Sunday 7 March, 2010

പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് മോചനം

പ്ലാസ്റ്റിക് നിരോധനം ഫലവത്തായില്ലെന്നും, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗത്തിന് കുടുമ്പശ്രീ തലത്തില്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്നും.

From budget speech:
"Plastic waste has become a major threat to the environment and to cleanliness. Plastic ban has not been effective. It is proposed to set up small scale units in all Block Panchayats and Municipalities to convert plastic waste into pellets. Rs.10 crore required for this purpose would be met by Suchitwa Mission and Kudumbasree. It is expected that each unit would provide employment to 10 to 15 women." 



പ്ലാസ്റ്റിക് പുനരുപയോഗത്തെക്കുറിച്ച് മുന്‍പ് ഇട്ട പോസ്റ്റുകള്‍:

Thursday 25 February, 2010

വൈദ്യുതി: ‘സ്വകാര്യ‘വല്‍ക്കരണം ത്വരിതപ്പെടുന്നു

പവര്‍കട്ടുകള്‍ക്കും ട്രാന്‍സ്മിഷന്‍ നഷ്ടങ്ങള്‍ക്കും 'പേരുകെട്ട' വൈദ്യുതി വിതരണ ശൃംഗലകള്‍ക്ക് ഇനി വിടപറയാം. 

പുകയും കരിയുമില്ലാതെ വീട്ടില്‍ തന്നെ വൈദ്യുതി ഉല്‍‌പ്പാദിപ്പിക്കാന്‍ കഴിയുന്ന ബ്ലൂം ബോക്സ് ആണ് താരം. ഇന്ധനം 'കത്തിക്കാതെ' വളരെ കാര്യക്ഷമമായി 24/7/365 പ്രവര്‍ത്തിപ്പിക്കാവുന്ന ഫ്യുവല്‍ സെല്ലാണ് മദ്രാസിയായ പഴയ നാസ റോക്കറ്റ് ശാസ്ത്രജ്ഞന്‍ ഡോ: കെ ആര്‍ ശ്രീധറിന്റെ ബ്ലൂം എനര്‍ജി കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഒരു ബ്രഡ്ഡിന്റെ വലിപ്പമുള്ള പെട്ടിയില്‍ നിന്ന് 3-4 ഇന്ത്യന്‍ വീടുകള്‍ക്കാവശ്യമായ വൈദ്യുതി ഉല്‍‌പ്പാദിപ്പിക്കാന്‍ കഴിയുമെന്നും, പ്രകൃതിവാതകമോ ബയോഗ്യാസോ ഇതില്‍ ഉപയോഗിക്കാമെന്നും അവകാശപ്പെടുന്നു. ഗൂഗിള്‍, ഈബേ തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വേണ്ടി ചിലവ് കുറഞ്ഞ മോഡലുകള്‍ പത്ത് വര്‍ഷത്തിനകം പുറത്തിറക്കാന്‍ കഴിയുമെന്നും പറയുന്നു.

