Monday, 28 July 2008

വാണം വിടുന്ന ശാസ്ത്രവും ആണവശാസ്ത്രവും

ഒരു അവസരത്തില്‍ വാണം വിടുന്ന ശാസ്ത്രം ഏറെ വിമര്‍‌ശനങ്ങള്‍ ഏറ്റുവാങ്ങിയിരിന്നു - വിക്ഷേപിക്കുന്ന റോക്കറ്റുകളെല്ലാം നേരെ കടലിലേക്ക് കൂപ്പ് കുത്തിയിരുന്ന കാലം. കോടിക്കണക്കിന് രൂപ അങ്ങനെ കടലില്‍ കളയുന്നു, ആ കാശുണ്ടായിരുന്നെങ്കില്‍ മറ്റെന്തെല്ലാം കാര്യങ്ങള്‍ നടത്താമായിരുന്നു എന്നൊക്കെ പലരും പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് കാര്യമായ സഹായമില്ലാതെ തന്നെ ഇപ്പോള്‍ നാം ഏറെ മുന്നിലെത്തിയിരിക്കുന്നു, മറ്റ് രാജ്യങ്ങളുടെ എട്ട് കുട്ടി ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ടും ചേര്‍ത്ത് പത്ത് ഉപഗ്രഹങ്ങള്‍ ഒരേ സമയം വഹിച്ച് കൊണ്ട് പോയി അതാതിന്റെ ഭ്രമണപഥത്തില്‍ നിക്ഷേപിച്ച PSLV-C9 റോക്കറ്റിന്റെ റെക്കോര്‍ഡ് നേട്ടമാണ് നാം അവസാനം കണ്ടത്. ഇപ്പോള്‍ കാലാവസ്ഥ നിരീക്ഷണം തുടങ്ങിയ മേഖലകളില്‍ നല്‍കുന്ന സംഭാവനകള്‍ക്ക് പുറമെ, ISRO ഗവേഷണത്തിനായി മുടക്കുന്ന ഓരോ രൂപയ്ക്കും വിദേശ മാര്‍ക്കറ്റില്‍ നിന്ന് ഇരട്ടിയായി തിരിച്ചു കിട്ടുന്നുവെന്നാണ് അറിയുന്നത്. റഷ്യയെ പോലെ സഹായിക്കാന്‍ താത്പര്യമുള്ള രാജ്യങ്ങളുടെ മികച്ച സഹകരണം കൂടി കിട്ടിയിരുന്നെങ്കില്‍ (അന്താരാഷ്ട്ര ഒറ്റപ്പെടുത്തലുകള്‍ ഇല്ലായിരുന്നുവെങ്കില്‍) നമ്മുക്ക് ഈ നേട്ടം കുറച്ച് നേരത്തെ തന്നെ നേടാമായിരിന്നു. (PSLV-C9 ഭ്രമണപഥത്തിലെത്തിച്ച കുട്ടി ഉപഗ്രഹങ്ങള്‍ യുണിവേര്‍സിറ്റി ‘പിള്ളേര്’ നിര്‍മ്മിച്ചതാണ്!)

ആണവനിലയങ്ങളുടെ കാര്യത്തില്‍ പല സാങ്കേതികവിദ്യകള്‍ നിലവിലുണ്ട്. (ബൂലോകത്ത് ചിലര്‍ പറയുന്നത് പോലെ യുറേനിയത്തില്‍ രണ്ട് ഇലട്രോഡുകള്‍ എടുത്ത് വച്ചാല്‍ കറണ്ട് വരില്ല!). അതില്‍ HWR (ഹെവി വാട്ടര്‍ റിയാക്ടര്‍) പോലെ ഏതാനും സാങ്കേതികവിദ്യകളില്‍ മാത്രമേ നമ്മുക്ക് പ്രാവീണ്യമുള്ളു. പരീക്ഷണ നിലയിലായ മൂന്ന ഘട്ടങ്ങളുള്ള തോറിയം സൈക്കിള്‍ സാങ്കേതിക വിദ്യയിലാണ് ഇന്ത്യ പ്രതീക്ഷ അര്‍‌പ്പിച്ചിരിക്കുന്നത്. LWR (ലൈറ്റ് വാട്ടര്‍ റിയാക്ടര്‍) സാങ്കേതിക വിദ്യ താരതമ്യേന ചിലവുകുറഞ്ഞതും കൂടുതല്‍ സുരക്ഷിതവുമാണെന്ന് പറയപ്പെടുന്നു. LWR സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണെങ്കില്‍ തോറിയം സാങ്കേതിക വിദ്യ കൂടുതല്‍ ലളിതമാക്കാമെന്നാണ് കരുതുന്നത്, പക്ഷേ LWR സാങ്കേതിക വിദ്യ നമ്മുക്ക് സ്വായത്തമല്ല. ഈ സാങ്കേതിക വിദ്യ നമ്മുക്ക് നല്‍കാന്‍ റഷ്യ തയാറാണെങ്കിലും, NSG നിയന്ത്രണങ്ങള്‍ മൂലം അവര്‍ക്ക് അത് കഴിയാത്ത അവസ്ഥയാണ്. HTR (ഹൈ ടെമ്പറേച്ചര്‍ ഗ്യാസ്കൂള്‍ഡ് റിയാക്ടര്‍) എന്ന സാങ്കേതിക വിദ്യയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ചൈന. HTR സാങ്കേതികവിദ്യ ജെര്‍മ്മനി നിര്‍ത്തിവെച്ചിടത്ത് നിന്നാണ് ചൈന ഗവേഷണം തുടങ്ങിയത്. മോഡുലര്‍ ആയി പെട്ടെന്ന് നിര്‍മ്മിക്കാവുന്ന ചെറു നിലയങ്ങള്‍ 2009ല്‍ നിര്‍മ്മിച്ച് തുടങ്ങാന്‍ ചൈന പദ്ധതിയിടുന്നു. കൂടുതല്‍ ഇന്ധന ക്ഷമതയുള്ള HTR നിലയങ്ങള്‍ ഉപയോഗിച്ച് ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാമെന്നും, ഭാവിയില്‍ തോറിയം ഇന്ധനമായി ഉപയോഗിക്കാമെന്നും പ്രതീക്ഷിക്കുന്നു.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഹകരണം കൂടി ഉണ്ടെങ്കില്‍ നമ്മുടെ ഗവേഷണം ത്വരിതപ്പെടുത്താമെന്നാണ് പറഞ്ഞുവരുന്നത്. ഭാവിയില്‍ ഇന്ത്യയുടെ തോറിയം റിയാക്റ്ററുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഗവേഷണത്തിനായി നാം മുടക്കിയ മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് തിരിച്ച് കിട്ടണമെങ്കില്‍ NSG, IAEA തുടങ്ങിയവയുമായി സഹകരിച്ചേ മതിയാകു, ആ സഹകരണം എത്രയും നേരത്തേ ആയാല്‍ അത്രയും നല്ലത്.

