Monday, 28 July, 2008

വാണം വിടുന്ന ശാസ്ത്രവും ആണവശാസ്ത്രവും

ഒരു അവസരത്തില്‍ വാണം വിടുന്ന ശാസ്ത്രം ഏറെ വിമര്‍‌ശനങ്ങള്‍ ഏറ്റുവാങ്ങിയിരിന്നു - വിക്ഷേപിക്കുന്ന റോക്കറ്റുകളെല്ലാം നേരെ കടലിലേക്ക് കൂപ്പ് കുത്തിയിരുന്ന കാലം. കോടിക്കണക്കിന് രൂപ അങ്ങനെ കടലില്‍ കളയുന്നു, ആ കാശുണ്ടായിരുന്നെങ്കില്‍ മറ്റെന്തെല്ലാം കാര്യങ്ങള്‍ നടത്താമായിരുന്നു എന്നൊക്കെ പലരും പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് കാര്യമായ സഹായമില്ലാതെ തന്നെ ഇപ്പോള്‍ നാം ഏറെ മുന്നിലെത്തിയിരിക്കുന്നു, മറ്റ് രാജ്യങ്ങളുടെ എട്ട് കുട്ടി ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ടും ചേര്‍ത്ത് പത്ത് ഉപഗ്രഹങ്ങള്‍ ഒരേ സമയം വഹിച്ച് കൊണ്ട് പോയി അതാതിന്റെ ഭ്രമണപഥത്തില്‍ നിക്ഷേപിച്ച PSLV-C9 റോക്കറ്റിന്റെ റെക്കോര്‍ഡ് നേട്ടമാണ് നാം അവസാനം കണ്ടത്. ഇപ്പോള്‍ കാലാവസ്ഥ നിരീക്ഷണം തുടങ്ങിയ മേഖലകളില്‍ നല്‍കുന്ന സംഭാവനകള്‍ക്ക് പുറമെ, ISRO ഗവേഷണത്തിനായി മുടക്കുന്ന ഓരോ രൂപയ്ക്കും വിദേശ മാര്‍ക്കറ്റില്‍ നിന്ന് ഇരട്ടിയായി തിരിച്ചു കിട്ടുന്നുവെന്നാണ് അറിയുന്നത്. റഷ്യയെ പോലെ സഹായിക്കാന്‍ താത്പര്യമുള്ള രാജ്യങ്ങളുടെ മികച്ച സഹകരണം കൂടി കിട്ടിയിരുന്നെങ്കില്‍ (അന്താരാഷ്ട്ര ഒറ്റപ്പെടുത്തലുകള്‍ ഇല്ലായിരുന്നുവെങ്കില്‍) നമ്മുക്ക് ഈ നേട്ടം കുറച്ച് നേരത്തെ തന്നെ നേടാമായിരിന്നു. (PSLV-C9 ഭ്രമണപഥത്തിലെത്തിച്ച കുട്ടി ഉപഗ്രഹങ്ങള്‍ യുണിവേര്‍സിറ്റി ‘പിള്ളേര്’ നിര്‍മ്മിച്ചതാണ്!)

