര്‍പ്പെടുത്താമല്ലോ എന്നൊക്കെ. പല വന്‍ കെട്ടിടങ്ങളും പൊളിക്കേണ്ടി വന്നു, ഒരു ശിവക്ഷേത്രം മൊത്തത്തില്‍ മാറ്റി സ്ഥാപിച്ചു. അവിടെയൊന്നും കാര്യമായ എതിര്‍പ്പുകളില്ലായിരുന്നു, പകരം അകമഴിഞ്ഞ സഹകരണമായിരുന്നു. കാരണം മറ്റൊന്നുമല്ല. മറ്റ് ഏതൊരു പദ്ധതിയേയും പോലെ ബാധിക്കപ്പെടുന്നവര്‍ക്ക് കിട്ടുന്ന കോമ്പന്‍സേഷന്‍ തന്നെയാണ്. ഉദാഹരണത്തിന് ഹൌസിങ്ങ് ബോര്‍ഡ് ഫ്ലാറ്റില്‍ താമച്ചിരുന്നവര്‍ക്ക് വേറെ ഫ്ലാറ്റ് കൊടുക്കുന്നതോടൊപ്പം ഏതാനും മാസം വാടക സൌജന്യം, സാധന സാമഗ്രികള്‍ മാറ്റാന്‍ നല്ലൊരു തുക തുടങ്ങി ഏറെ സഹായങ്ങള്‍. ഡോബി ഗോട്ട് MRT സ്റ്റേഷനുവേണ്ടി ഗെയ്‌ലാങ്ങിലേക്ക് മാറ്റിയ ശിവക്ഷേത്രത്തിന് കിട്ടിയ കോമ്പന്‍സേഷന്‍ വഴി ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ക്ഷേത്രമായി മാറിയെന്നാണ് കേള്‍ക്കുന്നത്.

സ്ഥലപരിമിതിയില്ലാത്ത ഏത് മെട്രോ നഗരമാണ് ഉള്ളത്. സ്ഥലപരിമിതി പരിഗണിച്ചാണല്ലോ എലിവേറ്റഡ് ട്രാക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ദില്ലി മെട്രോയുടെ സ്ഥിതിയും മറ്റൊന്നല്ലല്ലൊ.


Picture from: http://commons.wikimedia.org/wiki/Image:Singapore_mrt_lrt_map_future_version3.png

സിംഗപ്പൂര്‍ MRT യുടെ മാപ്പൊന്ന് കാണുക. ഈസ്റ്റ് വെസ്റ്റ് ലൈന്‍, നോര്‍ത്ത് സൌത്ത് ലൈന്‍, നോര്‍ത്ത് ഈസ്റ്റ് ലൈന്‍ (ഡ്രൈവര്‍ ഇല്ലാത്ത പൂര്‍ണ്ണമായും ഭൂമിക്കടിയില്‍ കൂടി) എന്നിവ നിലവിലുള്ളത്. സര്‍ക്കിള്‍ ലൈന്‍ പണിനടക്കുന്നു. ഡൌണ്‍ ടൌണ്‍, നോര്‍ത്ത് ഷോര്‍ ലൈന്‍ എന്നിവ പ്രാരംഭ നിലയില്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. MRT ക്കൊപ്പം ചില സ്ഥലങ്ങളില്‍ LRT യും കാണാം.

MRT = Mass Rapid Transit
LRT = Light Rail Train

ഇതിലെ നോര്‍ത്ത് ഈസ്റ്റ് ലൈന്‍ പോലെ ഡ്രൈവര്‍ ഇല്ലാത്ത ട്രെയിനാണ് ദുബായില്‍ വരുന്നത് എന്ന് തോന്നുന്നു.

Monday, 30 June 2008

TV സീരിയല്‍, കാര്‍ബണ്‍ ക്രെഡിറ്റ്, CFL

ലോഡ് ഷെഡ്ഡിങ്ങ് കാരണം TV സീരിയല്‍ കാണുന്നത് മുടങ്ങുമെന്നത് എല്ലാപേര്‍ക്കും അറിയാം. TV സീരിയലും കാര്‍ബണ്‍ ക്രെഡിറ്റും തമ്മിലെന്ത് ബന്ധമെന്ന് ചിന്തിക്കുന്നുണ്ടാവാം.

അടുത്ത കാലത്ത് പത്രങ്ങളില്‍ വന്ന ചില വാര്‍ത്തകളില്‍ ഒന്ന് കണ്ണോടിക്കാം.

