Saturday, 26 January, 2008

സ്വകാര്യബസ്സുകളുടെ മത്സര ഓട്ടം എങ്ങനെ ഒഴിവാക്കാം?

മരിക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ലല്ലോ...ഇവര്‍ അതിവേഗതയില്‍ പായുന്നത്‌...ജീവിത പ്രശ്‌നമാണ്‌...ഒന്നോ..രണ്ടോ..മിനുട്ടിന്റെ വ്യത്യാസത്തിലാണ്‌ ഇവിടെ റൂട്ടുകള്‍ അനുവദികുന്നത്‌...

മറ്റോരു ബ്ലോഗില്‍ ജീവനെടുക്കുന്ന ടിപ്പര്‍ ലോറികളും സ്വകാര്യബസ്സുകളും എന്ന പോസ്റ്റില്‍ മന്‍സുര്‍ എഴുതിയ കമെന്റാണ് മുകളില്‍.

സഞ്ചരിക്കാന്‍ യാത്രക്കാരുള്ളത്‌ കൊണ്ടാണല്ലോ, ബസ്സ് മുതലാളിമാര്‍ റൂട്ടുകള്‍ വാങ്ങുന്നത്. അതു കൊണ്ട് ട്രിപ്പുകളുടെ എണ്ണം കുറയ്ക്കുന്നത് ഗുണകരമല്ല - ഉള്ള ബസ്സുകള്‍ പരമാവധി യാത്രക്കാരെ കുത്തിനിറയ്ക്കാന്‍ ഇടയാക്കും.

എങ്ങനെ സ്വകാര്യബസ്സുകളുടെ മത്സര ഓട്ടം ഒഴിവാക്കാമെന്നാണ് നാം ചിന്തിക്കേണ്ടത്. നിലവിലുള്ള ബസ്സ് സര്‍‌വീസുകള്‍ കൂട്ടിചേര്‍ത്ത് ഒന്ന് അല്ലെങ്കില്‍ രണ്ട് കമ്പനിയാക്കുക (മറ്റൊരു ബ്ലോഗില്‍ വിശദമായി എഴുതിയിരുന്നു). ഇങ്ങനെ ചെയ്താലുള്ള ഗുണങ്ങള്‍ നമുക്ക് പരിശോധിക്കാം.

1. ബസ്സുമുതലാളിമാരുടെ ഉറക്കമില്ലായ്മക്ക് പരിഹാരം

ബസ്സുമുതലാളിമാര്‍ അവരവരുടെ പക്കലുള്ള ബസ്സുകളുടെ മൂല്യമനുസരിച്ച് കമ്പനി ഷേയര്‍ കൈവശപ്പെടുത്തി, അതില്‍ നിന്നുള്ള ലാഭവിഹിതം വാങ്ങി സ്വസ്ത്ഥമായി ഇരിക്കാം -ദൈനംദിന പ്രശ്നങ്ങള്‍ പ്രൊഫഷണല്‍ മാനേജ്മെന്റിന് വിട്ടുകൊടുക്കാം. പ്രവര്‍ത്തന ചിലവുകള്‍ കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കാം, പരസ്യങ്ങളില്‍ കൂടിയും മറ്റും അധിക വരുമാനം കണ്ടെത്താം.

2. ബസ്സുജീവനക്കാര്‍‌ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം.

ജീവനക്കാര്‍‌ക്ക് പ്രധാനമായും മറ്റ് ബസ്സുകളിലെ ജീവനക്കാരുമായുള്ള കലഹം ഒഴിവാക്കാം, മെച്ചപ്പെട്ട വേതനത്തിനും തൊഴില്‍ ഭദ്രതയ്ക്കും സാദ്ധ്യത.

3. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം

ബസ്സ് ഷെഡ്യൂളുകള്‍ യുക്തിസഹമാക്കാം - ഉദാഹരണത്തിന് തിരക്കുള്ള സമയത്ത് കൂടുതല്‍ ബസ്സുകള്‍, തിരക്ക് കുറഞ്ഞ റൂട്ടുകളിലും രാത്രി ഷെഡ്യൂളുകളും മുടങ്ങാതെ നോക്കാം.
ജീവനക്കാരില്‍ നിന്ന് മെച്ചപ്പെട്ട സഹകരണം പ്രതീക്ഷിക്കാം.

4. കൂടുതല്‍ അടിസ്ഥാന സൌകര്യ വികസനം

റോഡ് വികസനത്തിലും മറ്റ് അടിസ്ഥാന സൌകര്യ വികസനത്തിലും കൂടുതല്‍ മുതല്‍മുടക്കാന്‍ ഇത്തരത്തിലുള്ള കമ്പനിക്ക് സാധിക്കും - അത് വഴി നാടിന് അധിക ഗുണം ലഭിക്കും.

Thursday, 3 January, 2008

പ്രഖ്യാപനങ്ങള്‍ മാത്രം പോരാ

സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു - ട്രാഫിക് നിയമലംഘനത്തിന് പിഴ ശിക്ഷ ഉയര്‍ത്തുമെന്ന്.

നിലവിലുള്ള അംഗബലം വച്ചു കൊണ്ട് പോലീസ് സേനയ്ക്ക് കാര്യക്ഷമമായി ട്രാഫിക് നിയമപരിപാലനം അസാദ്ധ്യമായിരിക്കെ, ഇത്തരം പ്രഖ്യാപനങ്ങള്‍‌ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നില്ല. കൂടുതല്‍ ടെക്നോളജി ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ ട്രാഫിക് നിയമലംഘനം ഫലപ്രദമായി കുറയ്ക്കാന്‍ കഴിയുകയുള്ളു.

മെച്ചപ്പെട്ട പബ്ലിക്ക് ട്രാന്‍‌സ്പോര്‍‌ട്ട് ഒരു പരിധി വരെ ഗതാഗത തിരക്ക് കുറയ്ക്കാന്‍ സഹായിക്കും. പാര്‍ക്കിങ്ങിനും ഫുട്പാത്തിനും മതിയായ പ്രാധാന്യം കിട്ടുന്നില്ല.

റോഡ് അപകടങ്ങളുടെ സോഷ്യല്‍ കോസ്റ്റ്, നാം കരുതുന്നതിലും എത്രയോ അധികമാണ്.