ആണവനിലയങ്ങളുടെ കാര്യത്തില്‍ പല സാങ്കേതികവിദ്യകള്‍ നിലവിലുണ്ട്. (ബൂലോകത്ത് ചിലര്‍ പറയുന്നത് പോലെ യുറേനിയത്തില്‍ രണ്ട് ഇലട്രോഡുകള്‍ എടുത്ത് വച്ചാല്‍ കറണ്ട് വരില്ല!). അതില്‍ HWR (ഹെവി വാട്ടര്‍ റിയാക്ടര്‍) പോലെ ഏതാനും സാങ്കേതികവിദ്യകളില്‍ മാത്രമേ നമ്മുക്ക് പ്രാവീണ്യമുള്ളു. പരീക്ഷണ നിലയിലായ മൂന്ന ഘട്ടങ്ങളുള്ള തോറിയം സൈക്കിള്‍ സാങ്കേതിക വിദ്യയിലാണ് ഇന്ത്യ പ്രതീക്ഷ അര്‍‌പ്പിച്ചിരിക്കുന്നത്. LWR (ലൈറ്റ് വാട്ടര്‍ റിയാക്ടര്‍) സാങ്കേതിക വിദ്യ താരതമ്യേന ചിലവുകുറഞ്ഞതും കൂടുതല്‍ സുരക്ഷിതവുമാണെന്ന് പറയപ്പെടുന്നു. LWR സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണെങ്കില്‍ തോറിയം സാങ്കേതിക വിദ്യ കൂടുതല്‍ ലളിതമാക്കാമെന്നാണ് കരുതുന്നത്, പക്ഷേ LWR സാങ്കേതിക വിദ്യ നമ്മുക്ക് സ്വായത്തമല്ല. ഈ സാങ്കേതിക വിദ്യ നമ്മുക്ക് നല്‍കാന്‍ റഷ്യ തയാറാണെങ്കിലും, NSG നിയന്ത്രണങ്ങള്‍ മൂലം അവര്‍ക്ക് അത് കഴിയാത്ത അവസ്ഥയാണ്. HTR (ഹൈ ടെമ്പറേച്ചര്‍ ഗ്യാസ്കൂള്‍ഡ് റിയാക്ടര്‍) എന്ന സാങ്കേതിക വിദ്യയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ചൈന. HTR സാങ്കേതികവിദ്യ ജെര്‍മ്മനി നിര്‍ത്തിവെച്ചിടത്ത് നിന്നാണ് ചൈന ഗവേഷണം തുടങ്ങിയത്. മോഡുലര്‍ ആയി പെട്ടെന്ന് നിര്‍മ്മിക്കാവുന്ന ചെറു നിലയങ്ങള്‍ 2009ല്‍ നിര്‍മ്മിച്ച് തുടങ്ങാന്‍ ചൈന പദ്ധതിയിടുന്നു. കൂടുതല്‍ ഇന്ധന ക്ഷമതയുള്ള HTR നിലയങ്ങള്‍ ഉപയോഗിച്ച് ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാമെന്നും, ഭാവിയില്‍ തോറിയം ഇന്ധനമായി ഉപയോഗിക്കാമെന്നും പ്രതീക്ഷിക്കുന്നു.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഹകരണം കൂടി ഉണ്ടെങ്കില്‍ നമ്മുടെ ഗവേഷണം ത്വരിതപ്പെടുത്താമെന്നാണ് പറഞ്ഞുവരുന്നത്. ഭാവിയില്‍ ഇന്ത്യയുടെ തോറിയം റിയാക്റ്ററുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഗവേഷണത്തിനായി നാം മുടക്കിയ മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് തിരിച്ച് കിട്ടണമെങ്കില്‍ NSG, IAEA തുടങ്ങിയവയുമായി സഹകരിച്ചേ മതിയാകു, ആ സഹകരണം എത്രയും നേരത്തേ ആയാല്‍ അത്രയും നല്ലത്.

ആണവോര്‍ജ്ജം ഉപയോഗിച്ച് കാറും ബസ്സും ഓടിക്കാന്‍ പറ്റില്ലല്ലോ, ആയതിനാല്‍ ആണവനിലയങ്ങള്‍ക്ക് വേണ്ടി എന്തിന് കാശുമുടക്കുന്നു എന്നാണ് ചിലരുടെ ചോദ്യം. ട്രെയിന്‍ പോലുള്ള ബള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുകയും, കാറ്, ബൈക്ക് തുടങ്ങിയ ഇന്ധനക്ഷമത കുറഞ്ഞ സ്വകാര്യ യാത്രാ ഉപാദികള്‍ പരമാവധി നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആണവ നിലങ്ങളില്‍ നിന്നുള്ള വൈദ്യുതി തീര്‍ച്ചയായും ട്രെയിനുകള്‍ക്ക് ഉപയോഗിക്കാം. മറ്റ് വാഹനങ്ങളില്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകളുടെ ചിലവ് കുറയ്ക്കാനും ഹൈഡ്രജന്‍ ഉല്‍പാദപ്പിക്കാനുള്ള ചിലവ് കുറഞ്ഞ മാര്‍ഗങ്ങളെ കുറിച്ചും ഗവേഷണങ്ങള്‍ നടന്ന് വരുന്നു. ഇതില്‍ ആണവോര്‍ജ്ജത്തിന് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

