Friday, 1 January 2010

ജലബോംബ്: മരണസംഖ്യ ലക്ഷം കവിഞ്ഞു

ഇന്നലെ നാടിനെ പിടിച്ചുലച്ച ‘മനുഷ്യനിര്‍മ്മിത‘ ദുരന്തത്തില്‍, ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്നതും വലുതുമായ അണക്കെട്ടുകളിലൊന്ന് പൊട്ടിത്തകര്‍ന്നതിനെത്തുടര്‍ന്നുള്ള കുത്തിയൊലിപ്പില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിട്ടുണ്ടെന്ന് ഔദ്ദ്യോഗിക വിലയിരുത്തല്‍. ഇത്രയും ജീവനാശത്തിന് പുറമെ, ഇതിനകം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടാകുമെന്ന് കരുതപ്പെടുന്നു. വരും ദിവസങ്ങളില്‍ മാത്രമേ ഇതിന്റെ ശരിയായ ചിത്രം അറിയുകയുള്ളു. ഈ വെള്ളപ്പാച്ചിലില്‍ ഇതിനു താഴെ ഏതാനും കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഡാം ഏതു നിമിഷവും തകര്‍ന്നേക്കുമെന്നുള്ള ആശങ്കയിലാണ് ജനങ്ങള്‍. ഇങ്ങനെ സംഭവിച്ചാല്‍ മരണസംഖ്യ ഇപ്പോഴറിഞ്ഞതിന്റെ അനേകമടങ്ങാകുമെന്ന് മാത്രമല്ല, ആ ഡാമിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുത പദ്ധതിയും തകരുന്നതോടെ ഈ പ്രദേശം മൊത്തമായി ഇരുട്ടിലേക്ക് നീങ്ങും.

കഴിഞ്ഞ നൂറ്റാണ്ടില്‍ ഇവിടുത്തെ നാട്ടുരാജാവിനെ ഭീഷണിപ്പെടുത്തി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ പാട്ടക്കരാറിന്റെ പിന്‍ബലത്തില്‍ തീര്‍ത്തും തുച്ചമായ ചിലവില്‍ ഈ അണക്കെട്ടില്‍ നിന്ന് അയല്‍ സംസ്ഥാനം വെള്ളം ചോര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു ടിഎംസി ക്ക് മൂന്ന് കോടി രൂപാനിരക്കില്‍ മറ്റൊരു സംസ്ഥാനത്ത് നിന്ന് അന്തര്‍‌സംസ്ഥാനജലം വാങ്ങിവരുന്ന ആ സംസ്ഥാനം, അണക്കെട്ട് നില്‍ക്കുന്ന സ്ഥലത്തിന് ആണ്ടുതോറും കേവലം രണ്ടരലക്ഷം രൂപ പാട്ടമായി നല്‍കി ഈ നാട്ടില്‍ ഉല്‍ഭവിച്ച് ഈ ഭൂപ്രദേശത്തുകൂടി ഒഴുകുന്ന 70 ടിഎംസി യിലധികം ജലമെടുത്ത് സഹസ്രകോടി രൂപാക്കണക്കില്‍ വൈദ്യുതോല്‍പ്പാദനവും കൃഷിയും നടത്തിവരികയായിരുന്നു (1 ടിഎംസി = 28.3 ദശലക്ഷം കിലോലിറ്റര്‍). ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ഡാമിന്റെ ബലത്തെക്കുറിച്ച് ആശങ്കപ്പെട്ട് പുതിയ ഡാമിനുവേണ്ടി മുറവിളി കൂട്ടിയിരുന്നപ്പോഴും ആ സംസ്ഥാനത്തിനു വെള്ളം കൊടുക്കാന്‍ തടസ്സം നില്‍ക്കാതിരുന്ന ഇവിടുത്തെ നാട്ടുകാര്‍ ഇനി ആ സംസ്ഥാനത്തേക്ക് ഇവിടെനിന്ന് ഒരു തുള്ളി വെള്ളമെങ്കിലും ഒഴുകാന്‍ അനുവദിക്കുമോ എന്ന് കണ്ടറിയണം. പുതിയ ഡാം പണിയുമ്പോള്‍ പഴയ പൊട്ടക്കരാറിന്റെ പിന്‍ബലത്തില്‍ നടത്തിവന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതി ഡാമിനെക്കുറിച്ചുള്ള കുപ്രചരണങ്ങളിലൂടെ അന്നാട്ടില്‍ പ്രാദേശിക വികാരം ആളിക്കത്തിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തിവന്ന അയല്‍സംസ്ഥാനത്തിലെ കണ്ണില്‍ച്ചോരയില്ലാത്ത രാഷ്ട്രീയനേതാക്കള്‍ക്കും ഉദ്ദ്യോഗസ്ഥര്‍ക്കുമെതിരെ കൂട്ടനരഹത്യയ്ക്ക് കേസ്സെടുക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി പ്രാദേശിക പാര്‍ട്ടികളാണ് ആ സംസ്ഥാനത്ത് മാറിമാറി ഭരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