വൈദ്യുതി ബോര്‍‌ഡിന് ലാഭം 4500 കോടി
Rlys to go for CFL for carbon credit

CFLs to replace incandescent bulbs in pilot project
U.S. firm’s offer to West Bengal to replace incandescent bulbs

ഈ വാര്‍ത്തകളുടെ ചുരുക്കം ഇതാണ് - നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാദാ ബള്‍ബിന് പകരം കോമ്പാക്റ്റ് ഫ്ലൂറസന്റ് ലാമ്പുകള്‍ (CFL) തുച്ഛമായ വിലയ്ക്കോ സൌജന്യമായോ നല്‍കാന്‍ താല്പര്യം പ്രകടിപ്പിച്ച് കൊണ്ട് പല കമ്പനികള്‍ വൈദ്യുതി ബോര്‍ഡുകളേയും റെയില്‍‌വേയേയും സമീപിച്ചതായും അതു വഴി ഉണ്ടാകാവുന്ന ഊര്‍ജ്ജലാഭത്തെയും കുറിച്ചാണ് വാര്‍ത്ത. ഊര്‍ജ്ജലാഭത്തില്‍ കൂടി കിട്ടുന്ന കാര്‍ബണ്‍ ക്രെഡിറ്റിന് വിപണിയിലുള്ള മൂല്യം കണക്കാക്കിയാണ് കമ്പനികള്‍ ഇത്തരത്തിലുള്ള സൌജന്യ പദ്ധതികളുമായി മുന്നോട്ട് വരുന്നത്.

കാര്യക്ഷമതയുള്ള വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നത് വഴി വൈദ്യുതി ലാഭിക്കാം, ആ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ വേണ്ടി പുറന്തള്ളേണ്ടുന്ന കാര്‍ബണ്‍‌ഡൈഓക്സൈഡ് അന്തരീക്ഷത്തില്‍ കലരാതിരിക്കാന്‍ ഇടയാക്കും. ഇതുപോലെ പല തരത്തിലും വൈദ്യുതി ഉപഭോഗം കുറയ്ക്കുക വഴി തുല്യമായ കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍‌ഹത നേടാം. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായി മാറ്റം വരാമെങ്കിലും, ഒരു യൂണിറ്റ് (kWh) വൈദ്യുതി സമം ഒരു കിലോ കാര്‍ബണ്‍‌ഡൈഓക്സൈഡ് എന്ന് കണക്കാക്കാം. ഒരു ടണ്‍ കാര്‍ബണ്‍‌ഡൈഓക്സൈഡ് കുറവ് സമം ഒരു കാര്‍ബണ്‍ ക്രെഡിറ്റ്. ഒരു കാര്‍ബണ്‍ ക്രെഡിറ്റിന് ഇപ്പോള്‍ മൂല്യം ഏകദേശം $10.

സാദാ ബള്‍ബിനെ അപേക്ഷിച്ച് CFLന്റെ കാര്യത്തില്‍ 10,000 ത്തോളം മണിക്കൂര്‍ വരുന്ന അതിന്റെ ആയുസ്സിനിടയ്ക്ക് CFLന്റെ വിലയെക്കാളും വരുന്ന മൂല്യത്തിനുള്ള കാര്‍ബണ്‍ ക്രെഡിറ്റ് നല്‍കുന്നു എന്നതാണ് ഇവിടെയുള്ള ആകര്‍ഷണം.

ഇതുപോലെ വൈദ്യുതി ലാഭിക്കാന്‍ കഴിയുന്ന ഒന്നാണ് ട്യൂബ് ലൈറ്റിന്റെ ഇലക്ട്രോണിക് ചോക്ക്. സാദാ ഇരുമ്പ് കോര്‍ ചോക്ക് ഉപയോഗിക്കുന്ന 14-15 വാട്ടിന്റെ സ്ഥാനത്ത് ഇലക്ട്രോണിക് ചോക്കിന് വേണ്ടത് 1 വാട്ട് മാത്രം. അതായത് കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക് ചോക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് വഴി പീക്ക് ലോഡ് കുറയ്ക്കുകയും ചെയ്യാം കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍ഹതനേടുകയും ചെയ്യാം.