കുടിവെള്ളം കിട്ടാത്ത എത്രയോ ഗ്രാമങ്ങളുണ്ട്, അവര്‍ക്ക് ഈ ആണവനിലയങ്ങള്‍ കൊണ്ടെന്ത് ഗുണമെന്ന് ചിലര്‍. ആണവ നിലങ്ങള്‍ ഉപയോഗിച്ച് വന്‍ തോതില്‍ വെള്ളം ശുദ്ധീകരിക്കാവുന്നതാണ്. കടല്‍വെള്ളം ഇത്തരത്തില്‍ ശുദ്ധീകരിക്കാനുള്ള ഡീസാലിനേഷന്‍ പ്ലാന്റുകള്‍ ചെന്നൈ/കല്‍പ്പാകം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഉപയോഗിച്ച് വരുന്നു.

കാറ്റും സൂര്യപ്രകാശവും നമ്മുക്ക് ആവശ്യം പോലുണ്ടല്ലോ, വിലകൂടിയ ആണവോര്‍ജ്ജത്തിന്റെ ആവശ്യമുണ്ടോ എന്ന് ചിലര്‍. (ഒരു ബ്ലോഗറുടെ കമന്റ് ഇപ്രകാരം - “ഇന്ത്യയിലെ തുറസ്സയ സ്ഥലങ്ങളിലെല്ലാം കാറ്റാടിയും, കെട്ടിടങ്ങളില്‍ സൌരോജ്ജ സംവിധാനവും നടപിലാക്കിയാല്‍ നിലവിലുള്ളതും കൂടി ചേര്‍ന്നാല്‍ ഊര്‍ജ്ജം നമുക്കു ധാരാ‍ളം!“ ലൈറ്റില്ലാത്ത സൈക്കളില്‍ നിന്ന് കാറ്റ് ഊരിവിട്ടിട്ട് പൊലീസ് ചോദിച്ചിരുന്നത് ഓര്‍മ്മവരുന്നു - നിലാവുള്ളപ്പോള്‍ ലൈറ്റ് വേണ്ടെങ്കില്‍ ചുറ്റിനും നല്ല കാറ്റ് ഉണ്ടെല്ലോ, ടയറിലെന്തിനാ കാറ്റ്!)

കാറ്റും സൂര്യപ്രകാശവും പരമാവധി ഉപയോഗിക്കപ്പെടേണ്ടത് തന്നെയാണ്. കാറ്റും സൂര്യപ്രകാശവും എല്ലാ സമയവും തുടര്‍ച്ചയായി ഒരേ അളവില്‍ കിട്ടില്ല, അതായത് നമ്മുക്ക് വേണ്ട സമയത്ത് കിട്ടില്ല അല്ലെങ്കില്‍ കിട്ടുന്ന സമയത്ത് ഉപയോഗിക്കാനേ കഴിയൂ. ബാറ്ററികളില്‍ സംഭരിച്ച് ഉപയോഗിക്കണമെങ്കില്‍ ചിലവ് വളരെ അധികമാകും. ചെറിയ തോതിലാണെങ്കില്‍ വെള്ളം പമ്പ് ചെയ്യുവാനോ, പാകം ചെയ്യുവാനോ ഒക്കെ ഉപയോഗിക്കാം. അതല്ലെങ്കില്‍ ചെയ്യാവുന്നത് മറ്റ് വൈദ്യുത നിലയങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഗ്രിഡിലേക്ക് അപ്പപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പ്രവഹിപ്പിക്കുക എന്നതാണ്. ഇങ്ങനെ വൈദ്യുതി പരമാവധി ഉപയോഗപ്പെടുത്തിയാലും, കാറ്റാടി യന്ത്രങ്ങളും സൌരോര്‍ജ്ജപാനലുകളും അതിന്റെ 25-30 വര്‍ഷം വരുന്ന ആയുസ്സിനിടയ്ക്ക് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന യൂണിറ്റ് വൈദ്യുതി പരിമിതമാണ്. (യന്ത്ര സാമഗ്രികളുടെ വില, അത് സ്ഥാപിക്കാന്‍ വേണ്ടിവരുന്ന മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍, ദൈനംദിന ചിലവുകള് തുടങ്ങിയവ കണക്കിലെടുത്താണ് വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത്. ഇതേ രീതിയില്‍ തന്നെയാണ് ആണവ വൈദ്യുതിയുടെ വിലയും കണക്കാക്കുന്നത്. ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടിവരുന്ന ചിലവ് തന്നെയാണ് പ്രധാനം. യുറേനിയത്തിന്റെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ വൈദ്യുതിയുടെ വിലയെ സാരമായി ബാധിക്കില്ലെന്ന് പറയാന്‍ കാര്യമിതാണ്.) അത് നിര്‍മ്മിക്കാന്‍ വേണ്ടിവരുന്ന ചിലവു പരിഗണിക്കുമ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതിയുടെ വില മറ്റ് ഊര്‍ജ്ജ ഉറവിടങ്ങളെ (ആണവോര്‍ജ്ജത്തേയും) അപേക്ഷിച്ച് വളരെ കൂടുതലാകുന്നു. നമ്മുടെ ജലവൈദ്യുത നിലയങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അതിന്റെ മുടക്ക്മുതല്‍ തിരികെത്തന്നതിനാലാണ് നമ്മുക്ക് വളരെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്നത്.