ആണവോര്‍ജ്ജം ഉപയോഗിച്ച് കാറും ബസ്സും ഓടിക്കാന്‍ പറ്റില്ലല്ലോ, ആയതിനാല്‍ ആണവനിലയങ്ങള്‍ക്ക് വേണ്ടി എന്തിന് കാശുമുടക്കുന്നു എന്നാണ് ചിലരുടെ ചോദ്യം. ട്രെയിന്‍ പോലുള്ള ബള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുകയും, കാറ്, ബൈക്ക് തുടങ്ങിയ ഇന്ധനക്ഷമത കുറഞ്ഞ സ്വകാര്യ യാത്രാ ഉപാദികള്‍ പരമാവധി നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആണവ നിലങ്ങളില്‍ നിന്നുള്ള വൈദ്യുതി തീര്‍ച്ചയായും ട്രെയിനുകള്‍ക്ക് ഉപയോഗിക്കാം. മറ്റ് വാഹനങ്ങളില്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകളുടെ ചിലവ് കുറയ്ക്കാനും ഹൈഡ്രജന്‍ ഉല്‍പാദപ്പിക്കാനുള്ള ചിലവ് കുറഞ്ഞ മാര്‍ഗങ്ങളെ കുറിച്ചും ഗവേഷണങ്ങള്‍ നടന്ന് വരുന്നു. ഇതില്‍ ആണവോര്‍ജ്ജത്തിന് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

കുടിവെള്ളം കിട്ടാത്ത എത്രയോ ഗ്രാമങ്ങളുണ്ട്, അവര്‍ക്ക് ഈ ആണവനിലയങ്ങള്‍ കൊണ്ടെന്ത് ഗുണമെന്ന് ചിലര്‍. ആണവ നിലങ്ങള്‍ ഉപയോഗിച്ച് വന്‍ തോതില്‍ വെള്ളം ശുദ്ധീകരിക്കാവുന്നതാണ്. കടല്‍വെള്ളം ഇത്തരത്തില്‍ ശുദ്ധീകരിക്കാനുള്ള ഡീസാലിനേഷന്‍ പ്ലാന്റുകള്‍ ചെന്നൈ/കല്‍പ്പാകം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഉപയോഗിച്ച് വരുന്നു.

കാറ്റും സൂര്യപ്രകാശവും നമ്മുക്ക് ആവശ്യം പോലുണ്ടല്ലോ, വിലകൂടിയ ആണവോര്‍ജ്ജത്തിന്റെ ആവശ്യമുണ്ടോ എന്ന് ചിലര്‍. (ഒരു ബ്ലോഗറുടെ കമന്റ് ഇപ്രകാരം - “ഇന്ത്യയിലെ തുറസ്സയ സ്ഥലങ്ങളിലെല്ലാം കാറ്റാടിയും, കെട്ടിടങ്ങളില്‍ സൌരോജ്ജ സംവിധാനവും നടപിലാക്കിയാല്‍ നിലവിലുള്ളതും കൂടി ചേര്‍ന്നാല്‍ ഊര്‍ജ്ജം നമുക്കു ധാരാ‍ളം!“ ലൈറ്റില്ലാത്ത സൈക്കളില്‍ നിന്ന് കാറ്റ് ഊരിവിട്ടിട്ട് പൊലീസ് ചോദിച്ചിരുന്നത് ഓര്‍മ്മവരുന്നു - നിലാവുള്ളപ്പോള്‍ ലൈറ്റ് വേണ്ടെങ്കില്‍ ചുറ്റിനും നല്ല കാറ്റ് ഉണ്ടെല്ലോ, ടയറിലെന്തിനാ കാറ്റ്!)

കാറ്റും സൂര്യപ്രകാശവും പരമാവധി ഉപയോഗിക്കപ്പെടേണ്ടത് തന്നെയാണ്. കാറ്റും സൂര്യപ്രകാശവും എല്ലാ സമയവും തുടര്‍ച്ചയായി ഒരേ അളവില്‍ കിട്ടില്ല, അതായത് നമ്മുക്ക് വേണ്ട സമയത്ത് കിട്ടില്ല അല്ലെങ്കില്‍ കിട്ടുന്ന സമയത്ത് ഉപയോഗിക്കാനേ കഴിയൂ. ബാറ്ററികളില്‍ സംഭരിച്ച് ഉപയോഗിക്കണമെങ്കില്‍ ചിലവ് വളരെ അധികമാകും. ചെറിയ തോതിലാണെങ്കില്‍ വെള്ളം പമ്പ് ചെയ്യുവാനോ, പാകം ചെയ്യുവാനോ ഒക്കെ ഉപയോഗിക്കാം. അതല്ലെങ്കില്‍ ചെയ്യാവുന്നത് മറ്റ് വൈദ്യുത നിലയങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഗ്രിഡിലേക്ക് അപ്പപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പ്രവഹിപ്പിക്കുക എന്നതാണ്. ഇങ്ങനെ വൈദ്യുതി പരമാവധി ഉപയോഗപ്പെടുത്തിയാലും, കാറ്റാടി യന്ത്രങ്ങളും സൌരോര്‍ജ്ജപാനലുകളും അതിന്റെ 25-30 വര്‍ഷം വരുന്ന ആയുസ്സിനിടയ്ക്ക് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന യൂണിറ്റ് വൈദ്യുതി പരിമിതമാണ്. (യന്ത്ര സാമഗ്രികളുടെ വില, അത് സ്ഥാപിക്കാന്‍ വേണ്ടിവരുന്ന മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍, ദൈനംദിന ചിലവുകള് തുടങ്ങിയവ കണക്കിലെടുത്താണ് വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത്. ഇതേ രീതിയില്‍ തന്നെയാണ് ആണവ വൈദ്യുതിയുടെ വിലയും കണക്കാക്കുന്നത്. ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടിവരുന്ന ചിലവ് തന്നെയാണ് പ്രധാനം. യുറേനിയത്തിന്റെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ വൈദ്യുതിയുടെ വിലയെ സാരമായി ബാധിക്കില്ലെന്ന് പറയാന്‍ കാര്യമിതാണ്.) അത് നിര്‍മ്മിക്കാന്‍ വേണ്ടിവരുന്ന ചിലവു പരിഗണിക്കുമ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതിയുടെ വില മറ്റ് ഊര്‍ജ്ജ ഉറവിടങ്ങളെ (ആണവോര്‍ജ്ജത്തേയും) അപേക്ഷിച്ച് വളരെ കൂടുതലാകുന്നു. നമ്മുടെ ജലവൈദ്യുത നിലയങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അതിന്റെ മുടക്ക്മുതല്‍ തിരികെത്തന്നതിനാലാണ് നമ്മുക്ക് വളരെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്നത്.

India's growing strides in space
Addressing Criticism On The Indo-US Nuclear Deal
Developed nations will look to India for FBRs in 2030
Nuclear Desalination

31 comments:

G Joyish Kumar said...

ഭാവിയില്‍ ഇന്ത്യയുടെ തോറിയം റിയാക്റ്ററുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഗവേഷണത്തിനായി നാം മുടക്കിയ മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്ന് തിരിച്ച് കിട്ടണമെങ്കില്‍ NSG, IAEA തുടങ്ങിയവയുമായി സഹകരിച്ചേ മതിയാകു, ആ സഹകരണം എത്രയും നേരത്തേ ആയാല്‍ അത്രയും നല്ലത്.

Manoj മനോജ് said...

നമസ്കാര്‍,
അപ്പോള്‍ പിന്നെ എന്ത് കൊണ്ട് ഇന്ത്യയ്ക്ക് എന്‍.എസ്സ്.ജി.യും, ഐ.എ.ഇ.എ.യുമായും കരാര്‍ ഒപ്പിട്ടു കൂടാ. ഇപ്പോഴും ഇന്ത്യ പറയുന്നത് അവരുമായി പ്രത്യേക കരാര്‍ മാത്രമേ ഉള്ളൂ എന്നാണ്. യഥാര്‍ത്ഥ കരാറില്‍ ഒപ്പിടുന്നതല്ലേ അതിലും നല്ലത്. 123, ഹൈഡ് ആക്ട് തുടങ്ങിയ നൂലാമാലകള്‍ ഒന്നുമില്ലാതെ തന്നെ ആണവ ഊര്‍ജ്ജം ഇന്ത്യയ്ക്ക് കിട്ടില്ലേ?