മറ്റൊരു പ്രധാനപ്പെട്ട നീക്കത്തില്‍, ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കാലങ്ങളായി ബഹുമാനപ്പെട്ട കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, സമാനതകളില്ലാത്ത ഈ വന്‍ ദുരന്തത്തിലേക്ക് നയിച്ച കേന്ദ്ര ജലകമ്മീഷനിലേയും ജലവിഭവ മന്ത്രാലയത്തിലേയും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ വിചാരണ കൂടാതെ തൂക്കിലേറ്റാന്‍ കോടതി ഉത്തരവിറക്കി. ഇന്നത്തെ തലമുറയിലുള്ളവര്‍ കണ്ടിട്ടുകൂടിയില്ലാത്ത പഴഞ്ചന്‍ സാങ്കേതികവിദ്യ (ചുണ്ണാമ്പ്-സുര്‍ക്കിമിശ്രിതം) ഉപയോഗിച്ച് നിര്‍മ്മിച്ച ഈ അണക്കെട്ടിന്റെ ആയുസ്സ് അമ്പത് വര്‍ഷമാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക്മുന്‍പ് ഗുജറാത്തില്‍ ഒന്നിനു പിറകെ ഒന്നായി തകര്‍ന്ന വന്‍ അണക്കെട്ട് ദുരന്തത്തെത്തുടര്‍ന്ന് ഈ അണക്കെട്ടിനെ കുറിച്ച് പഠിച്ച വിദഗ്ദ്ധര്‍ ഇതിന് ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ട് നല്‍കുകയും അതിന്‍പ്രകാരം ജലനിരപ്പ് താഴ്ത്താനും താത്കാലിക ബലപ്പെടുത്തല്‍ നടപടികളെടുക്കാനും കൂടാതെ ദീര്‍ഘകാല നടപടിയെന്നനിലയ്ക്ക് പുതിയ അണക്കെട്ട് നിര്‍മ്മിക്കുവാനും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും, അണക്കെട്ട് ‘ബലപ്പെടുത്തുന്നു’ എന്ന പേരില്‍ പുതിയതിനായുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ‘ബലപ്പെടുത്തലി‘ന്റെ വ്യക്തമായ വിവരങ്ങള്‍ നല്‍കാനോ പരിശോധനയോ ആധുനികരീതിയിലുള്ള പഠനങ്ങളോ നടത്താന്‍ വിദഗ്ദ്ധരെയാരെയും അനുവദിച്ചിട്ടുമില്ല. ലോകമെമ്പാടുമുള്ള ഡാമുകള്‍ക്ക് 3,000 വര്‍ഷത്തിലൊരിക്കല്‍ (ചില രാജ്യങ്ങളില്‍ പതിനായിരം കൊല്ലം കണക്കിലെടുക്കും) വരാവുന്ന പരമാവധി പ്രളയജലത്തിന്റെ (Probable Maximum Flood / PMF) അളവ് പരിഗണിച്ചാണ് ഡാമുകളുടെ ബലം കണക്കാക്കുന്നതും സുരക്ഷാക്രമീകരണങ്ങള്‍ നടത്തുന്നതും. എന്നാല്‍ 65 വര്‍ഷത്തിന് മുമ്പുണ്ടായ പ്രളയജലത്തിന്റെ അളവിന്റെ 70%ത്തോളം താഴെയുള്ള കണക്കാണ് PMF ആയി ഈ ഉദ്ദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നത്. നാശനഷ്ടങ്ങള്‍ ഏറെയുണ്ടായെങ്കിലും പ്രളയജലത്തിന്റെ ഒഴുക്ക് ഭാഗ്യവശാല്‍ വളരെ കുറച്ച് സമയത്തേക്കേ ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ട് അന്ന് വന്‍ ദുരന്തമുണ്ടായില്ല. കേന്ദ്രത്തില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ആ സംസ്ഥാനത്തുള്ള പ്രാദേശിക പാര്‍ട്ടികള്‍ അവരുടെ താളത്തിനൊത്ത് തുള്ളുന്ന ഉദ്ദ്യോഗസ്ഥരെ പ്രസ്തുത സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റിയതാവും. ഈ ഡാമിന് ചെറുഭൂചലനങ്ങള്‍ പോലും അതിജീവിക്കാന്‍ കഴിയില്ലെന്നും ഈ പ്രദേശത്ത് ഭൂചലനം ഉണ്ടാകുവാനുള്ള സാദ്ധ്യതയേറെയുണ്ടെന്നും, വര്‍ഷങ്ങളായി ഈ വിഷയത്തില്‍ ഗവേഷണം നടത്തിവരുന്ന രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ നല്‍കിയ റിപ്പോര്‍ട്ടിന് പേപ്പറിന്റെ വിലപോലും ഈ ഉദ്ദ്യോഗസ്ഥര്‍ നല്‍കിയില്ല. യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളും നടത്താതെ ഡാം സ്ട്രക്ച്ചറിന്റെ ബലക്ഷയം പരിഗണിക്കാതെയും, പെട്ടെന്ന് ഒഴുകിവരുവാനിടയുള്ള പ്രളയജലത്തെ കൈകാര്യം ചെയ്യുവാനുള്ള മുന്‍‌കരുതല്‍ നടപടികളെടുക്കാതെയും അധിക ഉയരംവരെ ജലംശേഖരിക്കാന്‍ ഡാം സജ്ജമാണെന്ന് ഇവര്‍ സമര്‍ത്ഥിച്ചിരുന്നത് മറ്റാരെയോ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് വ്യക്തമാണ്.