Sunday 10 January, 2010

ബസ് ചാര്‍‌ജ്ജ്: ലാലുവിനെ കണ്ട് പഠിക്കാം

യാത്രാക്കൂലിയും ചരക്ക് കൂലിയും വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിമാത്രമാണ് റെയില്‍‌വേ ബജറ്റ് അവതരിപ്പിക്കുന്നതെന്നുള്ള നമ്മുടെ ധാരണമാറ്റിയത് 'പ്രൊഫസര്‍' ലാലുപ്രസാദാണ്. റെയില്‍‌വേ ബജറ്റ് സാധാരണക്കാരന്റെ നടുവൊടിക്കുമെന്നും, ഇതിനെത്തുടര്‍ന്നുള്ള വിലക്കയറ്റം കാരണം ജനം പൊറുതിമുട്ടുമെന്നൊക്കെയുള്ള സ്ഥിരം പല്ലവികള്‍ നാം മുന്‍പ് കേട്ടിരുന്നു. ഈ 'കീഴ്വഴക്കം' മാറ്റി, കൂലികള്‍ കുറച്ചും റയില്‍‌വേയെ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാമെന്ന് ലാലുപ്രസാദ് - സുധീര്‍ കുമാര്‍ ടീം കാട്ടിത്തന്നു. രാജ്യത്തെ റയില്‍‌പാളത്തില്‍ കൂടി ട്രയിന്‍ ഓടിക്കുന്നത് ഇന്ത്യന്‍ റയില്‍‌വേയുടെ കുത്തകയാണെങ്കിലും ചരക്കു ഗതാഗതത്തിലും യാത്രക്കാരെ നീക്കുന്നതിലുമുള്ള കുത്തക നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‍ മനസ്സിലാക്കി അതിനു വേണ്ടുന്ന തിരുത്തല്‍ നടപടികളെടുക്കുകയും ഓരോ ട്രയിനില്‍ നിന്നുമുള്ള വരുമാനം പരമാവധി വര്‍ദ്ധിപ്പിക്കുവാനും (faster, heavier & longer trains, reduced wagon turnaround time, etc) പാഴ്ചിലവുകള്‍ കുറയ്ക്കാനും പരസ്യവരുമാനം വര്‍ദ്ധിപ്പിക്കാനുമൊക്കെ കഴിഞ്ഞതിന്റെ ഫലമായാണ് യാത്രാക്കൂലി കുറച്ചുകൊണ്ട് 'ലാലുമാജിക്' സാദ്ധ്യമായത്. 

റോഡ് ഗതാഗതത്തിലും സമാനമായ നടപടികള്‍ എടുക്കാവുന്നതല്ലേ? എന്തുകൊണ്ട് കൂടുതല്‍ ആള്‍ക്കാര്‍ സ്വകാര്യവാഹനങ്ങളെ, പ്രത്യേകിച്ചും ടൂവീലറുകളെ ആശ്രയിക്കുന്നു? (അതിനാല്‍ അപകടങ്ങളും കൂടുന്നു) അയല്‍ സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുമ്പോഴും, യാത്രക്കാരെ കുത്തിനിറച്ചുകൊണ്ട് പോകുന്ന ബസ്സുകള്‍ എന്തുകൊണ്ട് നഷ്ടത്തിലാവുന്നു? ബസ് സര്‍വീസുകള്‍ക്ക് യാത്രാക്കൂലി കൂടാതെ വരുമാന മാര്‍ഗങ്ങള്‍ എന്തൊക്കെ, പ്രവര്‍ത്തനചെലവ് കുറയ്ക്കാന്‍ വഴികള്‍ ഏതൊക്കെ? 

സ്വകാര്യബസ്സുകളുടെ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാമെങ്കില്‍ തന്നെ പാഴ്ചിലവുകള്‍ പലതും കുറയ്ക്കാന്‍ കഴിയും. ബസ്സുകളുടെ മത്സരപ്പാച്ചിലാണ് പല അപകടങ്ങള്‍ക്കും കാരണമെന്ന് പറയേണ്ടതില്ലല്ലോ, കൂടാതെ കുറഞ്ഞ ഇന്ധനക്ഷമത, ടയറുകളുടേയും മറ്റ് സ്പേയര്‍ പാര്‍‌ട്ട്സിന്റെയും അധിക തേയ്മാനം തുടങ്ങി അധികചിലവുകളുടെ ഒരു നീണ്ടലിസ്റ്റ് ഉണ്ടാവും. റൂട്ടുകള്‍ നേടുന്നതിനുള്ള അഴിമതി, മുടക്കുമുതല്‍ കണ്ടെത്തുന്ന ഹയര്‍പര്‍ച്ചേസ് സ്കീമുകളിലെ പലിശ, അങ്ങനെ എല്ലാ ബാദ്ധ്യതകളും യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഈ മരണപാച്ചിലില്‍പ്പെട്ട് നടുവൊടിക്കാമെന്നല്ലാതെ യാത്രക്കാര്‍ക്ക് നേട്ടമൊന്നുമില്ലതാനും. 

