Monday 30 June, 2008

TV സീരിയല്‍, കാര്‍ബണ്‍ ക്രെഡിറ്റ്, CFL

ലോഡ് ഷെഡ്ഡിങ്ങ് കാരണം TV സീരിയല്‍ കാണുന്നത് മുടങ്ങുമെന്നത് എല്ലാപേര്‍ക്കും അറിയാം. TV സീരിയലും കാര്‍ബണ്‍ ക്രെഡിറ്റും തമ്മിലെന്ത് ബന്ധമെന്ന് ചിന്തിക്കുന്നുണ്ടാവാം.

അടുത്ത കാലത്ത് പത്രങ്ങളില്‍ വന്ന ചില വാര്‍ത്തകളില്‍ ഒന്ന് കണ്ണോടിക്കാം.

വൈദ്യുതി ബോര്‍‌ഡിന് ലാഭം 4500 കോടി
Rlys to go for CFL for carbon credit

CFLs to replace incandescent bulbs in pilot project
U.S. firm’s offer to West Bengal to replace incandescent bulbs

ഈ വാര്‍ത്തകളുടെ ചുരുക്കം ഇതാണ് - നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാദാ ബള്‍ബിന് പകരം കോമ്പാക്റ്റ് ഫ്ലൂറസന്റ് ലാമ്പുകള്‍ (CFL) തുച്ഛമായ വിലയ്ക്കോ സൌജന്യമായോ നല്‍കാന്‍ താല്പര്യം പ്രകടിപ്പിച്ച് കൊണ്ട് പല കമ്പനികള്‍ വൈദ്യുതി ബോര്‍ഡുകളേയും റെയില്‍‌വേയേയും സമീപിച്ചതായും അതു വഴി ഉണ്ടാകാവുന്ന ഊര്‍ജ്ജലാഭത്തെയും കുറിച്ചാണ് വാര്‍ത്ത. ഊര്‍ജ്ജലാഭത്തില്‍ കൂടി കിട്ടുന്ന കാര്‍ബണ്‍ ക്രെഡിറ്റിന് വിപണിയിലുള്ള മൂല്യം കണക്കാക്കിയാണ് കമ്പനികള്‍ ഇത്തരത്തിലുള്ള സൌജന്യ പദ്ധതികളുമായി മുന്നോട്ട് വരുന്നത്.

കാര്യക്ഷമതയുള്ള വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നത് വഴി വൈദ്യുതി ലാഭിക്കാം, ആ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ വേണ്ടി പുറന്തള്ളേണ്ടുന്ന കാര്‍ബണ്‍‌ഡൈഓക്സൈഡ് അന്തരീക്ഷത്തില്‍ കലരാതിരിക്കാന്‍ ഇടയാക്കും. ഇതുപോലെ പല തരത്തിലും വൈദ്യുതി ഉപഭോഗം കുറയ്ക്കുക വഴി തുല്യമായ കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍‌ഹത നേടാം. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായി മാറ്റം വരാമെങ്കിലും, ഒരു യൂണിറ്റ് (kWh) വൈദ്യുതി സമം ഒരു കിലോ കാര്‍ബണ്‍‌ഡൈഓക്സൈഡ് എന്ന് കണക്കാക്കാം. ഒരു ടണ്‍ കാര്‍ബണ്‍‌ഡൈഓക്സൈഡ് കുറവ് സമം ഒരു കാര്‍ബണ്‍ ക്രെഡിറ്റ്. ഒരു കാര്‍ബണ്‍ ക്രെഡിറ്റിന് ഇപ്പോള്‍ മൂല്യം ഏകദേശം $10.

സാദാ ബള്‍ബിനെ അപേക്ഷിച്ച് CFLന്റെ കാര്യത്തില്‍ 10,000 ത്തോളം മണിക്കൂര്‍ വരുന്ന അതിന്റെ ആയുസ്സിനിടയ്ക്ക് CFLന്റെ വിലയെക്കാളും വരുന്ന മൂല്യത്തിനുള്ള കാര്‍ബണ്‍ ക്രെഡിറ്റ് നല്‍കുന്നു എന്നതാണ് ഇവിടെയുള്ള ആകര്‍ഷണം.