1979ലെ ത്രീ മൈല്‍ ഐലന്റ് ചോര്‍ച്ചയ്ക്ക് ശേഷം എന്ത് കൊണ്ട് അമേരിക്ക അവരുടെ രാജ്യത്ത് പുതിയ ആണവ നിലയങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ല? (http://www.ucsusa.org/news/press_release/three-mile-island-29-years-lat-0104.html)

അതായത് നമുക്ക് ഇപ്പോള്‍ കിട്ടുവാന്‍ പോകുന്നത് 1979ലെ കാലഹരണപ്പെട്ട റിയാക്ടറുകളോ അല്ലെങ്കില്‍ ഇതു വരെ പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത റിയാക്ടറുകളോ ആയിരിക്കും കിട്ടുക അല്ലേ. ഇനി ഈ വൈദ്യുതിക്ക് യൂണിറ്റിന് എന്ത് വില കൊടുക്കേണ്ടി വരും (ഇത് പണിയണമെങ്കില്‍ ലോക ബാങ്കില്‍ നിന്നും ലോണ്‍ എടുക്കണ്ടേ)?

simy nazareth said...

good article! thanks for this.

ഗുപ്തന്‍ said...

വിവരങ്ങള്‍ക്ക് നന്ദി നമസ്കാര്‍. യൂ ആര്‍ ഡൂയിംഗ് എ ഗ്രേറ്റ് ജോബ്!

ഒരു “ദേശാഭിമാനി” said...

(ഒരു ബ്ലോഗറുടെ കമന്റ് ഇപ്രകാരം - “ഇന്ത്യയിലെ തുറസ്സയ സ്ഥലങ്ങളിലെല്ലാം കാറ്റാടിയും, കെട്ടിടങ്ങളില്‍ സൌരോജ്ജ സംവിധാനവും നടപിലാക്കിയാല്‍ നിലവിലുള്ളതും കൂടി ചേര്‍ന്നാല്‍ ഊര്‍ജ്ജം നമുക്കു ധാരാ‍ളം!“ ലൈറ്റില്ലാത്ത സൈക്കളില്‍ നിന്ന് കാറ്റ് ഊരിവിട്ടിട്ട് പൊലീസ് ചോദിച്ചിരുന്നത് .............) ഞാനാണു ഈ കമന്റ് എഴുതിയതു. ഇതിൽ ഉറച്ചുനിൽക്കുന്നു എന്നു പറയാനുള്ള സാങ്കേതിക അറിവ് എനിക്കില്ല. എങ്കിലും ദിവസവും സി എൻ എൻ, ബിബിസി, നാ‍ച്ചുറൽ ജിയോഗ്രാഫിക്ക് ചാനൽ തുടങ്ങിയവയിൽ വരുന്ന വാർത്തകളും, ഇന്റർവ്യുകളുമാണു എന്നെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചതു. അമേരിക്ക, ഫ്രാൻസ്, ഇസ്രായേൽ, ഇഗ്ലണ്ട് ഇവരൊന്നും പുതിയ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ താല്പര്യം കാണിക്കത്ത്തെന്തുക്കൊണ്ടെന്നു മനസ്സിലാവുന്നില്ല. മാത്രമല്ല് ഇവരൊക്കെ സൌരോർജ്ജത്തേയും കാറ്റിനേയും ആശ്രയിച്ചുള്ള വൻ പദ്ധതികൾ തന്നെ ആസൂത്രണം ചെയ്തുവരുന്നു. ഇതെല്ലാം ദ്രുശ്യമധ്യമങ്ങളിൽ നിന്നും കിട്ടുന്ന വിവരമാണു. ഏതായാലും, ഇത്തരം പദ്ധതികൾ, തൊഴിലില്ലായ്മക്കും ഒരു പരിധിവരെ അറുതി വരുത്തുകയും ചെയ്യും.
സാങ്കേതിക അറിവ് കുറവാണങ്കിലും ഒന്നു ഉറപ്പിച്ചു പറയാം... ഈ സാധനം ഒരു ഭസ്മാസുരനാണു എന്നു!

Anonymous said...

Have a look on this link

http://www.eia.doe.gov/cneaf/nuclear/page/nuc_reactors/reactsum.html

http://www.world-nuclear.org/info/inf40.html

varuthae america cheyyunilla, france cheyyunilla yennokae parayunnathinnu munpu onnu google cheythuu nookikoodaey....

G Joyish Kumar said...

മനോജ്,

NPTയും, CTBTയും ഇന്ത്യ ഒപ്പിട്ടിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് എന്‍.എസ്സ്.ജി.യും, ഐ.എ.ഇ.എ.യുമായും നേരിട്ട് കരാര്‍ ഒപ്പിടാമായിരുന്നു.

ത്രീ മൈല്‍ ഐലന്റ് അപകടത്തിന് ശേഷം ആണവനിലയങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് വളരെ ശക്തമായിരുന്നു. അതിന് ശേഷം പുതിയ നിലയങ്ങള്‍ സ്ഥാപിച്ചില്ല എന്നതും ശരിയാണ്. എന്ന് കരുതി പ്രവര്‍ത്തിച്ചിരുന്ന നിലയങ്ങളെല്ലാം അടച്ച് പൂട്ടിയില്ല, ഇപ്പോഴും ഏറ്റവും കൂടുതല്‍ ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയില്‍ തന്നെയാണ്. ആണവനിലയങ്ങള്‍ക്കെതിരെ അന്ന് രൂപികരിച്ച ഗ്രീന്‍പീസ് സംഘടനയുടെ സ്ഥാപകരില്‍ ഒരാള്‍, Patrick Moore, ഇപ്പോള്‍ ആണവനിലയങ്ങള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്.

2002ല്‍ തുടങ്ങിയ Nuclear Power 2010 Program പ്രകാരം പുതിയ ആണവനിലയങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അവരുടെ തീരുമാനം.

G Joyish Kumar said...

സിമി, ഗുപ്തന്‍, CrusaderHiFi,

കമെന്റിനു നന്ദി.

ഒരു “ദേശാഭിമാനി” said...

അമേരിക്കയിൽ പുതിയതായി ന്യുക്ലിയർ പവ്വർ സ്റ്റേഷനുകൾ സ്ഥപിക്കുന്നില്ല എന്നു മാത്രമല്ല, ഉള്ളതു തന്നെ ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലുമല്ലെ! കേരളം പോലെ ജനസാന്ദ്രത ഏറിയ സ്ഥലങ്ങളിൽ അവർ ഇതു സ്ഥാപിച്ചിട്ടുണ്ടോ? അഥാവാ ഇനി പുതിയതായി അവർ സ്ഥാപിച്ചാൽ തന്നെ, പുതിയ ടെൿനോളജിയും, സുരക്ഷിതത്വവും ഉറപ്പുവരുത്തിയിട്ടല്ലെ ചെയ്യൂ? നമുക്കു, അതിഉള്ള സംവിധാനങ്ങൾ ഉണ്ടോ? ആണ്ടിൽ 365 ദിവസവും മത തീവ്രവാദികളുടെയും ഭീകരുടെ ഭീഷണി നിലനിൽക്കുന്ന നമ്മുടെ നാട്ടിൽ എത്ര സുരക്ഷിതമായി ഈ പദ്ധതികൾ നടപ്പിലാക്കൻ പറ്റും?