India's growing strides in space
Addressing Criticism On The Indo-US Nuclear Deal
Developed nations will look to India for FBRs in 2030
Nuclear Desalination

Thursday, 10 July, 2008

നിയമ വ്യവസ്ഥിതിയും സാങ്കേതികവിദ്യയും

സുസജ്ജമായ പൊലീസ് സേനയുണ്ടെങ്കിലും കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്ന് മുഖ്യമന്ത്രി.

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ധാരാളം പഴുതുകള്‍ ഉള്ളിടത്തോളം കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് പ്രതീക്ഷിക്കേണ്ട. പോരാത്തതിന് കുറ്റവാളികള്‍ക്ക് ഒത്താശ ചെയ്യാന്‍ പൊലീസ്‌കാര് തന്നെയുണ്ടെങ്കില്‍ സ്ഥിതി എന്തായിരിക്കും.

കുറ്റകൃത്യങ്ങള്‍ക്കെതിരെ സാധാരണക്കാരന്‍ പരാതിയുമായി ചെന്നാല്‍ ‘മോളീന്ന്‘ വിളിവരികയും കുറ്റക്കാര്‍ക്ക് നേരെ നടപടിയുണ്ടാകില്ലെന്ന് മാത്രമല്ല, വാദിയെ പ്രതിയാക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. പരാതികള്‍, സത്യവാങ്ങ്മൂലങ്ങള്‍, പ്രഥമ റിപ്പോര്‍ട്ടുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലുള്ള തെളിവുകള്‍ തുടങ്ങിയവ രായ്ക്ക്‍‌രാമാനം തിരുത്തപ്പെടുകയോ മാറ്റിമറിക്കുകയോ ചെയ്യാറുണ്ട്. ഇതെല്ലാം പൊലീസിന്റെ വിശ്വാസിയതയെ തകര്‍ത്തിട്ടുണ്ട്.

പൊലീസിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുന്ന തരത്തില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താവുന്നതാണ്. പൊലീസ് സ്റ്റേഷനുള്ളിലെ എല്ലാ ക്രയവിക്രിയങ്ങളും ഓണ്‍‌ലൈനായി റിക്കോര്‍ഡ് ചെയ്ത് ഉന്നതാധികാരികള്‍ക്കും ജഡ്ജിമാര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങി മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും അപ്പപ്പോള്‍ വിവരങ്ങള്‍ ലഭിക്കത്തക്ക രീതിയില്‍ വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. അത്യാവശ്യം വേണ്ടി വരുന്ന തിരുത്തലുകള്‍, കാര്യകാരണസഹിതം ചെയ്താല്‍ അഴിമതിക്കുള്ള പഴുത് അടയും.