TV യുടെ ഉപയോഗം (അതു വഴി ഒരു ഫാന്‍/ലൈറ്റ് = 100 + 60W) കുറയ്ക്കുക വഴി നല്ലൊരളവ് വൈദ്യുതി ലാഭിക്കാന്‍ കഴിയും. അപ്പോള്‍ കേരളത്തില്‍ TV സീരിയല്‍/റിയാലിറ്റി ഷോ നിരോധിച്ചാല്‍ സര്‍ക്കാരിന് എന്തുമാത്രം കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍ഹതയുണ്ടാവും. ;-)

Wednesday, 25 June 2008

ആണവ നിലയം: ലെഫ്റ്റ് റൈറ്റാണോ?

ആണവോര്‍‌ജ്ജം നമ്മുക്ക് അഭികാമ്യമല്ല, കല്‍ക്കരി ഇന്ധനമായുള്ള താപനിലയങ്ങള്‍ വഴി രാജ്യത്തിന്റെ വര്‍‌ദ്ധിച്ചു വരുന്ന ഊര്‍‌ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. കല്‍ക്കരി ഉപയോഗപ്പെടുത്താമെന്നിരുന്നാല്‍ തന്നെ അനിയന്ത്രിതമായി ഉപയോഗിക്കാന്‍ പറ്റിയ അളവില്‍ നമ്മുക്ക് ലഭ്യമല്ലതാനും. താരതമ്മ്യേന ഏറെ കല്‍ക്കരി ലഭ്യതയുള്ള ചൈനയില്‍, ഇത്തരം താപനിലയങ്ങള്‍ മൂലമുള്ള അന്തരീക്ഷ മലിനീകരണം ആശങ്കയുളവാക്കുന്ന തരത്തിലാണ്. ആകയാല്‍ ചൈനയും വന്‍ തോതില്‍ ആണവോര്‍ജ്ജം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അമേരിക്കയുമായി തന്നെ ആണവകരാറില്‍ ഏര്‍പ്പെടാന്‍ റഷ്യക്കൊപ്പം ചൈനയും ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

പ്രത്യക്ഷത്തില്‍ ആണവോര്‍‌ജ്ജം എല്ലാത്തിനും പരിഹാരമാകുമെന്നും വിവക്ഷിക്കേണ്ടതില്ല. സാങ്കേതിക വിദ്യയ്ക്കും യുറേനിയം തുടങ്ങി ആണവ നിലയത്തിനാവശ്യമായ ഘടകങ്ങള്‍ക്കും നാം സ്വയം പരിയാപ്തമല്ല. അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെടുന്നത് വഴി പല കടമ്പകളും കടന്ന് കിട്ടും എന്നാണ് പ്രതീക്ഷക്കുന്നത്. പൊക്രാന്‍ പരീക്ഷണത്തെ തുടര്‍ന്നുള്ള വിലക്കുകള്‍ നീങ്ങികിട്ടുകയും, അത് വഴി ആണവനിലയങ്ങള്‍ക്ക് ആവശ്യമായവ എവിടെ നിന്നും ലഭ്യമാക്കാം എന്നൊരു സവിശേഷതയുണ്ട്. ഇന്ത്യയില്‍ ലഭ്യമായ തോറിയം ആണവ ഇന്ധനമാക്കിയിട്ടുള്ള ഫാസ്റ്റ് ബ്രീഡര്‍ റീയാക്ടറുകള്‍ക്കും ആദ്യ സ്റ്റേജില്‍ സമ്പുഷ്ടിത യുറേനിയം വേണം. ഫാസ്റ്റ് ബ്രീഡര്‍ റീയാക്ടറുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ പ്രാപ്തമാകുന്നത് വരെ നമ്മുക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ നിവര്‍ത്തിയില്ല.

അടുത്ത ഇരുപത് വര്‍ഷങ്ങള്‍‌ക്കുള്ളില്‍ ഇന്ത്യയുടെ ഊര്‍ജ്ജോല്‍പ്പാദന ശേഷി ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കേണ്ടി വരും.വര്‍‌‌ദ്ധിച്ചു വരുന്ന ഊര്‍‌ജ്ജാവശ്യങ്ങള്‍ക്ക് വേണ്ടി സൌരോജ്ജം, കാറ്റ്, തിരമാല, ജൈവ ഇന്ധനം തുടങ്ങിയ പാരമ്പര്യേതര ഊര്‍ജ്ജ ഉറവിടങ്ങളും നിലവിലുള്ള സ്രോതസുകള്‍ക്കൊപ്പം തന്നെ ഉപയോഗിക്കേണ്ടതുണ്ട്. അതല്ലാതെ ആണവ നിലയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ കല്‍ക്കരിനിലയമാണ് നല്ലതെന്നും, കല്‍ക്കരിനിലയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഗ്യാസതീഷ്ടിത താപനിലയമാണ് നല്ലതെന്നോ, ജലവൈദ്യുത നിലയത്തില്‍ നിന്ന് വൈദ്യുതി വെറുതെ കിട്ടുമെന്നോ പറയാതെ സാദ്ധ്യമായ എല്ലാ സങ്കേതങ്ങളും ചൂഷണം ചെയ്യുകയേ നിവര്‍ത്തിയുള്ളു.

കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വേണ്ടി ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന് പറഞ്ഞ്, രണ്ട് എം‌പിമാര്‍ മാത്രമുണ്ടായിരുന്ന കക്ഷിയെ തോളിലേറ്റികൊണ്ട് നടന്ന് രാജ്യത്തെ ഏറ്റവും വലിയ കക്ഷികളിലൊന്നാക്കിയിട്ട് ഇപ്പോള്‍ ആ കക്ഷിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനായി കോണ്‍ഗ്രസ്സിനെ താങ്ങേണ്ട സ്ഥിതി വിശേഷമാണ് ഇടത് പക്ഷത്തിന് വന്നിട്ടുള്ളത്. ഇവരുടെ അമേരിക്കവിരോധം അത്തരം വൈരുദ്ധ്യങ്ങള്‍ക്ക് ഇടയാക്കാതിരിക്കട്ടെ എന്ന് ആശിക്കാം!.

Links:
Three Dimensional approach to Energy Independence: By Dr.APJ Abdulkalam
11 myths that make nuclear deal unclear
Make or Break: Times of India Editorial
Why India should opt for nuclear power

Monday, 23 June 2008

തിരുവനന്തപുരം കോര്‍‌പ്പറേഷന്‍ ഉണരുന്നു

പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനെന്നവണ്ണം വികേന്ദ്രീക്രിത മാലിന്യ സംസ്കരണത്തിന് ശ്രമമാരംഭിച്ചിരിക്കുന്നു. അതിന്റെ ഗുണഫലമറിയാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും, എന്തെന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമില്ലാത്ത ഒരു സ്ഥാപനവുമായി ടൈ അപ്പ് ചെയ്തിരിക്കുന്നു - 5 ടണ്‍ ശേഷിയുള്ള സംസ്കരണ സംവിധാനത്തിന്റെ മോഡല്‍ നിര്‍മ്മിക്കാന്‍.

കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കട്ടെ, പക്ഷേ Anert-നോ, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കോ readymade solutions നല്‍കാന്‍ കഴിയാത്തതു കൊണ്ടാണോ ഇത്തരത്തിലൊരു നീക്കമെന്നറിയില്ല.

Saturday, 21 June 2008

വേസ്റ്റ് ഫ്രീ കൊച്ചി ഹൈജാക്ട്!

എറണാകുളം ജില്ലാ അധികാരികള്‍ Waste-Free Kochi (http://www.wastefreekochi.blogspot.com/) എന്നൊരു ബ്ലോഗ് തുടങ്ങി എന്ന വാര്‍ത്ത കണ്ടാണ് ആ ബ്ലോഗ് സൈറ്റിലേക്ക് പോയത്. ആ സൈറ്റില്‍ കണ്ടത് ഇതാണ്.
























സൈറ്റ് ഹാക്ക് ചെയ്തതല്ല, സൈറ്റ് റെജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയ ‘പോഴത്തരം’ എടുത്ത് കാണിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നും, ഒന്ന് രണ്ട് ദിവസത്തിനകം domain release ചെയ്തു കൊള്ളാമെന്നും ഇപ്പോള്‍ സൈറ്റ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്ന ‘സ്റ്റുപ്പിഡ്’ പറയുന്നു. :-)

ശരിയായ ഹോംവര്‍ക്ക് ചെയ്യാതെയാണ് ഇതിനൊക്കെ ഇറങ്ങിത്തിരിക്കുന്നത് എന്നുള്ളതിന് മറ്റൊരു ദൃഷ്ടാന്തം. :-(

ഇവനെയൊക്കെ തെരച്ചിവാലിന് അടിച്ചാലും പോര!