ടണ്‍കണക്കിന് ചുണ്ണാമ്പ്-സുര്‍ക്കിമിശ്രിതം സ്ഥിരമായി നഷ്ടപ്പെട്ട് പെരുച്ചാഴിതുരന്നിട്ട കയ്യാലപോലിരുന്ന ഡാമിന്റെ ഭിത്തികളിലൂടെ ഉണ്ടായ അധിക ചോര്‍ച്ചയാണോ, പ്രളയജലം പെട്ടെന്നൊഴുകിയെത്തിയ അധികമര്‍ദ്ദമ്മൂലമാണോ, ഭൂചലനത്തെത്തുടര്‍ന്നാണോ അതോ ഈ കാരണങ്ങളെല്ലാം കൂടിയാണോ അണക്കെട്ട് തകരാന്‍ നിമിത്തമായതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ദുരന്തത്തേത്തുടര്‍ന്ന് കൃഷിക്ക് വെള്ളമില്ലാതെ ആ സംസ്ഥാനത്തെ കര്‍ഷകരും കൃഷി ഉല്‍പ്പന്നങ്ങള്‍ കിട്ടാതെ ഇന്നാട്ടിലെ ജനങ്ങളും ഒരുപോലെ കഷ്ടപ്പെടേണ്ടി വരുമെന്ന് വിലയിരുത്തപ്പെടുന്നു. ഒന്നും നഷ്ടപ്പെടാത്തത് ഒരു കൂട്ടര്‍ക്ക് മാത്രം - മൂട്ടകളെ പോലെ ജനങ്ങളുടെ ചോരകുടിച്ച് തിമിര്‍ത്ത് നടക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക്. ആരോ കരുതിക്കൂട്ടി ഡാം തകര്‍ത്തതാണെന്നോ മറ്റോ പറഞ്ഞ് പുതിയ തിരക്കഥയും നടനവുമായി വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കാന്‍ ഈ നേതാക്കള്‍ മുന്നിലുണ്ടാവും. ഡാം തകര്‍ന്നാലും ജനസാന്ദ്രതയേറെയുള്ള ഈ പ്രദേശത്ത് യാതൊരുവിധ നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടാകില്ലെന്ന് പ്രചരിപ്പിച്ചിരുന്നവരുടെ തനിനിറം പുറത്തുവന്നിരുക്കുകയാണ്. പ്രാദേശിക കക്ഷികള്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളെ വഷളാക്കി എങ്ങനെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്കൂടി ഭീഷണിയായിത്തീരുന്നു എന്നുള്ളതിന്റെ ഒരുദാഹരണമാണ് ഈ വിഷയം.

