Thursday, 10 July, 2008

നിയമ വ്യവസ്ഥിതിയും സാങ്കേതികവിദ്യയും

സുസജ്ജമായ പൊലീസ് സേനയുണ്ടെങ്കിലും കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്ന് മുഖ്യമന്ത്രി.

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ധാരാളം പഴുതുകള്‍ ഉള്ളിടത്തോളം കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് പ്രതീക്ഷിക്കേണ്ട. പോരാത്തതിന് കുറ്റവാളികള്‍ക്ക് ഒത്താശ ചെയ്യാന്‍ പൊലീസ്‌കാര് തന്നെയുണ്ടെങ്കില്‍ സ്ഥിതി എന്തായിരിക്കും.

കുറ്റകൃത്യങ്ങള്‍ക്കെതിരെ സാധാരണക്കാരന്‍ പരാതിയുമായി ചെന്നാല്‍ ‘മോളീന്ന്‘ വിളിവരികയും കുറ്റക്കാര്‍ക്ക് നേരെ നടപടിയുണ്ടാകില്ലെന്ന് മാത്രമല്ല, വാദിയെ പ്രതിയാക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. പരാതികള്‍, സത്യവാങ്ങ്മൂലങ്ങള്‍, പ്രഥമ റിപ്പോര്‍ട്ടുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലുള്ള തെളിവുകള്‍ തുടങ്ങിയവ രായ്ക്ക്‍‌രാമാനം തിരുത്തപ്പെടുകയോ മാറ്റിമറിക്കുകയോ ചെയ്യാറുണ്ട്. ഇതെല്ലാം പൊലീസിന്റെ വിശ്വാസിയതയെ തകര്‍ത്തിട്ടുണ്ട്.

പൊലീസിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുന്ന തരത്തില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താവുന്നതാണ്. പൊലീസ് സ്റ്റേഷനുള്ളിലെ എല്ലാ ക്രയവിക്രിയങ്ങളും ഓണ്‍‌ലൈനായി റിക്കോര്‍ഡ് ചെയ്ത് ഉന്നതാധികാരികള്‍ക്കും ജഡ്ജിമാര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങി മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും അപ്പപ്പോള്‍ വിവരങ്ങള്‍ ലഭിക്കത്തക്ക രീതിയില്‍ വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. അത്യാവശ്യം വേണ്ടി വരുന്ന തിരുത്തലുകള്‍, കാര്യകാരണസഹിതം ചെയ്താല്‍ അഴിമതിക്കുള്ള പഴുത് അടയും.

അനന്തമായി കോടതികളില്‍ കയറിയിറങ്ങേണ്ടി വരുന്ന സ്ഥിതി ഓര്‍ത്തിട്ടാണ് പലരും പരാതികളില്ലാതെ പലതും സഹിക്കാന്‍ തയ്യാറാകുന്നത്. ഈ സ്ഥിതിവിശേഷം മുതലെടുത്ത് അതിക്രമങ്ങള്‍ കൂടിവരികയും സാധാരണക്കാരന് നിയമം കൈയിലെടുക്കേണ്ട നിലയും വരുന്നു (സിനിമകള്‍ പൊതുവേ ഈ ആശയമാണ് - നിയമം കൈയിലെടുത്തെങ്കില്‍ മാത്രമേ രക്ഷയുള്ളുവെന്ന് - നായകന്മാരിലൂടെ ജനങ്ങളില്‍ കുത്തിവെയ്ക്കുന്നത്). വിവര സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ കോടതികളും പരമാവധി ഉപയോഗപ്പെടുത്തി നീതിതേടി കോടതികളുടെ പരിഗണനയിലിരിക്കുന്ന കേസ്സുകള്‍ കാലതാമസമില്ലാതെ തീര്‍പ്പാക്കുകയാണെങ്കില്‍ തന്നെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ് കിട്ടും.

ട്രാഫിക്ക് സിഗ്നല്‍ ലൈറ്റുകള്‍, സ്പീഡ് ക്യാമറകള്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് വഴി ഗതാഗത നീക്കം സുഗമമാക്കുന്നതോടൊപ്പം, ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കുന്ന പൊലീസുകാരുടെ എണ്ണം കുറയ്ക്കാനും കഴിയും. നഗരങ്ങളിലെല്ലാം പാര്‍ക്കിങ്ങ് സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ മാത്രമായി പ്രത്യേക വിഭാഗം രൂപികരിക്കുകയും ഫൈനുകളും മറ്റും ആധുനിക കമ്മൂണിക്കേഷന്‍ സംവിധാനങ്ങള്‍ വഴി അപ്പപ്പോള്‍ രേഖപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ അത്തരം വിവരങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കി നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നുള്ളത്കൊണ്ട് ഗതാഗത കുരുക്ക് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും.

ബസ്‌ സ്റ്റേഷന്‍ പോലുള്ള പൊതുസ്ഥലങ്ങളിലും, ഉല്‍സവം, ജാഥ തുടങ്ങി ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഇടങ്ങളിലും വ്യാപകമായി വീഡിയോ സര്‍വെയിലന്‍സ് ഏര്‍പ്പെടുത്തുക വഴി പോക്കറ്റടി, അക്രമം തുടങ്ങിയവ നിരുത്സാഹപ്പെടുത്താവുന്നതാണ്.

4 comments:

Namaskar said...

സുസജ്ജമായ പൊലീസ് സേനയുണ്ടെങ്കിലും കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്ന് മുഖ്യമന്ത്രി.

ആധുനിക സാങ്കേതികവിദ്യയ്ക്ക് ഇക്കാര്യത്തില്‍ എന്ത് സംഭാവന ചെയ്യുവാന്‍ കഴിയുമെന്ന് ഒരു ചെറു അവലോകനം.

Namaskar said...

Surveillance cameras to be installed in Kozhikode

Namaskar said...

Police start trial run of surveillance cameras

Namaskar said...

കുറ്റവാളികള്‍ ജാഗ്രതൈ! പൊലീസിന് ഒളിച്ചുനോക്കാന്‍ രഹസ്യ കാമറകള്‍ വരുന്നു