എന്താണ് പരിഹാരം?

എപ്പോഴും ഭിന്നിച്ചുനില്‍ക്കുകയും യാത്രാനിരക്ക് വര്‍ദ്ധപ്പിക്കുന്നതിന് വേണ്ടി മാത്രം ഒന്നിക്കുകയും ചെയ്യുന്ന എല്ലാ സര്‍വീസുകളേയും കൂട്ടിയോജിപ്പിച്ച് ഒന്നോ രണ്ടോ കമ്പനി രൂപീകരിക്കുകയാണ് ഇതിന് പരിഹാരം. സര്‍വീസുകളുടെ മേല്‍നോട്ടം പ്രൊഫഷണല്‍ മാനേജ്മെന്റുകളെ ഏല്‍പ്പിച്ചാല്‍ പ്രവര്‍ത്തനച്ചിലവ് കുറയ്ക്കാനും, യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാനും, ജീവനക്കാര്‍ക്ക് ഭേദപ്പെട്ട തൊഴില്‍ സാഹചര്യം സൃഷ്ടിക്കാനും, കൂടുതല്‍ അടിസ്ഥാന സൌകര്യ വികസനം നേടാനും സാധിക്കും.

വിശദമായി ഇവിടെ വായിക്കാം.
For an efficient public transport system in Kerala

Friday 1 January, 2010

ജലബോംബ്: മരണസംഖ്യ ലക്ഷം കവിഞ്ഞു

ഇന്നലെ നാടിനെ പിടിച്ചുലച്ച ‘മനുഷ്യനിര്‍മ്മിത‘ ദുരന്തത്തില്‍, ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്നതും വലുതുമായ അണക്കെട്ടുകളിലൊന്ന് പൊട്ടിത്തകര്‍ന്നതിനെത്തുടര്‍ന്നുള്ള കുത്തിയൊലിപ്പില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിട്ടുണ്ടെന്ന് ഔദ്ദ്യോഗിക വിലയിരുത്തല്‍. ഇത്രയും ജീവനാശത്തിന് പുറമെ, ഇതിനകം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടാകുമെന്ന് കരുതപ്പെടുന്നു. വരും ദിവസങ്ങളില്‍ മാത്രമേ ഇതിന്റെ ശരിയായ ചിത്രം അറിയുകയുള്ളു. ഈ വെള്ളപ്പാച്ചിലില്‍ ഇതിനു താഴെ ഏതാനും കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഡാം ഏതു നിമിഷവും തകര്‍ന്നേക്കുമെന്നുള്ള ആശങ്കയിലാണ് ജനങ്ങള്‍. ഇങ്ങനെ സംഭവിച്ചാല്‍ മരണസംഖ്യ ഇപ്പോഴറിഞ്ഞതിന്റെ അനേകമടങ്ങാകുമെന്ന് മാത്രമല്ല, ആ ഡാമിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുത പദ്ധതിയും തകരുന്നതോടെ ഈ പ്രദേശം മൊത്തമായി ഇരുട്ടിലേക്ക് നീങ്ങും.