മഴവെള്ളവും പുഴകളും മറ്റ് ജലാശങ്ങളും കൊണ്ട് സമൃദ്ധമായ സ്വന്തം നാട്ടില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സ്വയം‌പര്യാപ്തത നേടാമായിരുന്നെങ്കിലും, കൃഷിയെ അവഗണിച്ചുകൊണ്ട് മറ്റുള്ളവരുടെ വിലപേശല്‍തന്ത്രങ്ങള്‍ക്ക് അടിമപ്പെടേണ്ടിവന്നത് നമ്മുക്ക് ഒരു ഗുണപാഠമായിരിക്കും.


(പത്രസ്ഥാപനത്തില്‍ മുന്‍‌കൂട്ടി തയ്യാറാക്കിവെച്ചിരിക്കുന്ന ‘ദുരന്തവാര്‍ത്താക്കുറിപ്പ്‘ !!!)

7 comments:

നിരക്ഷരൻ said...

ഈ പോസ്റ്റിന്റെ ലിങ്ക് സേവ് കേരള ബ്ലോഗിലേക്ക് ചേര്‍ത്തിട്ടുണ്ട്. നന്ദി നമസ്ക്കാര്‍ .

നിരക്ഷരൻ said...

ഈ പോസ്റ്റിന്റെ ലിങ്ക് സേവ് കേരള ബ്ലോഗിലേക്ക് ചേര്‍ത്തിട്ടുണ്ട്. നന്ദി നമസ്ക്കാര്‍ .

ചാണക്യന്‍ said...

“പ്രാദേശിക കക്ഷികള്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളെ വഷളാക്കി എങ്ങനെ രാജ്യത്തിന്റെ അഘണ്ഡതയ്ക്ക്കൂടി ഭീഷണിയായിത്തീരുന്നു എന്നുള്ളതിന്റെ ഒരുദാഹരണമാണ് ഈ വിഷയം....”

pandavas... said...

മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോന്നെഴുതി വടാണോ നമസ്ക്കരാ...

നല്ല പോസ്റ്റ്.

വാഴക്കോടന്‍ ‍// vazhakodan said...

നിസ്വാര്‍ത്ഥമായ ഒരു രാഷ്ട്രീയ നേത്യത്വം നമുക്കില്ലാതെ പോയതില്‍ ദുഃഖിക്കുക. അല്ലെങ്കില്‍ ഒറ്റക്കെട്ടായി നിന്നു നമുക്ക് പലതും നേടിയെടുക്കാമായിരുന്നു!
വളരെ നല്ല പോസ്റ്റ് !

Mr. K# said...

തമിഴ്നാട്ടിലെ ഒന്നു രണ്ടു മന്ത്രിമാരെ കേരളത്തിനു കിട്ടിയിരുന്നെങ്കില്‍‌‌ പണ്ടേക്കു പണ്ടേ പുതിയ അണക്കെട്ട് വന്നേനെ. പുഷ്പം‌‌ പോലെയല്ലേ അവര്‍‌‌ പാലക്കാടിനെ പൊട്ടിച്ച് സേലം‌‌ ഡിവിഷനെ വലുതാക്കിയത്.
അവന്‍‌‌‌‌മാര്‍‌‌ റോഡ് ഉപരോധിക്കുന്നെങ്കില്‍‌‌ ഉപരോധിക്കട്ടെ. ഒരു ലക്ഷം‌‌ മനുഷ്യജീവനേക്കാള്‍‌‌ വലുതല്ല ഒന്നും‌‌....

ഷൈജൻ കാക്കര said...

ദേശീയ കക്ഷികളുടെ അഭിപ്രായം എന്താണ്‌. നീണ്ട മൗനം!

തമിഴ്‌നാട്ടിലെ സി.പി.ഐ. കേരള തിരുമാനത്തിനെതിരാണ്‌.

അതൊക്കെ പോട്ടെ, കേരളത്തിലെ തമിഴ്‌ വോട്ട്‌ നഷ്ടപെടും എന്ന്‌ കണക്ക്‌കൂട്ടി കേരളത്തിലെ ഒരു പാർട്ടിയും ഒരു തിരഞ്ഞെടുപ്പിലും മുല്ലപെരിയാർ ചർച്ച ചെയ്യാറില.

നമുക്ക്‌ ചർച്ച ചെയ്യാൻ അന്താരാഷ്ട്ര വിഷയങ്ങളുണ്ടല്ലോ!