Thursday, 19 June 2008

ഇവനെയൊക്കെ തെരച്ചിവാല്‍ കൊണ്ട് അടിക്കണം

കൊച്ചി എത്തി അളിയാ - കൊച്ചിയിലെ മാലിന്യ ദുര്‍ഗന്ധത്തെ വിളിച്ചറിയിക്കുന്ന ഒരു സിനിമാ ഡയലോഗ്. ദുര്‍ഗന്ധം കൊച്ചിയെ വിട്ടൊഴിയില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
തിരുവന്തപുരത്തെ വിളപ്പില്‍ശാലയില്‍ നിന്ന് പാഠം (Getting Sweet Curd from Spoilt Milk?) ഉള്‍ക്കൊള്ളാതെയാണ് ബ്രഹ്മപുരം പ്ലാന്റ്മായി മുന്നോട്ട് പോകുന്നത് എന്ന് വാര്‍‌ത്ത.

കുറിഞ്ഞി ഓണ്‍‌ലൈന്‍ നിര്‍ദ്ദേശിച്ച 'ആരോബയോ' സങ്കേതമോ, വികേന്ദ്രീക്രിത ബയോഗ്യാസ് പ്ലാന്റുകളോ ആയിരുന്നു അഭികാമ്യം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നതാണ് ഇവിടെയും സംഭവിക്കുന്നത്. അന്താരാഷ്ട്ര അംഗീകാരം നേടിയ ബയോഗ്യാസ് സാങ്കേതിക വിദ്യ നമുക്കുണ്ടെങ്കിലും, വിളപ്പില്‍ശാലയില്‍ സംഭവിച്ചതു പോലെ കോര്‍‌പ്പറേഷന്‍ ഉദ്യോഗസ്ഥരുടെയും മറ്റും വ്യക്തിഗത താല്‍‌പര്യങ്ങള്‍ പ്രബലമായി എന്ന് അനുമാനിക്കാം.

മാര്‍ക്കറ്റുകളിലും മറ്റും ചുരുങ്ങിയ സ്ഥലപരിമിതിയില്‍ ദിവസങ്ങള്‍‌ക്കുള്ളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്നിരിക്കേ, ചവര്‍കൂനകള്‍ ട്രക്കുകളില്‍ (അതും തുറന്ന ട്രക്കുകളില്‍) കയറ്റി കിലോമീറ്ററുകള്‍ അകലെ കൊണ്ടുപോകേണ്ട ആവശ്യമില്ല. അവിടെയും ബയോഗ്യാസിന്റെ കാര്‍‌ബണ്‍ ക്രെഡിറ്റ് മൂല്യവും ഊര്‍‌ജ്ജോല്‍പ്പാദന സാദ്ധ്യതയും ഉപയോഗപ്പെടുത്തുന്നില്ല.

Sunday, 15 June 2008

സുരേഷ്ഗോപിയെ വിളിക്കു, അടുത്ത തലമുറയെ രക്ഷിക്കു

സുരേഷ്ഗോപി, ദിലീപ് തുടങ്ങിയവരുടെ ടിവിയിലൂടെ അഭ്യര്‍ത്ഥന വഴി വൈദ്യുതി ബോര്‍ഡിന് പീക്ക് ലോഡ് കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് വാര്‍ത്ത.

പെട്രോളിയത്തിന്റെ ഉപഭോഗം കുറയ്ക്കാനും ഇതുപോലുള്ള അഭ്യര്‍ത്ഥനകള്‍ നടത്തേണ്ടിയിരിക്കുന്നു. ഇന്നത്തെ നിലയില്‍ പെട്രോളിയം ഇനി ഏകദേശം 30 വര്‍ഷത്തേക്ക് മാത്രമേ അവശേഷിക്കുന്നുള്ളു. പെട്രോളിയം ഉല്പന്നങ്ങളുടെ മേലുള്ള സബ്സിഡി എക്കാലവും നിലനിര്‍ത്താന്‍ കഴിയില്ല.

ആയതിനാല്‍, നിലവിലുള്ള ഉപഭോഗം കുറയ്ക്കേണ്ടതും പകരം സ്രോതസ്സുകള്‍ ഉടനെ തന്നെ ഉപയോഗപ്പെടുത്തേണ്ടതും ആവശ്യമായി വന്നിരിക്കുന്നു. ഇത് എങ്ങനെ ചെയ്യാമെന്ന് ഇവിടെ പരിശോധിക്കുന്നു.

ഓയില്‍ വിലവര്‍‌ദ്ധന നല്ലതിനോ?

Wednesday, 14 May 2008

ജൈവ ഇന്ധനം: സോയബീന്‍ Vs പായല്‍ (duckweed)

സോയബീനും മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ജൈവ ഇന്ധന പദ്ധതികള്‍‌ക്കായി തിരിച്ചു വിടുന്നതിന്റെ ഭവിഷ്യത്തിനെ കുറിച്ച് നാം വ്യാകുലരാണ്. ഈ അവസരത്തില്‍ പായല്‍ പോലെ വളരുന്ന ചെറിയ ജലസസ്യത്തിന്റെ സാദ്ധ്യതയെ കുറിച്ച് ഒരു വിശകലനം ഇവിടെ വായിക്കാം.