പിന്നെ ഒരു സായിപ്പ് “ ഇതു നല്ലാതാണു എന്നു പറഞ്ഞു ഒരു പുസ്തകമോ, പഠനം നടത്തിയ ഒരു റിപ്പോർട്ടോ കാണിച്ചാൽ അതു വിശ്വസിക്കുന്നതിനു മുൻപു നമ്മുടെ സാഹചര്യം, ആവശ്യം, സാധ്യാതകൾ, സുരക്ഷിത്വം, ചിലവ്, പ്രയോജനം, പദ്ധ്തിയിൽ നിന്നുള്ള വരുമാനം, അസംസ്ക്രുത വസ്തുക്കളുടെ നിരന്തരമായ ലഭ്യത ഇതൊക്കെ കണക്കിലെടുക്കേണ്ടേ?

ഗുണം ആയാൽ അനുഭവിക്കുന്നതും, അപകടം വന്നാൽ മരിക്കുന്നതും , നമ്മ്മുടെ ജനങ്ങളു ആണു. അപ്പോൾ എല്ലാ ഹിഡൻ അജണ്ട്കളും അറിയാനുള്ള അവകാശം ജനങ്ങൾക്കും, അറിയിക്കാനുള്ള ബാധ്യത സർക്കാറിനും ഇല്ലെ?

എന്നേപ്പോലെ തന്നെ ,സാങ്കേതിക പരിജ്ഞാനമില്ലാത്തവരും അജ്ഞരുമാണു ഇക്കര്യത്തിൽ ഇന്ത്യയിലെ 99.999% ജനങ്ങളും! അവരുടെ ഭയം ഇല്ലാതാക്കാനുള്ള ധാർമ്മിക കടപ്പാടു എനർജി വകുപ്പിനും, ഭരണകർത്താക്കൾക്കും ഉണ്ടു.

വാദിക്കാൻ വേണ്ടി വാദിക്കുകയല്ല, മറിച്ചു സുരക്ഷിതമായ വഴികൾ തേടാനുള്ള ഒരു മാർഗ്ഗമായി ഈ അഭിപ്രായങ്ങൾ കാണുമല്ലൊ!

G Joyish Kumar said...

ഒരു “ദേശാഭിമാനി”,

സാങ്കേതികമായി പറഞ്ഞാല്‍ നമ്മുടെ ആവശ്യത്തില്‍ കൂടുതല്‍ ഊര്‍ജ്ജം (5 kWh per sq.m per day) സൂര്യരശ്മിയില്‍ അടങ്ങിയിട്ടുണ്ട്, പക്ഷേ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പോലെ പ്രായോഗികമായി അതിനെ ചൂഷണം ചെയ്യുവാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട്. അതുപോലെ തന്നെ കാറ്റിന്റെ കാര്യവും. താങ്കള്‍ പറയുന്നത് പോലെ തുറസ്സായ സ്ഥലങ്ങളിലെല്ലാം കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ കഴിയില്ല. കാറ്റിന് 45-90km/hr വേഗതയുള്ള ഇടങ്ങളില്‍ മാത്രമേ ഇതിന് സാദ്ധ്യതയുള്ളു.

G Joyish Kumar said...

ഒരു “ദേശാഭിമാനി”,

എന്റെ നിലപാട് നേരത്തേ തന്നെ വ്യക്തമാക്കി കഴിഞ്ഞു.

അടുത്ത ഇരുപത് വര്‍ഷങ്ങള്‍‌ക്കുള്ളില്‍ ഇന്ത്യയുടെ ഊര്‍ജ്ജോല്‍പ്പാദന ശേഷി ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കേണ്ടി വരും.വര്‍‌‌ദ്ധിച്ചു വരുന്ന ഊര്‍‌ജ്ജാവശ്യങ്ങള്‍ക്ക് വേണ്ടി സൌരോജ്ജം, കാറ്റ്, തിരമാല, ജൈവ ഇന്ധനം തുടങ്ങിയ പാരമ്പര്യേതര ഊര്‍ജ്ജ ഉറവിടങ്ങളും നിലവിലുള്ള സ്രോതസുകള്‍ക്കൊപ്പം തന്നെ ഉപയോഗിക്കേണ്ടതുണ്ട്. അതല്ലാതെ ആണവ നിലയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ കല്‍ക്കരിനിലയമാണ് നല്ലതെന്നും, കല്‍ക്കരിനിലയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഗ്യാസതീഷ്ടിത താപനിലയമാണ് നല്ലതെന്നോ, ജലവൈദ്യുത നിലയത്തില്‍ നിന്ന് വൈദ്യുതി വെറുതെ കിട്ടുമെന്നോ പറയാതെ സാദ്ധ്യമായ എല്ലാ സങ്കേതങ്ങളും ചൂഷണം ചെയ്യുകയേ നിവര്‍ത്തിയുള്ളു.

ഗുണം ആയാൽ അനുഭവിക്കുന്നതും, അപകടം വന്നാൽ മരിക്കുന്നതും , നമ്മ്മുടെ ജനങ്ങളു ആണു. അപ്പോൾ എല്ലാ ഹിഡൻ അജണ്ട്കളും അറിയാനുള്ള അവകാശം ജനങ്ങൾക്കും, അറിയിക്കാനുള്ള ബാധ്യത സർക്കാറിനും ഇല്ലെ?

താങ്കളെ പോലുള്ളവരുടെ ഉല്‍ക്കണ്ഠകള്‍ ദൂരികരിക്കപ്പെടേണ്ടത് തന്നെയാണ്, അതിന് സര്‍ക്കാരും ശാസ്ത്രസമൂഹവും മുന്നിട്ടിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

ഒരു “ദേശാഭിമാനി” said...

Namaskar,

ഞ്ങ്ങളെ പോലുള്ളവരുടെ ഉൽകണ്ഠകൾ ഉൾകൊണ്ട വിശദീകരണത്തിനു നന്ദി,

Mr. K# said...

നമസ്കാറിനൊരു നമസ്കാരം. നല്ല പോസ്റ്റ്.

G Joyish Kumar said...

നമസ്കാരം കുതിരവട്ടന്‍.

ഹരീഷ് ചിത്തിര said...

Good, and thank you for the post. We are grateful to you.

G Joyish Kumar said...

harish,
Thanks for the comments.

Anonymous said...

good. keep it up

absolute_void(); said...