കഴിഞ്ഞ നൂറ്റാണ്ടില്‍ ഇവിടുത്തെ നാട്ടുരാജാവിനെ ഭീഷണിപ്പെടുത്തി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ പാട്ടക്കരാറിന്റെ പിന്‍ബലത്തില്‍ തീര്‍ത്തും തുച്ചമായ ചിലവില്‍ ഈ അണക്കെട്ടില്‍ നിന്ന് അയല്‍ സംസ്ഥാനം വെള്ളം ചോര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു ടിഎംസി ക്ക് മൂന്ന് കോടി രൂപാനിരക്കില്‍ മറ്റൊരു സംസ്ഥാനത്ത് നിന്ന് അന്തര്‍‌സംസ്ഥാനജലം വാങ്ങിവരുന്ന ആ സംസ്ഥാനം, അണക്കെട്ട് നില്‍ക്കുന്ന സ്ഥലത്തിന് ആണ്ടുതോറും കേവലം രണ്ടരലക്ഷം രൂപ പാട്ടമായി നല്‍കി ഈ നാട്ടില്‍ ഉല്‍ഭവിച്ച് ഈ ഭൂപ്രദേശത്തുകൂടി ഒഴുകുന്ന 70 ടിഎംസി യിലധികം ജലമെടുത്ത് സഹസ്രകോടി രൂപാക്കണക്കില്‍ വൈദ്യുതോല്‍പ്പാദനവും കൃഷിയും നടത്തിവരികയായിരുന്നു (1 ടിഎംസി = 28.3 ദശലക്ഷം കിലോലിറ്റര്‍). ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ഡാമിന്റെ ബലത്തെക്കുറിച്ച് ആശങ്കപ്പെട്ട് പുതിയ ഡാമിനുവേണ്ടി മുറവിളി കൂട്ടിയിരുന്നപ്പോഴും ആ സംസ്ഥാനത്തിനു വെള്ളം കൊടുക്കാന്‍ തടസ്സം നില്‍ക്കാതിരുന്ന ഇവിടുത്തെ നാട്ടുകാര്‍ ഇനി ആ സംസ്ഥാനത്തേക്ക് ഇവിടെനിന്ന് ഒരു തുള്ളി വെള്ളമെങ്കിലും ഒഴുകാന്‍ അനുവദിക്കുമോ എന്ന് കണ്ടറിയണം. പുതിയ ഡാം പണിയുമ്പോള്‍ പഴയ പൊട്ടക്കരാറിന്റെ പിന്‍ബലത്തില്‍ നടത്തിവന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതി ഡാമിനെക്കുറിച്ചുള്ള കുപ്രചരണങ്ങളിലൂടെ അന്നാട്ടില്‍ പ്രാദേശിക വികാരം ആളിക്കത്തിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തിവന്ന അയല്‍സംസ്ഥാനത്തിലെ കണ്ണില്‍ച്ചോരയില്ലാത്ത രാഷ്ട്രീയനേതാക്കള്‍ക്കും ഉദ്ദ്യോഗസ്ഥര്‍ക്കുമെതിരെ കൂട്ടനരഹത്യയ്ക്ക് കേസ്സെടുക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി പ്രാദേശിക പാര്‍ട്ടികളാണ് ആ സംസ്ഥാനത്ത് മാറിമാറി ഭരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