അനന്തമായി കോടതികളില്‍ കയറിയിറങ്ങേണ്ടി വരുന്ന സ്ഥിതി ഓര്‍ത്തിട്ടാണ് പലരും പരാതികളില്ലാതെ പലതും സഹിക്കാന്‍ തയ്യാറാകുന്നത്. ഈ സ്ഥിതിവിശേഷം മുതലെടുത്ത് അതിക്രമങ്ങള്‍ കൂടിവരികയും സാധാരണക്കാരന് നിയമം കൈയിലെടുക്കേണ്ട നിലയും വരുന്നു (സിനിമകള്‍ പൊതുവേ ഈ ആശയമാണ് - നിയമം കൈയിലെടുത്തെങ്കില്‍ മാത്രമേ രക്ഷയുള്ളുവെന്ന് - നായകന്മാരിലൂടെ ജനങ്ങളില്‍ കുത്തിവെയ്ക്കുന്നത്). വിവര സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ കോടതികളും പരമാവധി ഉപയോഗപ്പെടുത്തി നീതിതേടി കോടതികളുടെ പരിഗണനയിലിരിക്കുന്ന കേസ്സുകള്‍ കാലതാമസമില്ലാതെ തീര്‍പ്പാക്കുകയാണെങ്കില്‍ തന്നെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ് കിട്ടും.

ട്രാഫിക്ക് സിഗ്നല്‍ ലൈറ്റുകള്‍, സ്പീഡ് ക്യാമറകള്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് വഴി ഗതാഗത നീക്കം സുഗമമാക്കുന്നതോടൊപ്പം, ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കുന്ന പൊലീസുകാരുടെ എണ്ണം കുറയ്ക്കാനും കഴിയും. നഗരങ്ങളിലെല്ലാം പാര്‍ക്കിങ്ങ് സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ മാത്രമായി പ്രത്യേക വിഭാഗം രൂപികരിക്കുകയും ഫൈനുകളും മറ്റും ആധുനിക കമ്മൂണിക്കേഷന്‍ സംവിധാനങ്ങള്‍ വഴി അപ്പപ്പോള്‍ രേഖപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ അത്തരം വിവരങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കി നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നുള്ളത്കൊണ്ട് ഗതാഗത കുരുക്ക് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും.

ബസ്‌ സ്റ്റേഷന്‍ പോലുള്ള പൊതുസ്ഥലങ്ങളിലും, ഉല്‍സവം, ജാഥ തുടങ്ങി ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഇടങ്ങളിലും വ്യാപകമായി വീഡിയോ സര്‍വെയിലന്‍സ് ഏര്‍പ്പെടുത്തുക വഴി പോക്കറ്റടി, അക്രമം തുടങ്ങിയവ നിരുത്സാഹപ്പെടുത്താവുന്നതാണ്.

Saturday, 5 July, 2008

ഏറ്റവും അപകടകരമായ ഇടം: കട്ടില്‍

ലോകത്ത് ഏറ്റവും അപകടകരമായ ഇടമേതാണ്?. ഒരു ക്ലൂ തരാം. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മരിക്കുന്നത് ഇവിടെ വച്ചാണ്.

ഉത്തരം: കട്ടില്‍

സ്റ്റാറ്റിസ്റ്റിക്സിന്റെ ഗുണമിതാണ്, പലപ്പോഴും നമ്മുക്ക് സൌകര്യമായ അനുമാനങ്ങളിലെത്താം.

11% വരുന്ന ഇടത് എംപിമാര്‍ കോണ്‍‌ഗ്രസ്സിന്റെ ഉറക്കം കെടുത്തുന്നു - 2021ല്‍ മൊത്തം ശേഷിയൂടെ 9% ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ആണവനിലയങ്ങള്‍ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നത് എന്തിനെന്ന്. (വര്‍ക്കേഴ്സ് ഫോറത്തില്‍ നിന്ന്)

ഈ 9% എത്രയാണെന്ന് നോക്കാം - 40,000MW
നിലവില്‍ ഇന്ത്യയുടെ മൊത്തം ഉല്‍‌പാദന ശേഷി - 134,700MW.
നിലവില്‍ കേരളത്തിന്റെ മൊത്തം ഉല്‍‌പാദന ശേഷി 2,657MW.
തമിഴ്നാട്ടിലെ കൂടങ്കുളത്ത് പണിത് വരുന്ന ആണവനിലയത്തിന്റെ ഉല്‍‌പാദന ശേഷി 4,500MW.

അപ്പോള്‍ എങ്ങനെയുണ്ട് ഈ 9%.