Tuesday, 19 February 2008

ഇതാണോ ജനാധിപത്യം?

തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ കോരി ചൊരിയുകയും, പ്രതിപക്ഷത്ത് നിന്ന് എന്തിനേയും ഏതിനേയും എതിര്‍ക്കുകയും ചെയ്തിട്ട് ഭരണത്തിലേറുമ്പോള്‍ തന്‍ കാര്യം മുഖ്യമെന്ന് കരുതുന്ന നേതാക്കാളും പാര്‍‌ട്ടികളുമുള്ള സംവിധാനത്തെ ജനാധിപത്യമെന്ന് എങ്ങനെ വിളിക്കും? ഇവിടെ ജനങ്ങള്‍‌ക്കുള്ള പങ്ക് എന്താണ്. വോട്ട് ചെയ്തതിന് ശേഷം കണ്ണും, കാതും മൂടിവെച്ച് അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുക, അത്ര മാത്രം.

ഭരണത്തിന്റെ മധുരം നുകരാന്‍ വേണ്ടി ഏതറ്റം വരെ പോകാനും മടിയില്ലാത്ത ഒരു പറ്റം നേതാക്കളാണ് നമ്മുക്കുള്ളത്. കള്ളപ്പണക്കാരുടെ താളത്തിന് തുള്ളുന്ന ഇത്തരക്കാരെ തുരത്താന്‍ ജനത്തിന് കഴിയുമോ?

കാരണം തിരഞ്ഞെടുപ്പ് ചിലവ്

ഇതിന്റെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ നാം ചെന്നെത്തുന്നത് തിരഞ്ഞെടുപ്പിനു വേണ്ടിവരുന്ന ഭീമമായ ചിലവിലേക്കും, അത് തൊടുത്തുവിടുന്ന അഴിമതിയുടെ അവസാനിക്കാത്ത ശൃംഗലയിലേക്കാണ്. ലക്ഷക്കണക്കിന് രൂപ ചിലവാക്കി സ്ഥാനാര്‍ത്ഥികളും പാര്‍‌ട്ടികളും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെങ്ങനെ? പണച്ചാക്കുകളില്‍ നിന്ന് സംഭാവനയായും, അഴിമതിയിലൂടെയും. രണ്ടും നാടിന് ദോഷകരം. (വിശദമായി ഇവിടെ).


തിരഞ്ഞെടുപ്പ് ചിലവ് കുറയ്ക്കാന്‍ കഴിയുമോ?

ഒരു ദ്വിതല സംവിധാനം വഴി ചിലവ് കുറയ്ക്കാം. ഇപ്പോഴുള്ള നിയമസഭ / പാര്‍‌ലിമെന്റ് നിയോജക മണ്ഡലങ്ങള്‍ 500 മുതല്‍ 1000 ഉപമണ്ഡലമായി വിഭജിച്ച്, ഓരോ ഉപമണ്ഡലത്തില്‍ നിന്നും ഓരോ പ്രതിനിധിയെ ജനങ്ങള്‍ തിരഞ്ഞെടുക്കണം. ഈ പ്രതിനിധികള്‍ അവരുടെയിടയില്‍ നിന്നോ അല്ലാതെയോ എം‌പി/എമ്മെല്ലേയെ തിരഞ്ഞെടുക്കുക.

പ്രതിനിധികളെ തിരിച്ചുവിളിക്കാം

ഉപമണ്ഡല പ്രതിനിധികള്‍ സ്ഥിരമായി ഒത്തുചേര്‍ന്ന് മണ്ഡലതില്‍ ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങളും, അത് വരെയുള്ളതിനെ വിലയിരുത്തകയും ചെയ്യാം. വിലയിരുത്തലില്‍ മണ്ഡല പ്രതിനിധിയുടെ പ്രവര്‍ത്തനം പോരാ എന്ന് തോന്നിയാല്‍, അയാളെ തിരിച്ച് വിളിച്ച് പകരം ഒരാളെ തിരഞ്ഞെടുക്കാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ അടുത്തറിയാന്‍ സമയവും സന്ദര്‍ഭവും ലഭിക്കും.