മറ്റൊരു പ്രധാനപ്പെട്ട നീക്കത്തില്‍, ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കാലങ്ങളായി ബഹുമാനപ്പെട്ട കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, സമാനതകളില്ലാത്ത ഈ വന്‍ ദുരന്തത്തിലേക്ക് നയിച്ച കേന്ദ്ര ജലകമ്മീഷനിലേയും ജലവിഭവ മന്ത്രാലയത്തിലേയും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ വിചാരണ കൂടാതെ തൂക്കിലേറ്റാന്‍ കോടതി ഉത്തരവിറക്കി. ഇന്നത്തെ തലമുറയിലുള്ളവര്‍ കണ്ടിട്ടുകൂടിയില്ലാത്ത പഴഞ്ചന്‍ സാങ്കേതികവിദ്യ (ചുണ്ണാമ്പ്-സുര്‍ക്കിമിശ്രിതം) ഉപയോഗിച്ച് നിര്‍മ്മിച്ച ഈ അണക്കെട്ടിന്റെ ആയുസ്സ് അമ്പത് വര്‍ഷമാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക്മുന്‍പ് ഗുജറാത്തില്‍ ഒന്നിനു പിറകെ ഒന്നായി തകര്‍ന്ന വന്‍ അണക്കെട്ട് ദുരന്തത്തെത്തുടര്‍ന്ന് ഈ അണക്കെട്ടിനെ കുറിച്ച് പഠിച്ച വിദഗ്ദ്ധര്‍ ഇതിന് ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ട് നല്‍കുകയും അതിന്‍പ്രകാരം ജലനിരപ്പ് താഴ്ത്താനും താത്കാലിക ബലപ്പെടുത്തല്‍ നടപടികളെടുക്കാനും കൂടാതെ ദീര്‍ഘകാല നടപടിയെന്നനിലയ്ക്ക് പുതിയ അണക്കെട്ട് നിര്‍മ്മിക്കുവാനും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും, അണക്കെട്ട് ‘ബലപ്പെടുത്തുന്നു’ എന്ന പേരില്‍ പുതിയതിനായുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ‘ബലപ്പെടുത്തലി‘ന്റെ വ്യക്തമായ വിവരങ്ങള്‍ നല്‍കാനോ പരിശോധനയോ ആധുനികരീതിയിലുള്ള പഠനങ്ങളോ നടത്താന്‍ വിദഗ്ദ്ധരെയാരെയും അനുവദിച്ചിട്ടുമില്ല. ലോകമെമ്പാടുമുള്ള ഡാമുകള്‍ക്ക് 3,000 വര്‍ഷത്തിലൊരിക്കല്‍ (ചില രാജ്യങ്ങളില്‍ പതിനായിരം കൊല്ലം കണക്കിലെടുക്കും) വരാവുന്ന പരമാവധി പ്രളയജലത്തിന്റെ (Probable Maximum Flood / PMF) അളവ് പരിഗണിച്ചാണ് ഡാമുകളുടെ ബലം കണക്കാക്കുന്നതും സുരക്ഷാക്രമീകരണങ്ങള്‍ നടത്തുന്നതും. എന്നാല്‍ 65 വര്‍ഷത്തിന് മുമ്പുണ്ടായ പ്രളയജലത്തിന്റെ അളവിന്റെ 70%ത്തോളം താഴെയുള്ള കണക്കാണ് PMF ആയി ഈ ഉദ്ദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നത്. നാശനഷ്ടങ്ങള്‍ ഏറെയുണ്ടായെങ്കിലും പ്രളയജലത്തിന്റെ ഒഴുക്ക് ഭാഗ്യവശാല്‍ വളരെ കുറച്ച് സമയത്തേക്കേ ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ട് അന്ന് വന്‍ ദുരന്തമുണ്ടായില്ല. കേന്ദ്രത്തില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ആ സംസ്ഥാനത്തുള്ള പ്രാദേശിക പാര്‍ട്ടികള്‍ അവരുടെ താളത്തിനൊത്ത് തുള്ളുന്ന ഉദ്ദ്യോഗസ്ഥരെ പ്രസ്തുത സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റിയതാവും. ഈ ഡാമിന് ചെറുഭൂചലനങ്ങള്‍ പോലും അതിജീവിക്കാന്‍ കഴിയില്ലെന്നും ഈ പ്രദേശത്ത് ഭൂചലനം ഉണ്ടാകുവാനുള്ള സാദ്ധ്യതയേറെയുണ്ടെന്നും, വര്‍ഷങ്ങളായി ഈ വിഷയത്തില്‍ ഗവേഷണം നടത്തിവരുന്ന രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ നല്‍കിയ റിപ്പോര്‍ട്ടിന് പേപ്പറിന്റെ വിലപോലും ഈ ഉദ്ദ്യോഗസ്ഥര്‍ നല്‍കിയില്ല. യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളും നടത്താതെ ഡാം സ്ട്രക്ച്ചറിന്റെ ബലക്ഷയം പരിഗണിക്കാതെയും, പെട്ടെന്ന് ഒഴുകിവരുവാനിടയുള്ള പ്രളയജലത്തെ കൈകാര്യം ചെയ്യുവാനുള്ള മുന്‍‌കരുതല്‍ നടപടികളെടുക്കാതെയും അധിക ഉയരംവരെ ജലംശേഖരിക്കാന്‍ ഡാം സജ്ജമാണെന്ന് ഇവര്‍ സമര്‍ത്ഥിച്ചിരുന്നത് മറ്റാരെയോ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് വ്യക്തമാണ്.