കാറും ബസ്സും ലോറിയുമെല്ലാം ആണവോര്‍ജ്ജം ഉപയോഗിച്ച് ഓടിക്കാനാവില്ലെന്ന് സോണിയാഗാന്ധിക്ക് നന്നായറിയാം.

ആണവോര്‍ജ്ജം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലേ. ഇഞ്ചീടെ ബ്ലോഗില്‍ നിന്ന് പച്ചമുളകിന്റെ കമെന്റ് കടമെടുക്കുന്നു. :)

"പെട്രോളിയാം ഉത്പന്നങ്ങളുടെ കരുതല്‍ ശേഖരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദിവസങ്ങളുടേതു മാത്രമാണു. പുതിയ ആണവ വൈദ്യതു പദ്ധതികള്‍ വന്നാല്‍ കരുതല്‍ ഊര്‍ജ്ജ ശേഖരം വര്‍ഷങ്ങളുടേതാക്കാം. ഇന്ത്യ ആണവ വൈദ്യതിയെ പ്രധാനമായും ഉറ്റുനോക്കുന്നതു റെയില്‍‌വേയെ സമ്പൂര്‍ണ്ണമായി വൈദുതീകരിക്കാനാണു. മാറുന്ന ഒരു ലോകക്രമത്തില്‍ പെട്രൊളീയം ഉത്പന്നങ്ങളുടെ ദൌര്‍ലഭ്യം എപ്പൊഴും ആസന്നമാണെന്നിരിക്കെ ഇന്ത്യയീപ്പോലെ ഒരു രാഷ്ട്രത്തിനു പെട്രോളിനെ മാത്രം ആശ്രയിച്ചുള്ള ഒരു ചരക്കു മാറ്റം ആശാവഹമല്ല.ഇവീടെയാണു ആണവ ഇന്ധനത്ത്റ്റിന്റെ കരുതല്‍ ശേഖരത്തിന്റെ പ്രസക്തി. പശുവിനെ കുളിപ്പിക്കുന്ന റാബറീദേവിയുടെ ഭര്‍ത്താവിനിതു പിടികിട്ടി. പക്ഷേ ബ്രിന്ദയൂടെ ഭര്‍ത്താവിനിതു പിടികിട്ടിയിട്ടില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം."

കല്‍ക്കരി ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഒരു താപനിലയത്തില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 3.73 കോടി രൂപ മാത്രമേ ചെലവ് വരൂ.

കല്‍ക്കരി ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഒരു താപനിലയങ്ങളുടെ അന്തരീക്ഷ മലിനികരണത്തിന്റെ ‘വില‘ കൂടിക്കൂട്ടുമ്പോള്‍ ഉല്‍‌പാദന ചിലവ് ഇതിന്റെ പലമടങ്ങ് വരും.

Read:
7 percent is not “just 7 percent” Mr. Karat

Tuesday, 1 July, 2008

മെട്രോ: സിംഗപ്പൂര്‍, ദുബായ്, കൊച്ചി

കേരളത്തിലെ ഏതൊരു പദ്ധതിയേയും പോലെ കൊച്ചി മെട്രോയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടങ്ങിയയിടത്തു തന്നെ നില്‍ക്കുന്നു. കൊച്ചി മെട്രോയുടെ അവസ്ഥയെ കുറിച്ച് അഞ്ചല്‍‌ക്കാരന്‍ തന്റെ ബ്ലോഗില്‍ സൂചിപ്പിച്ചപ്പോള്‍ അവിടെയും തമ്മിലടി. പദ്ധതിക്കെതിരെ കേസുകൊടുക്കാനോ സമരം ചെയ്യാനോ ആളില്ലാത്തതിനാല്‍ ദുബായിലെ മെട്രോ പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നുവെന്ന് അഞ്ചല്‍‌ക്കാരന്‍. ജനാധിപത്യമാണ്, ബഡ്ജറ്റ് കമ്മിയാണ്, സ്ഥല പരിമിതിയാണ്, ദുബായി വേറെ കേരളം വേറെ എന്ന് മറുപക്ഷം.