സൗരോർജ്ജ വിപ്ലവത്തിന്‌ എംഐറ്റി ഒരുങ്ങുന്നു

ചെടികളെ പാർത്ത്‌
സൂര്യനെ വേന്നു


നാമമാത്രമായ ഊർജ്ജസ്രോതസ്സ്‌ എന്ന നിലവിട്ട്‌ പ്രധാന ഊർജ്ജോത്പാദന മാർഗ്ഗമായി സൂര്യപ്രകാശത്തെ മാറ്റാൻ വഴിയോരുങ്ങുന്നു. വൻതോതിൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്നതിലുള്ള വലിയ തടസ്സങ്ങളാണ്‌ മാസാചുസെറ്റ്‌ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ടെക്നോളജിയിലെ ഗവേഷകർ തകർക്കാൻ ശ്രമിക്കുന്നത്‌. സസ്യങ്ങൾ ഊർജ്ജം ശേഖരിച്ചുവയ്ക്കുന്ന രീതിയിൽ നിന്ന്‌ പ്രചോദനമുൾക്കൊണ്ടാണ്‌ പുതിയ പഠനം.
നാളിതുവരെ പകൽമാത്രം ഉപയോഗിക്കാവുന്ന ഒരു ഊർജ്ജസ്രോതസ്സായിരുന്നു സൂര്യപ്രകാശം. സൗരോർജ്ജം പിന്നീടത്തെ ഉപയോഗത്തിനായി ശേഖരിച്ചുവയ്ക്കുന്നത്‌ താങ്ങാനാവാത്തവിധം ചെലവേറിയതും ഒട്ടും കാര്യക്ഷമമല്ലാത്തതും ആയ പ്രക്രിയയായിരുന്നതാണ്‌ ഇതിന്‌ കാരണം. എന്നാൽ ലളിതവും ചെലവുകുറഞ്ഞതും കാര്യക്ഷമവുമായ പ്രക്രിയയിലൂടെ സൗരോർജ്ജം ശേഖരിക്കാനാവുമെന്നാണ്‌ എംഐടിയിലെ ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്‌.
ശേഖരണവും സൂക്ഷിപ്പും നല്ലനിലയിൽ നടന്നാൽ ഒരു വർഷത്തേക്ക്‌ മനുഷ്യകുലത്തിന്‌ ആവശ്യമായത്രയും ഊർജ്ജം ലഭിക്കുവാൻ ഒരുമണിക്കൂറിൽ ഭൂമിയിൽ വീഴുന്ന സൂര്യപ്രകാശം മാത്രം മതിയാകും.
കാലങ്ങളായി മനുഷ്യൻ തേടിക്കൊണ്ടിരുന്ന ഊർജ്ജത്തിന്റെ നിർവാണം കണ്ടെത്തിയെന്നാണ്‌ എംഐറ്റി പ്രോഫസർ ഡാനിയൽ നോസിറ അവകാശപ്പെട്ടത്‌. സൗരോർജ്ജം സൂക്ഷിച്ചുവയ്ക്കാൻ മറ്റൊരു ഊർജ്ജ സ്രോതസ്സായ ഹൈഡ്രജെയിൻ തന്നെയാണ്‌ ഉപയോഗിക്കുന്നത്‌.
ചെടികളുടെ പ്രകാശസംശ്ലേഷണം അടിസ്ഥാനമാക്കി നോസിറയും മാത്യു കനാനും ചേർന്ന്‌ വികസിപ്പിച്ച പുതിയ സങ്കേതം സൗരോർജ്ജമുപയോഗിച്ച്‌ ജലത്തെ ഓക്സിജനും ഹൈഡ്രജനുമായി വിഘടിപ്പിക്കുകയാണ്‌ ചെയ്യുക. പിന്നീട്‌ ഈ വാതകങ്ങൾ ഒരു ഇന്ധന സെല്ലിനുള്ളിൽ വച്ച്‌ കൂട്ടിച്ചേർത്ത്‌ കാർബൺ രഹിത വൈദ്യുതോർജ്ജമാക്കി മാറ്റും. രാപകൽ വ്യത്യാസമില്ലാതെ വീട്ടാവശ്യത്തിനോ ഇലക്ട്രിക്‌ കാർ ഓടിക്കാനോ ഈ ഊർജ്ജം ഉപയോഗിക്കാം.
നോസിറയുടെയും കനാന്റെയും പ്രക്രിയയിലെ പ്രധാന പങ്കാളി ജലത്തിൽ നിന്ന്‌ ഓക്സിജൻ വേർതിരിക്കുന്ന ഒരു പുതിയ രാസത്വരകമാണ്‌. മറ്റൊരു രാസത്വരകം വിലപ്പെട്ട ഹൈഡ്രജൻ വാതകത്തെയും ഉദ്ദേ‍ീപിപ്പിക്കും. ജലത്തിലാഴ്ത്തിയ കോബാൾട്ട്‌ മെറ്റൽ, ഫോസ്ഫേട്‌, ഇലക്ട്രോഡ്‌ എന്നിവയടങ്ങിയതാണ്‌ പുതിയ ക്യാറ്റലിസ്റ്റ്‌. ഇലക്ട്രോഡിലേക്ക്‌ ഫോട്ടോവോൾട്ടായിക്‌ സെല്ലിൽ നിന്നോ കാറ്റാടിയിൽനിന്നോ മേറ്റ്‌വിടെനിന്നെങ്കിലുമോ ലഭിക്കുന്ന വൈദ്യുതി കടത്തിവിടുമ്പോൾ കോബാൾട്ടും ഫോസ്ഫേറ്റും ഇലക്ട്രോഡിനുമീതെ ഒരു നേർത്ത പടലമായി പടരുകയും ഓക്സിജൻ ഉത്പാദിപ്പിക്കുകയും ചെയ്യും.
ജലത്തിൽ നിന്ന്‌ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിവുള്ള പ്ലാറ്റിനം പോലെയുള്ള മറ്റൊരു രാസത്വരകം കൂടി ഉപയോഗിച്ചാൽ സസ്യങ്ങളിൽ പ്രകാശസംശ്ലേഷണ സമയത്ത്‌ നടക്കുന്ന ജലവിഭജനപ്രക്രിയ അതേപടി പുനഃസൃഷ്ടിക്കാം.
'പുതിയ രാസത്വരകം അന്തരീക്ഷ താപനിലയിൽ പ്രവർത്തിക്കും. വെള്ളത്തിന്‌ ന്യൂട്രൽ പിഎച്ച്‌ വാല്യു മതിയാകും. എളുപ്പത്തിൽ സ്ഥാപിക്കുകയുമാകാം,' നോസിറ വിശദീകരിച്ചു. "ഇത്‌ പ്രാവർത്തികമാകുമെന്ന്‌ എനിക്കുറപ്പാണ്‌, അനായാസം നടപ്പാക്കാൻ കഴിയും," അദ്ദേഹം പറഞ്ഞു.
ശുദ്ധമായ കാർബൺ രഹിത ഊർജ്ജത്തിലേക്കുള്ള 'മഹത്തായ കാലുവയ്പ്പ്‌' എന്നാണ്‌ പ്രകാശസംശ്ലേഷണ പഠനത്തിൽ വിദഗ്ദ്ധനായ ജെയിംസ്‌ ബാർബർ നോസിറയുടെയും കാനന്റെയും പഠനത്തെ വിശേഷിപ്പിച്ചതു. മനുഷ്യകുലത്തിന്റെ ഭാവിസമൃദ്ധിക്ക്‌ വലിയതോതിൽ സംഭാവന ചെയ്യാൻ കഴിയുന്ന പ്രധാനപ്പെട്ട കണ്ടെത്തലാണിതെന്ന്‌ ലണ്ടനിലെ ഇമ്പീരിയൽ കോളജിൽ ബയോകെമിസ്ട്രി പ്രോഫസറായ ബാർബർ തുടർന്നു. "ഊർജ്ജോത്പാദനത്തിൽ പുതിയ സാങ്കേതികവിദ്യകളുടെ കണ്ടുപിടുത്തത്തിനും അതുവഴി ഫോസിൽ ഇന്ധനങ്ങളിലുള്ള അമിതാശ്രയം കുറയ്ക്കുന്നതിനും ആഗോള കാലാവസ്ഥാ വ്യതിയാനത്തോട്‌ ക്രിയാത്മകമായി പ്രതികരിക്കുന്നതിനും ഇടയാക്കുന്ന അവരുടെ കണ്ടുപിടുത്തതിന്റെ പ്രാധാന്യം പാടിപ്പുകഴ്ത്തേണ്ട കാര്യമില്ല."
വൈദ്യുതി ഉപയോഗിച്ച്‌ ജലം വിഘടിപ്പിക്കാൻ നിലവിൽ ഉപയോഗിക്കുന്ന ഇലക്ട്രോളൈസേഴ്സ്‌ വ്യാവസായിക കാരണങ്ങളാൽ മാത്രമാണ്‌ തുടരുന്നത്‌. കൃത്രിമ പ്രകാശസംശ്ലേഷണത്തിന്‌ ഈ മാർഗ്ഗം അത്ര ചേർന്നതല്ല. കാരണം അതിന്‌ സസ്യജാലങ്ങളിലെ ഫോട്ടോസിന്തസിസുമായി യാതൊരു ബന്ധവുമില്ലാത്ത തരത്തിലുള്ള കൃത്രിമപരിസ്ഥിതി സൃഷ്ടിക്കണം.
പുതിയ ശാസ്ത്രവികാസത്തെ നിലവിലുള്ള ഫോട്ടോവോൾട്ടായിക്‌ സിസ്റ്റവുമായി വിളക്കിച്ചേർക്കുന്നതിന്‌ കൂടുതൽ എഞ്ചിനീറിങ്‌ ജോലികൾ ആവശ്യമാണ്‌. എന്നാൽ അത്തരം ഒരു സംവിധാനം നിലവിൽ വരുമെന്ന കാര്യത്തിൽ നല്ല ആത്മവിശ്വാസത്തിലാണ്‌ നോസിറ.
"ഇത്‌ തുടക്കം മാത്രമാണ്‌," ഷെസോണിസ്‌ ഫാമിലി ഫൗണ്ടേഷൻ ഫണ്ട്‌ ചെയ്യുന്ന സോളാർ റെവല്യൂഷൻ പ്രോജക്ടിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേടാരറും എനിഎംഐറ്റി സോളാർ ഫ്രോണ്ടിയേഴ്സ്‌ സെന്ററിന്റെ കോഡയറക്ടറുമായ നോസിറ പറഞ്ഞു. "ശാസ്ത്രസമൂഹം ഇതുമായി മുന്നോട്ടുപോവുകതന്നെയാണ്‌."
പത്തുവർഷത്തിനുള്ളിൽ വീട്ടുടമകൾക്ക്‌ വീട്ടിലേക്കാവശ്യമായ ഊർജ്ജം പകൽവെളിച്ചമുപയോഗിച്ച്‌ ഫോട്ടോവോൾട്ടായിക്‌ സെല്ലുകളുടെ സഹായത്തോടെ ഉത്പാദിപ്പിക്കാനാവുമെന്നാണ്‌ നോർസിയയുടെ പ്രതീക്ഷ. അധികമായി ലഭിക്കുന്ന ഊർജ്ജം ഭവനത്തിൽ തന്നെയുള്ള ഫ്യൂവൽ സെല്ലിൽ ശേഖരിക്കാനാവുമെന്നും ഒരു കേന്ദ്രത്തിൽ നിന്ന്‌ അസംഖ്യം കമ്പികളിലൂടെ വൈദ്യുതി വിതരണം ചെയ്യുന്ന സമ്പ്രദായം കെട്ടുകഥയായി മാറുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