ടണ്‍കണക്കിന് ചുണ്ണാമ്പ്-സുര്‍ക്കിമിശ്രിതം സ്ഥിരമായി നഷ്ടപ്പെട്ട് പെരുച്ചാഴിതുരന്നിട്ട കയ്യാലപോലിരുന്ന ഡാമിന്റെ ഭിത്തികളിലൂടെ ഉണ്ടായ അധിക ചോര്‍ച്ചയാണോ, പ്രളയജലം പെട്ടെന്നൊഴുകിയെത്തിയ അധികമര്‍ദ്ദമ്മൂലമാണോ, ഭൂചലനത്തെത്തുടര്‍ന്നാണോ അതോ ഈ കാരണങ്ങളെല്ലാം കൂടിയാണോ അണക്കെട്ട് തകരാന്‍ നിമിത്തമായതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ദുരന്തത്തേത്തുടര്‍ന്ന് കൃഷിക്ക് വെള്ളമില്ലാതെ ആ സംസ്ഥാനത്തെ കര്‍ഷകരും കൃഷി ഉല്‍പ്പന്നങ്ങള്‍ കിട്ടാതെ ഇന്നാട്ടിലെ ജനങ്ങളും ഒരുപോലെ കഷ്ടപ്പെടേണ്ടി വരുമെന്ന് വിലയിരുത്തപ്പെടുന്നു. ഒന്നും നഷ്ടപ്പെടാത്തത് ഒരു കൂട്ടര്‍ക്ക് മാത്രം - മൂട്ടകളെ പോലെ ജനങ്ങളുടെ ചോരകുടിച്ച് തിമിര്‍ത്ത് നടക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക്. ആരോ കരുതിക്കൂട്ടി ഡാം തകര്‍ത്തതാണെന്നോ മറ്റോ പറഞ്ഞ് പുതിയ തിരക്കഥയും നടനവുമായി വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കാന്‍ ഈ നേതാക്കള്‍ മുന്നിലുണ്ടാവും. ഡാം തകര്‍ന്നാലും ജനസാന്ദ്രതയേറെയുള്ള ഈ പ്രദേശത്ത് യാതൊരുവിധ നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടാകില്ലെന്ന് പ്രചരിപ്പിച്ചിരുന്നവരുടെ തനിനിറം പുറത്തുവന്നിരുക്കുകയാണ്. പ്രാദേശിക കക്ഷികള്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളെ വഷളാക്കി എങ്ങനെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്കൂടി ഭീഷണിയായിത്തീരുന്നു എന്നുള്ളതിന്റെ ഒരുദാഹരണമാണ് ഈ വിഷയം.

മഴവെള്ളവും പുഴകളും മറ്റ് ജലാശങ്ങളും കൊണ്ട് സമൃദ്ധമായ സ്വന്തം നാട്ടില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സ്വയം‌പര്യാപ്തത നേടാമായിരുന്നെങ്കിലും, കൃഷിയെ അവഗണിച്ചുകൊണ്ട് മറ്റുള്ളവരുടെ വിലപേശല്‍തന്ത്രങ്ങള്‍ക്ക് അടിമപ്പെടേണ്ടിവന്നത് നമ്മുക്ക് ഒരു ഗുണപാഠമായിരിക്കും.


(പത്രസ്ഥാപനത്തില്‍ മുന്‍‌കൂട്ടി തയ്യാറാക്കിവെച്ചിരിക്കുന്ന ‘ദുരന്തവാര്‍ത്താക്കുറിപ്പ്‘ !!!)