Sunday, 10 January 2010

ബസ് ചാര്‍‌ജ്ജ്: ലാലുവിനെ കണ്ട് പഠിക്കാം

യാത്രാക്കൂലിയും ചരക്ക് കൂലിയും വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിമാത്രമാണ് റെയില്‍‌വേ ബജറ്റ് അവതരിപ്പിക്കുന്നതെന്നുള്ള നമ്മുടെ ധാരണമാറ്റിയത് 'പ്രൊഫസര്‍' ലാലുപ്രസാദാണ്. റെയില്‍‌വേ ബജറ്റ് സാധാരണക്കാരന്റെ നടുവൊടിക്കുമെന്നും, ഇതിനെത്തുടര്‍ന്നുള്ള വിലക്കയറ്റം കാരണം ജനം പൊറുതിമുട്ടുമെന്നൊക്കെയുള്ള സ്ഥിരം പല്ലവികള്‍ നാം മുന്‍പ് കേട്ടിരുന്നു. ഈ 'കീഴ്വഴക്കം' മാറ്റി, കൂലികള്‍ കുറച്ചും റയില്‍‌വേയെ ലാഭകരമായി പ്രവര്‍ത്തിപ്പിക്കാമെന്ന് ലാലുപ്രസാദ് - സുധീര്‍ കുമാര്‍ ടീം കാട്ടിത്തന്നു. രാജ്യത്തെ റയില്‍‌പാളത്തില്‍ കൂടി ട്രയിന്‍ ഓടിക്കുന്നത് ഇന്ത്യന്‍ റയില്‍‌വേയുടെ കുത്തകയാണെങ്കിലും ചരക്കു ഗതാഗതത്തിലും യാത്രക്കാരെ നീക്കുന്നതിലുമുള്ള കുത്തക നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‍ മനസ്സിലാക്കി അതിനു വേണ്ടുന്ന തിരുത്തല്‍ നടപടികളെടുക്കുകയും ഓരോ ട്രയിനില്‍ നിന്നുമുള്ള വരുമാനം പരമാവധി വര്‍ദ്ധിപ്പിക്കുവാനും (faster, heavier & longer trains, reduced wagon turnaround time, etc) പാഴ്ചിലവുകള്‍ കുറയ്ക്കാനും പരസ്യവരുമാനം വര്‍ദ്ധിപ്പിക്കാനുമൊക്കെ കഴിഞ്ഞതിന്റെ ഫലമായാണ് യാത്രാക്കൂലി കുറച്ചുകൊണ്ട് 'ലാലുമാജിക്' സാദ്ധ്യമായത്. 

റോഡ് ഗതാഗതത്തിലും സമാനമായ നടപടികള്‍ എടുക്കാവുന്നതല്ലേ? എന്തുകൊണ്ട് കൂടുതല്‍ ആള്‍ക്കാര്‍ സ്വകാര്യവാഹനങ്ങളെ, പ്രത്യേകിച്ചും ടൂവീലറുകളെ ആശ്രയിക്കുന്നു? (അതിനാല്‍ അപകടങ്ങളും കൂടുന്നു) അയല്‍ സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുമ്പോഴും, യാത്രക്കാരെ കുത്തിനിറച്ചുകൊണ്ട് പോകുന്ന ബസ്സുകള്‍ എന്തുകൊണ്ട് നഷ്ടത്തിലാവുന്നു? ബസ് സര്‍വീസുകള്‍ക്ക് യാത്രാക്കൂലി കൂടാതെ വരുമാന മാര്‍ഗങ്ങള്‍ എന്തൊക്കെ, പ്രവര്‍ത്തനചെലവ് കുറയ്ക്കാന്‍ വഴികള്‍ ഏതൊക്കെ? 