G Joyish Kumar said...

ജലത്തിൽ നിന്ന്‌ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിവുള്ള പ്ലാറ്റിനം പോലെയുള്ള മറ്റൊരു രാസത്വരകം കൂടി ഉപയോഗിച്ചാൽ സസ്യങ്ങളിൽ പ്രകാശസംശ്ലേഷണ സമയത്ത്‌ നടക്കുന്ന ജലവിഭജനപ്രക്രിയ അതേപടി പുനഃസൃഷ്ടിക്കാം.
'പുതിയ രാസത്വരകം അന്തരീക്ഷ താപനിലയിൽ പ്രവർത്തിക്കും. വെള്ളത്തിന്‌ ന്യൂട്രൽ പിഎച്ച്‌ വാല്യു മതിയാകും. എളുപ്പത്തിൽ സ്ഥാപിക്കുകയുമാകാം,' നോസിറ വിശദീകരിച്ചു. "ഇത്‌ പ്രാവർത്തികമാകുമെന്ന്‌ എനിക്കുറപ്പാണ്‌, അനായാസം നടപ്പാക്കാൻ കഴിയും," അദ്ദേഹം പറഞ്ഞു.


ഇത്‌ പ്രാവര്‍ത്തികമാകുമെന്ന് ആശിക്കാം.

Nat said...
This comment has been removed by the author.
Nat said...

നമസ്കാര്,

കാഴ്ചയില്ലാത്ത, പൂര്ണ്ണമായും വെളുത്ത കണ്ണുകളുള്ള കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ടോ?
ചോര വാര്ന്ന് ചോര വാര്ന്ന് മരിക്കുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ?
അംഗവൈകല്യത്തോട് കൂടി ജനിക്കുന്ന കുട്ടികളെ?

ഒരു atomic power plant നോട് തൊട്ട് കിടക്കുന്ന ഗ്രാമത്തില് ഞാന് കണ്ട കാഴ്ചകളാണിതൊക്കെ. നമ്മുടെ സുരക്ഷാ സമ്വിധാനങ്ങള് നല്ലതല്ലാത്തത് കൊണ്ടാണ് ഇതൊക്കെ എന്നു ഞാന് വിശ്വസിക്കുന്നില്ല. in fact, നമ്മുടെ ആണവനിലയങ്ങളിലെ സുരക്ഷാ സമ്വിധാനങ്ങള് അന്താരാഷ്ട്ര നിലവാരമുള്ളതാണ്. മറിച്ച് പലതും inevitable ആണ്.

atomic energy അങ്ങ് വഴിഞ്ഞൊഴുകുന്നതു കൊണ്ടാണോ എന്തൊ അവിടെ ഒരു ദിവസത്തില് 18 മണിക്കൂറ് വരെയായിരുന്നു power cut.

''കുടിവെള്ളം കിട്ടാത്ത എത്രയോ ഗ്രാമങ്ങളുണ്ട്, അവര്‍ക്ക് ഈ ആണവനിലയങ്ങള്‍ കൊണ്ടെന്ത് ഗുണമെന്ന് ചിലര്‍. ആണവ നിലങ്ങള്‍ ഉപയോഗിച്ച് വന്‍ തോതില്‍ വെള്ളം ശുദ്ധീകരിക്കാവുന്നതാണ്. കടല്‍വെള്ളം ഇത്തരത്തില്‍ ശുദ്ധീകരിക്കാനുള്ള ഡീസാലിനേഷന്‍ പ്ലാന്റുകള്‍ ചെന്നൈ/കല്‍പ്പാകം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഉപയോഗിച്ച് വരുന്നു....."

atomic energy ടൗണ്ഷിപ്പില് പോലും ആവശ്യത്തിനു വെള്ളം കിട്ടിയിരുന്നില്ല. പിന്നയല്ലേ ഗ്രാമങ്ങള്ക്ക് വെള്ളം കൊടുക്കുന്നത്.

അവിടുത്തെ nuclear pollution ഭയാനകമായിരുന്നു. കണ്ടോ തൊട്ടോ മണത്തോ അറിയാനാവാത്ത ഒരു ഭൂതം ചുറ്റുമുള്ളതു പോലെ ഭയാനകം.
അകത്തു നിന്നുള്ള കാഴ്ചകള് പലപ്പോഴും വ്യത്യസ്തമാണ്, സാര്...