ഇതു വഴി കിട്ടാവുന്ന മറ്റ് പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്നറിയാന്‍, ഇവിടെ നോക്കുക.

Monday, 18 February 2008

സ്വകാര്യ ബസ്സുകളുടെ ഭാവി

ബ്ലൂലൈന്‍ ബസ്സുകള്‍ എന്ന പേരില്‍‌ അറിയപ്പെടുന്ന പ്രൈവറ്റ് ബസ്സുകളെ ഡെല്‍‌ഹി റോഡുകളില്‍ നിന്ന് അടുത്ത വര്‍ഷത്തോടെ ഒഴിവാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ഡെല്‍‌ഹി ട്രാന്‍‌സ്പോര്‍‌ട്ട് മന്ത്രി. നൂറ് ബസ്സുകളെങ്കിലും കൈവശമുള്ള കമ്പനികള്‍‌ക്കോ, സൊസൈറ്റികള്‍‌ക്കോ മാത്രമേ ഇനി പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയുള്ളു. ഡെല്‍‌ഹി ഹൈകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബ്ലൂലൈന്‍ ബസ്സുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

കേരളത്തിലും ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ട സ്ഥിതിവിശേഷമാണ് നിലനില്‍‌ക്കുന്നത്. ബസ്സ് റൂട്ടുകള്‍ പുതുക്കാന്‍ സാധിക്കാതെ വരുന്നതിനു മുമ്പ്, മറ്റൊരു പോസ്റ്റില്‍ നിര്‍‌ദ്ദേശിച്ചിരുന്നത് പോലെ നിലവിലുള്ള ബസ്സ് സര്‍‌വീസുകള്‍ കൂട്ടിചേര്‍ത്ത് കമ്പനി രൂപീകരിക്കുന്നതായിരിക്കും ഉത്തമം.

Tuesday, 12 February 2008

LPG ക്ക് ഒപ്പം ബയോഗ്യാസ് ഉപയോഗിക്കരുതോ?

LPG ദുര്‍ലഭമായ ഈ സമയത്ത്, ബയോഗ്യാസ് കൂടി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അടുക്കളയിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ മാത്രം ഉപയോഗിച്ചാലും പകുതിയോളം LPG ലാഭിക്കാമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇതു വഴി അടുക്കള മാലിന്യങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം അതില്‍‌നിന്ന് പാചക ഇന്ധനവും, മെച്ചപ്പെട്ട വളവും ലഭിക്കുന്നതാണ്.

റെസ്റ്റാറന്റ്കളും ക്യാന്റീനുകളും ഇവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍‌ ഇവിടെ

ഇവിടെയും
The Hindu: Better waste treatment starts at home
The Hindu: Leading the way to ‘green energy’

Saturday, 26 January 2008

സ്വകാര്യബസ്സുകളുടെ മത്സര ഓട്ടം എങ്ങനെ ഒഴിവാക്കാം?

മരിക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ലല്ലോ...ഇവര്‍ അതിവേഗതയില്‍ പായുന്നത്‌...ജീവിത പ്രശ്‌നമാണ്‌...ഒന്നോ..രണ്ടോ..മിനുട്ടിന്റെ വ്യത്യാസത്തിലാണ്‌ ഇവിടെ റൂട്ടുകള്‍ അനുവദികുന്നത്‌...

മറ്റോരു ബ്ലോഗില്‍ ജീവനെടുക്കുന്ന ടിപ്പര്‍ ലോറികളും സ്വകാര്യബസ്സുകളും എന്ന പോസ്റ്റില്‍ മന്‍സുര്‍ എഴുതിയ കമെന്റാണ് മുകളില്‍.

സഞ്ചരിക്കാന്‍ യാത്രക്കാരുള്ളത്‌ കൊണ്ടാണല്ലോ, ബസ്സ് മുതലാളിമാര്‍ റൂട്ടുകള്‍ വാങ്ങുന്നത്. അതു കൊണ്ട് ട്രിപ്പുകളുടെ എണ്ണം കുറയ്ക്കുന്നത് ഗുണകരമല്ല - ഉള്ള ബസ്സുകള്‍ പരമാവധി യാത്രക്കാരെ കുത്തിനിറയ്ക്കാന്‍ ഇടയാക്കും.