ഇതുപോലെ വൈദ്യുതി ലാഭിക്കാന്‍ കഴിയുന്ന ഒന്നാണ് ട്യൂബ് ലൈറ്റിന്റെ ഇലക്ട്രോണിക് ചോക്ക്. സാദാ ഇരുമ്പ് കോര്‍ ചോക്ക് ഉപയോഗിക്കുന്ന 14-15 വാട്ടിന്റെ സ്ഥാനത്ത് ഇലക്ട്രോണിക് ചോക്കിന് വേണ്ടത് 1 വാട്ട് മാത്രം. അതായത് കുറഞ്ഞ വിലയ്ക്ക് ഇലക്ട്രോണിക് ചോക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് വഴി പീക്ക് ലോഡ് കുറയ്ക്കുകയും ചെയ്യാം കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍ഹതനേടുകയും ചെയ്യാം.

TV യുടെ ഉപയോഗം (അതു വഴി ഒരു ഫാന്‍/ലൈറ്റ് = 100 + 60W) കുറയ്ക്കുക വഴി നല്ലൊരളവ് വൈദ്യുതി ലാഭിക്കാന്‍ കഴിയും. അപ്പോള്‍ കേരളത്തില്‍ TV സീരിയല്‍/റിയാലിറ്റി ഷോ നിരോധിച്ചാല്‍ സര്‍ക്കാരിന് എന്തുമാത്രം കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍ഹതയുണ്ടാവും. ;-)

4 comments:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

" കേരളത്തില്‍ TV സീരിയല്‍/റിയാലിറ്റി ഷോ നിരോധിച്ചാല്‍ സര്‍ക്കാരിന് എന്തുമാത്രം കാര്‍ബണ്‍ ക്രെഡിറ്റിന് അര്‍ഹതയുണ്ടാവും."

താങ്കളുടെ ചിന്ത കൊള്ളാം...
പ്രാവര്‍ത്തികമാവില്ലെങ്കിലും.. :)

siva // ശിവ said...

ഹോ ഭയങ്കരം ഈ ചിന്ത...എന്നാലും ഇതൊന്നും പ്രാവര്‍ത്തികമല്ല...

സസ്നേഹം,

ശിവ

G Joyish Kumar said...

TV സീരിയല്‍/റിയാലിറ്റി ഷോ നിരോധനം പ്രാവര്‍ത്തികമല്ലായിരിക്കാം, എന്തെന്നാല്‍ ചാനലുകള്‍ ആ സമയത്ത് വേറെ അണ്‍റിയാലിറ്റി ഷോകള്‍ തിരുകിക്കയറ്റും. :)

വൈദ്യുതി ഉപഭോഗം നാം പരമാവധി കുറയ്ക്കേണ്ടിയിരിക്കുന്നു, അതു കുറയ്ക്കുമ്പോള്‍ കാര്‍ബണ്‍ ക്രെഡിറ്റ് നേടാന്‍ കഴിയുമെന്നുള്ളത് ഇപ്പോള്‍ ഒരു മെച്ചം തന്നെയാണ്.

riyaz ahamed said...

കരണ്ടുവിഴുങ്ങി ഫിലമെന്റ് ബള്‍ബുകള്‍ ആരുടെയെങ്കിലും വീടുകളിലുണ്ടെങ്കില്‍ എല്ലാം മാറ്റാന്‍ മടിക്കേണ്ട.

220 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന 60 വാട്ട് വേണ്ടി വരുന്ന ഒരു സാദാ ബള്‍ബിനേക്കാള്‍ വെളിച്ചം വെറും 10 വാട്ടില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍ നല്‍കുന്നുണ്ട്. ഇങ്ങനെ ഒരു ബള്‍ബ് മാറ്റിയാല്‍ മാത്രം അതിന്റെ വൈദ്യുതി ഉപയോഗം ആറിലൊന്നായി ചുരുക്കാം.

ഇസ്തിരിയിടാന്‍ (അയേണ്‍ ചെയ്യാന്‍) ഒരു കോഡ്‌ലസ് അയേണ്‍ ഉപയോഗിച്ചാല്‍ ലാഭിക്കാവുന്ന വൈദ്യുതി ചെറുതല്ല. ആവശ്യമില്ലാതെ ചൂടായി നഷ്ടമാവുന്ന വൈദ്യുതി ആയിരക്കണക്കിനു വാട്ട് ആണ്. ഇത് കോഡ്‌ലസ് അയേണ്‍ വഴി ഒഴിവാക്കാം.