"ബൂലോകത്ത് ചിലര്‍ പറയുന്നത് പോലെ യുറേനിയത്തില്‍ രണ്ട് ഇലട്രോഡുകള്‍ എടുത്ത് വച്ചാല്‍ കറണ്ട് വരില്ല!...." അതെ, അതു തന്നെയാണ് atomic energy യുടെ പ്രശ്നം.

ഏത് ഗ്രീന്പീസുകാരന് സായിപ്പ് എന്തൊക്കെ പറഞ്ഞാലും വളരെ ദൂരവ്യാപകമായ (എന്നു പറഞ്ഞാല് നൂറ് കണക്കിനല്ല ആയിരക്കണക്കിനു വര്ഷങ്ങള് വ്രെ) പ്രത്യാഘാതങ്ങളുണ്ടാക്കും ഈ റിയാക്ടറുകള്.

G Joyish Kumar said...

സൂര്യകാന്തി,
ഒരു atomic power plant നോട് തൊട്ട് കിടക്കുന്ന ഗ്രാമത്തില് ഞാന് കണ്ട കാഴ്ചകളാണിതൊക്കെ.

ഏത് ഗ്രാമത്തിന്റെ കാര്യമാണ്?

atomic energy ടൗണ്ഷിപ്പില് പോലും ആവശ്യത്തിനു വെള്ളം കിട്ടിയിരുന്നില്ല.

എപ്പോള്‍?

പിന്നയല്ലേ ഗ്രാമങ്ങള്ക്ക് വെള്ളം കൊടുക്കുന്നത്.

പൊതുവില്‍ ഡീസാലിനേഷന്‍ പ്ലാന്റുകളുടെ ന്യൂനതയാണെന്നാണോ, ന്യുക്ലിയര്‍ ഡീസാലിനേഷന്റെ കുഴപ്പമാണോ?.

Nat said...

1) കല്പാക്കം
2) ഇപ്പോഴും അങ്ങനെ തന്നെയാണ് എന്നറിയുന്നു
3) അതു പറയാനുള്ള സാങ്കേതിക ജ്ഞാനം എനിക്കില്ല

G Joyish Kumar said...

സൂര്യകാന്തി,

കല്പാക്കത്തെ കുറിച്ച് ആദ്യമായാണ് ഇങ്ങനെ ഒരു വാര്‍ത്ത കാണുന്നത്. താങ്കള്‍ സന്ദര്‍ശിച്ച ഗ്രാമം കൂടല്ലൂര്‍ ആയിരിക്കുമോ?

കല്പാക്കം ഡീസാലിനേഷന്‍ പ്ലാന്റിന്റെ ഇപ്പോഴുള്ള കപ്പാസിറ്റി 63,00,000 litre/day.

UAE പോലുള്ള രാജ്യങ്ങളില്‍ ഡീസാലിനേഷന്‍ വഴി കടല്‍ വെള്ളം ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നത്. ഡീസാലിനേഷന് വന്‍ തോതില്‍ ഊര്‍ജ്ജം ആവശ്യമുണ്ട്. ന്യൂക്ലിയര്‍ പ്ലാന്റില്‍ നിന്നുള്ള വൈദ്യുതിയും പാഴായിപ്പോയേക്കാവുന്ന താപവും ന്യൂക്ലിയര്‍ ഡീസാലിനേഷന് ഉപയോഗപ്പെടുത്തുന്നു.

Nat said...

കല്പാക്കം പോലെ തന്ത്രപ്രധാനം എന്നു വിശേഷിപ്പിക്കുന്ന സ്ഥലങ്ങളിലെ വാര്ത്തകള് സാധാരണ ജനങ്ങള് അറിയുമെന്ന്, അവരെ അറിയിക്കുമെന്ന് താങ്കള് വിശ്വസിക്കുന്നുണ്ടോ? അഥവാ അറിയിച്ചാല് തന്നെ അത് തന്നെയായിരിക്കുമോ സത്യം? .....
കല്പാക്കത്തെ പറ്റി 3-4 വര്ഷങ്ങള്ക്ക് മുന്പ് outlook ല് ഒരു ഫീച്ചര് വനനതായോര്ക്കുന്നു. mutation നടക്കുന്നുണ്ട് എന്നായിരുന്നു അവരുടെ കണ്ടെത്തല്.
അതെ താങ്കള് പറഞ്ഞതു പോലെ nuclear heat ഉപയോഗിച്ച് reverse osmosis വഴി ജലം ശുദ്ധീകരിക്കുന്നു. ഇങ്ങനെ ശുദ്ധീകരിച്ച ജലം അവര് ഏതൊക്കെ ഗ്രാമങ്ങള്ക്കാണ് നല്കുന്നത്? അവര് പുറത്തു വിടുന്ന ചില കണക്കുകള്ക്കപ്പുറത്തേക്ക് നമുക്കെന്താണറിയാവുന്നത്....

MAPS ല് നിന്ന് waste materials ബംഗാള് ഉള്ക്കടലിലേക്ക് ഒഴുക്കി കളയുന്നതായി കേട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ജലം ഉപയോഗിക്കുന്നത് എത്രത്തോളം സുരക്ഷിതമായിരിക്കും? അങ്ങനെ nuclear polluted ആയ ജലം ശുദ്ധീകരിക്കാന് reverse osmosis മതിയാകുമോ?
പ്രൊഫസര് ദീപാന്‍ജന് റായ് ചൗധരി എഴുതുന്നത് നോക്കൂ:
"The same problem of quick magnification of the effect of a small error into a major hazard overhangs the running of reactors. The DAE has never admitted to any incidents of this kind. Suspicious occurrences include a fire at Narora (1993), collapse of the protective containment at Kaiga (1994), the sudden power surge at Kakrapar reactor (2004}. On January 5, 2005, the Tamil daily Dinakaran reported a radioactive leak at the Kalpakkam nuclear plant. The DAE admitted nothing. Earlier a tsunami had hit the plant, to what effect nobody knows. A tsunami also hit the Koodankulam nuclear plant under construction. The DAE remain tight-lipped."
"What is covered up by the nuclear lobby of big capital and its tame scientists is that there is no safe dose of radiation, no threshold of safety. Cell mutation can be a one event affair. An energetic particle hits one cell and, if you are unlucky, there is a mutation and that's it -- you are on the way to malignant malaise."
ലിങ്ക്: http://www.thesouthasian.org/archives/2007/the_hoax_of_nuclear_power.html

കല്പാക്കം സന്ദര്ശനം അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലമല്ല. ഞാന് അവിടെ ചെറിയ കാലയളവില് ജോലി ചെയ്തിരുന്നു. ആ സമയത്ത് ജോലിയ്ക്കിടെ രണ്ട് ജോലിക്കാര്ക്ക് life dose, ഒരു ജീവിതകാലത്തില് ഒരു മനുഷ്യന് കിട്ടാവുന്ന maximum amount of radiation, കിട്ടിയിരുന്നു. 16 വയസ്സില് താഴെയുള്ള കുട്ടികളെയും ഗര്ഭിണികളായ സ്ത്രീകളെയും പ്രവേശിപ്പിക്കന് പാടില്ല എന്ന നിയമമുള്ളപ്പോള് തന്നെ പൂര്ണ്ണ ഗര്ഭിണികളായ സ്ത്രീകള് അവിടെ ജോലി ചെയ്തിരുന്നു. ദിവസേനെയെന്നോണം construction site ല് അപകടങ്ങളും മരണങ്ങളും നടന്നിരുന്നു. ഇതൊക്കെ പുറത്തറിയുമെന്നാണോ താങ്കള് കരുതുന്നത്?
ആനന്ദിന്റെ 'മരുഭൂമികള് ഉണ്ടാകുന്നത്' ഓര്മ്മ വരുന്നു. I am happy that I am out of that place now...