എങ്ങനെ സ്വകാര്യബസ്സുകളുടെ മത്സര ഓട്ടം ഒഴിവാക്കാമെന്നാണ് നാം ചിന്തിക്കേണ്ടത്. നിലവിലുള്ള ബസ്സ് സര്‍‌വീസുകള്‍ കൂട്ടിചേര്‍ത്ത് ഒന്ന് അല്ലെങ്കില്‍ രണ്ട് കമ്പനിയാക്കുക (മറ്റൊരു ബ്ലോഗില്‍ വിശദമായി എഴുതിയിരുന്നു). ഇങ്ങനെ ചെയ്താലുള്ള ഗുണങ്ങള്‍ നമുക്ക് പരിശോധിക്കാം.

1. ബസ്സുമുതലാളിമാരുടെ ഉറക്കമില്ലായ്മക്ക് പരിഹാരം

ബസ്സുമുതലാളിമാര്‍ അവരവരുടെ പക്കലുള്ള ബസ്സുകളുടെ മൂല്യമനുസരിച്ച് കമ്പനി ഷേയര്‍ കൈവശപ്പെടുത്തി, അതില്‍ നിന്നുള്ള ലാഭവിഹിതം വാങ്ങി സ്വസ്ത്ഥമായി ഇരിക്കാം -ദൈനംദിന പ്രശ്നങ്ങള്‍ പ്രൊഫഷണല്‍ മാനേജ്മെന്റിന് വിട്ടുകൊടുക്കാം. പ്രവര്‍ത്തന ചിലവുകള്‍ കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കാം, പരസ്യങ്ങളില്‍ കൂടിയും മറ്റും അധിക വരുമാനം കണ്ടെത്താം.

2. ബസ്സുജീവനക്കാര്‍‌ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം.

ജീവനക്കാര്‍‌ക്ക് പ്രധാനമായും മറ്റ് ബസ്സുകളിലെ ജീവനക്കാരുമായുള്ള കലഹം ഒഴിവാക്കാം, മെച്ചപ്പെട്ട വേതനത്തിനും തൊഴില്‍ ഭദ്രതയ്ക്കും സാദ്ധ്യത.

3. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം

ബസ്സ് ഷെഡ്യൂളുകള്‍ യുക്തിസഹമാക്കാം - ഉദാഹരണത്തിന് തിരക്കുള്ള സമയത്ത് കൂടുതല്‍ ബസ്സുകള്‍, തിരക്ക് കുറഞ്ഞ റൂട്ടുകളിലും രാത്രി ഷെഡ്യൂളുകളും മുടങ്ങാതെ നോക്കാം.
ജീവനക്കാരില്‍ നിന്ന് മെച്ചപ്പെട്ട സഹകരണം പ്രതീക്ഷിക്കാം.

4. കൂടുതല്‍ അടിസ്ഥാന സൌകര്യ വികസനം

റോഡ് വികസനത്തിലും മറ്റ് അടിസ്ഥാന സൌകര്യ വികസനത്തിലും കൂടുതല്‍ മുതല്‍മുടക്കാന്‍ ഇത്തരത്തിലുള്ള കമ്പനിക്ക് സാധിക്കും - അത് വഴി നാടിന് അധിക ഗുണം ലഭിക്കും.

Thursday, 3 January 2008

പ്രഖ്യാപനങ്ങള്‍ മാത്രം പോരാ

സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു - ട്രാഫിക് നിയമലംഘനത്തിന് പിഴ ശിക്ഷ ഉയര്‍ത്തുമെന്ന്.

നിലവിലുള്ള അംഗബലം വച്ചു കൊണ്ട് പോലീസ് സേനയ്ക്ക് കാര്യക്ഷമമായി ട്രാഫിക് നിയമപരിപാലനം അസാദ്ധ്യമായിരിക്കെ, ഇത്തരം പ്രഖ്യാപനങ്ങള്‍‌ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നില്ല. കൂടുതല്‍ ടെക്നോളജി ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ ട്രാഫിക് നിയമലംഘനം ഫലപ്രദമായി കുറയ്ക്കാന്‍ കഴിയുകയുള്ളു.

മെച്ചപ്പെട്ട പബ്ലിക്ക് ട്രാന്‍‌സ്പോര്‍‌ട്ട് ഒരു പരിധി വരെ ഗതാഗത തിരക്ക് കുറയ്ക്കാന്‍ സഹായിക്കും. പാര്‍ക്കിങ്ങിനും ഫുട്പാത്തിനും മതിയായ പ്രാധാന്യം കിട്ടുന്നില്ല.

റോഡ് അപകടങ്ങളുടെ സോഷ്യല്‍ കോസ്റ്റ്, നാം കരുതുന്നതിലും എത്രയോ അധികമാണ്.