കൊച്ചിയെക്കാള്‍ ജനസാന്ദ്രതയുള്ള ജനാധിപത്യരാജ്യമായ സിംഗപ്പൂരിലെ MRTയെന്ന് വിളിക്കുന്ന മെട്രോ റെയില്‍‌വേയെ കുറിച്ച് പറയാം. അവിടെയും പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുകളുണ്ടായിരുന്നു - പദ്ധതി ചെലവേറിയതാണ്, അതിന്റെ ചെറിയൊരു ഭാഗം തുകയ്ക്ക് കൂടുതല്‍ ബസ്സ് സര്‍വീസ്സുകള്‍ ഏര്‍പ്പെടുത്താമല്ലോ എന്നൊക്കെ. പല വന്‍ കെട്ടിടങ്ങളും പൊളിക്കേണ്ടി വന്നു, ഒരു ശിവക്ഷേത്രം മൊത്തത്തില്‍ മാറ്റി സ്ഥാപിച്ചു. അവിടെയൊന്നും കാര്യമായ എതിര്‍പ്പുകളില്ലായിരുന്നു, പകരം അകമഴിഞ്ഞ സഹകരണമായിരുന്നു. കാരണം മറ്റൊന്നുമല്ല. മറ്റ് ഏതൊരു പദ്ധതിയേയും പോലെ ബാധിക്കപ്പെടുന്നവര്‍ക്ക് കിട്ടുന്ന കോമ്പന്‍സേഷന്‍ തന്നെയാണ്. ഉദാഹരണത്തിന് ഹൌസിങ്ങ് ബോര്‍ഡ് ഫ്ലാറ്റില്‍ താമച്ചിരുന്നവര്‍ക്ക് വേറെ ഫ്ലാറ്റ് കൊടുക്കുന്നതോടൊപ്പം ഏതാനും മാസം വാടക സൌജന്യം, സാധന സാമഗ്രികള്‍ മാറ്റാന്‍ നല്ലൊരു തുക തുടങ്ങി ഏറെ സഹായങ്ങള്‍. ഡോബി ഗോട്ട് MRT സ്റ്റേഷനുവേണ്ടി ഗെയ്‌ലാങ്ങിലേക്ക് മാറ്റിയ ശിവക്ഷേത്രത്തിന് കിട്ടിയ കോമ്പന്‍സേഷന്‍ വഴി ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ക്ഷേത്രമായി മാറിയെന്നാണ് കേള്‍ക്കുന്നത്.

സ്ഥലപരിമിതിയില്ലാത്ത ഏത് മെട്രോ നഗരമാണ് ഉള്ളത്. സ്ഥലപരിമിതി പരിഗണിച്ചാണല്ലോ എലിവേറ്റഡ് ട്രാക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ദില്ലി മെട്രോയുടെ സ്ഥിതിയും മറ്റൊന്നല്ലല്ലൊ.


Picture from: http://commons.wikimedia.org/wiki/Image:Singapore_mrt_lrt_map_future_version3.png

സിംഗപ്പൂര്‍ MRT യുടെ മാപ്പൊന്ന് കാണുക. ഈസ്റ്റ് വെസ്റ്റ് ലൈന്‍, നോര്‍ത്ത് സൌത്ത് ലൈന്‍, നോര്‍ത്ത് ഈസ്റ്റ് ലൈന്‍ (ഡ്രൈവര്‍ ഇല്ലാത്ത പൂര്‍ണ്ണമായും ഭൂമിക്കടിയില്‍ കൂടി) എന്നിവ നിലവിലുള്ളത്. സര്‍ക്കിള്‍ ലൈന്‍ പണിനടക്കുന്നു. ഡൌണ്‍ ടൌണ്‍, നോര്‍ത്ത് ഷോര്‍ ലൈന്‍ എന്നിവ പ്രാരംഭ നിലയില്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. MRT ക്കൊപ്പം ചില സ്ഥലങ്ങളില്‍ LRT യും കാണാം.

MRT = Mass Rapid Transit
LRT = Light Rail Train

ഇതിലെ നോര്‍ത്ത് ഈസ്റ്റ് ലൈന്‍ പോലെ ഡ്രൈവര്‍ ഇല്ലാത്ത ട്രെയിനാണ് ദുബായില്‍ വരുന്നത് എന്ന് തോന്നുന്നു.