Nat said...

http://www.thesouthasian.org/archives/2007/the_hoax_of_nuclear_power.html

G Joyish Kumar said...

കല്പാക്കം പോലെ തന്ത്രപ്രധാനം എന്നു വിശേഷിപ്പിക്കുന്ന സ്ഥലങ്ങളിലെ വാര്ത്തകള് സാധാരണ ജനങ്ങള് അറിയുമെന്ന്, അവരെ അറിയിക്കുമെന്ന് താങ്കള് വിശ്വസിക്കുന്നുണ്ടോ? അഥവാ അറിയിച്ചാല് തന്നെ അത് തന്നെയായിരിക്കുമോ സത്യം? .....
കല്പാക്കത്തെ പറ്റി 3-4 വര്ഷങ്ങള്ക്ക് മുന്പ് outlook ല് ഒരു ഫീച്ചര് വനനതായോര്ക്കുന്നു. mutation നടക്കുന്നുണ്ട് എന്നായിരുന്നു അവരുടെ കണ്ടെത്തല്.


കല്പാക്കത്തെ വാര്‍ത്തകള്‍ ജനങ്ങള്‍ അറിയാന്‍ ഇടയില്ലാ എന്ന് പറയുമ്പോള്‍ തന്നെ outlookല്‍ ഫീച്ചര്‍ വന്നുവെന്ന് പറയുന്നു! അതായത് മറിച്ചും സംഭവിക്കാം - ഓവര്‍ സെന്‍സിറ്റീവായി റിപ്പോര്‍ട്ട് ചെയ്യുവാനും കഴിയും. മറ്റ് പല മേഖലയിലും ഉള്ളത് പോലെ ഈ മേഖലയിലും official coverup ഉണ്ടെന്ന് സമ്മതിക്കുന്നു.

റേഡിയേഷന്റെയും മറ്റും ദൂഷ്യങ്ങള്‍ മറ്റാരേക്കാളും നന്നായി അറിയാവുന്ന ശാസ്ത്രജ്ഞരും ഈ നിലയങ്ങളുടെ പരിസരത്ത് തന്നെയല്ലെ പണിയെടുക്കുന്നതും തങ്ങുന്നതും.

Nat said...

over sensitive ആയി റിപോര്ട്ട് ചെയ്യുവാന് കഴിയുമോ എന്നറിയാന് ഏതെങ്കിലും ഒരു atomic power plant സന്ദര്ശിച്ചു നോക്കൂ (അനുമതി കിട്ടിയാല്) ....ഔട്ട്ലുക്കില് വന്ന രണ്ട് പേജ് ലേഖനം over sensitive reporting ആയി എനിക്ക് തോന്നിയിരുന്നില്ല. അത്ര അപ്രധാനമായി ഒതുങ്ങി പോകേണ്ട ഒരു issue ആണിതെന്നും.

പിന്നെ, ശാത്രജ്ഞര് ഇതിനൊന്നും അതീതരല്ല. ഇതു പോലെയുള്ള സ്ഥലങ്ങളില് ജോലി ചെയ്ത് കാന്സര് രോഗികളായ ശാസ്ത്രജ്ഞര് ഉണ്ട്. BARC പോലെ ഈ രംഗത്ത് ഏറ്റവുമധികം ഗവേഷണം നടക്കുന്നയിടങ്ങളില് വലിയ റിയാക്ടറുകള് ഇല്ല എന്നതും ശ്രദ്ധേയമാണ്. ഞാന് പരാമര്ശിച്ചതും Test reactors ആയിരുന്നില്ല. ഒരു power plant run ചെയ്യിക്കുന്നത് ശാസ്ത്രജ്ഞരല്ലല്ലോ അവിടുത്തെ തൊഴിലാളികളല്ലേ?

G Joyish Kumar said...

അത്ര അപ്രധാനമായി ഒതുങ്ങി പോകേണ്ട ഒരു issue ആണിതെന്നും.

Kalpakkam Reprocessing Plantലെ ആറ് പേര്‍ക്ക് ഉണ്ടായ റേഡിയേഷന്‍ എക്സ്പോഷറിനെ കുറിച്ച് S. Anand ന്റെ Covering Kalpakkam On Hiroshima Day എന്ന റിപ്പോര്‍ട്ടിനെ കുറിച്ചായിരിക്കും താങ്കള്‍ പറയുന്നത് എന്ന് കരുതുന്നു.

According to Bhattacharjee, who rushed to Kalpakkam to reassure agitated workers, "The six workers will be kept away from radiation zones and given other tasks at the plant for a year or two. Otherwise there's no problem to their health."

However, M.V. Ramana, research staff member at the Program on Science and Global Security, Princeton University, and co-editor of Prisoners of the Nuclear Dream, points out: "The United Nations Scientific Commission on the Effects of Atomic Radiation estimated in its 2000 report that for an acute dose of 1 Sv the increased risk of death from solid cancers is 9% in men and 13% in women, and about 1% increased risk of leukaemia mortality. Thus, a person exposed to 280 mSv would have an increased cancer mortality risk of about 3%. This is in addition to the increased cancer risk from radiation doses through their working careers." S. Basu, the BARC in-charge at the Kalpakkam facility, however, was matter-of-fact on the issue: "If you accepted atomic energy, you cannot shy away from radioactivity. In a radioactive area, you are bound to get some radiation exposure."

പക്ഷേ താങ്കള്‍ ആദ്യം ചൂണ്ടികാണിച്ചത് പോലുള്ള ഭീകരാവസ്ഥ power plant കാരണം കല്പാക്കത്തിന്റെ പരിസര ഗ്രാമങ്ങളില്‍ ഉണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.

G Joyish Kumar said...

Public Perceptions About Atomic Energy Myths Vs. Realities

Dr. Prasanth Krishna said...

വളരെ നല്ല ഒരു പോസ്റ്റ്. നമ്മുടെ പിന്തിരിപ്പന്‍ രാഷ്ടീയക്കാര്‍ക്ക് എന്തുകൊണ്ട് ഇതൊന്നും അറിയാന്‍ കഴിയാതെ പോകുന്നു.

(ഒരു ബ്ലോഗറുടെ കമന്റ് ഇപ്രകാരം - “ഇന്ത്യയിലെ തുറസ്സയ സ്ഥലങ്ങളിലെല്ലാം കാറ്റാടിയും, കെട്ടിടങ്ങളില്‍ സൌരോജ്ജ സംവിധാനവും നടപിലാക്കിയാല്‍ നിലവിലുള്ളതും കൂടി ചേര്‍ന്നാല്‍ ഊര്‍ജ്ജം നമുക്കു ധാരാ‍ളം!“ ലൈറ്റില്ലാത്ത സൈക്കളില്‍ നിന്ന് കാറ്റ് ഊരിവിട്ടിട്ട് പൊലീസ് ചോദിച്ചിരുന്നത് ഓര്‍മ്മവരുന്നു - നിലാവുള്ളപ്പോള്‍ ലൈറ്റ് വേണ്ടെങ്കില്‍ ചുറ്റിനും നല്ല കാറ്റ് ഉണ്ടെല്ലോ, ടയറിലെന്തിനാ കാറ്റ്!)