സ്വകാര്യബസ്സുകളുടെ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാമെങ്കില്‍ തന്നെ പാഴ്ചിലവുകള്‍ പലതും കുറയ്ക്കാന്‍ കഴിയും. ബസ്സുകളുടെ മത്സരപ്പാച്ചിലാണ് പല അപകടങ്ങള്‍ക്കും കാരണമെന്ന് പറയേണ്ടതില്ലല്ലോ, കൂടാതെ കുറഞ്ഞ ഇന്ധനക്ഷമത, ടയറുകളുടേയും മറ്റ് സ്പേയര്‍ പാര്‍‌ട്ട്സിന്റെയും അധിക തേയ്മാനം തുടങ്ങി അധികചിലവുകളുടെ ഒരു നീണ്ടലിസ്റ്റ് ഉണ്ടാവും. റൂട്ടുകള്‍ നേടുന്നതിനുള്ള അഴിമതി, മുടക്കുമുതല്‍ കണ്ടെത്തുന്ന ഹയര്‍പര്‍ച്ചേസ് സ്കീമുകളിലെ പലിശ, അങ്ങനെ എല്ലാ ബാദ്ധ്യതകളും യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഈ മരണപാച്ചിലില്‍പ്പെട്ട് നടുവൊടിക്കാമെന്നല്ലാതെ യാത്രക്കാര്‍ക്ക് നേട്ടമൊന്നുമില്ലതാനും. 

എന്താണ് പരിഹാരം?

എപ്പോഴും ഭിന്നിച്ചുനില്‍ക്കുകയും യാത്രാനിരക്ക് വര്‍ദ്ധപ്പിക്കുന്നതിന് വേണ്ടി മാത്രം ഒന്നിക്കുകയും ചെയ്യുന്ന എല്ലാ സര്‍വീസുകളേയും കൂട്ടിയോജിപ്പിച്ച് ഒന്നോ രണ്ടോ കമ്പനി രൂപീകരിക്കുകയാണ് ഇതിന് പരിഹാരം. സര്‍വീസുകളുടെ മേല്‍നോട്ടം പ്രൊഫഷണല്‍ മാനേജ്മെന്റുകളെ ഏല്‍പ്പിച്ചാല്‍ പ്രവര്‍ത്തനച്ചിലവ് കുറയ്ക്കാനും, യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാനും, ജീവനക്കാര്‍ക്ക് ഭേദപ്പെട്ട തൊഴില്‍ സാഹചര്യം സൃഷ്ടിക്കാനും, കൂടുതല്‍ അടിസ്ഥാന സൌകര്യ വികസനം നേടാനും സാധിക്കും.

വിശദമായി ഇവിടെ വായിക്കാം.
For an efficient public transport system in Kerala

5 comments:

pandavas... said...

ഒരു കയ്യടി എന്റെ വക...

നിസ്സഹായന്‍ said...

നമസ്ക്കാറേ..നമസ്ക്കാരം !,
ലാലുജി അതി മിടുക്കന്‍ തന്നെ!പക്ഷേ ഇപ്പോള്‍ ബഹുമാനപ്പെട്ട മന്ത്രി മമതാബാനര്‍ജ്ജി പറയുന്നത് റെയില്‍വേയില്‍ ലാലു കാണിച്ച കണക്കുകളെല്ലാം കള്ളക്കണക്കുകളയിരുന്നു എന്നാണ്.നമ്മളേതു വിശ്വസിക്കണം ?!ലാലുജിയുടെ മാജിക്ക് അന്താരാഷ്ട്രലോകത്തെ വല്ലതെ അത്ഭുതപ്പെടുത്തി.അന്താരാഷ്ട്ര യൂണിവേര്‍സികള്‍ ലാലുജിയെക്കൊണ്ട് ബിസിനസ് മാനേജ്മെന്റില്‍ ക്ലാസ്സുകളെടുപ്പിച്ചു.ഇപ്പോള്‍ ആശാന്‍ പണിയൊന്നുമില്ലാതെ കുത്തിയിരിപ്പുണ്ട്.ഒരു യൂണിവേര്‍സിറ്റിക്കും വേണ്ട. ഒരു അന്താരാഷ്ട്ര സാമ്പത്തിക സമിതിക്കും വേണ്ട.എന്താ ലാലു മാജിക്ക് കള്ളമായിരുന്നോ ?ആഗോളവത്ത്ക്കരണത്തിനെ പ്രോത്സാഹിപ്പിക്കാന്‍ , സ്വകാര്യവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ ലാലുവിനെ പൊക്കുകായിരുന്നു മുതലാളിത്ത ശക്തികള്‍!ഇന്ന് ഈ ശവത്തെ ഈ ബുദ്ധി രക്ഷസനെ ആര്‍ക്കും വേണ്ട! എന്തേ ?!!

G Joyish Kumar said...

നിസ്സഹായന്‍,
ലാലുമാജിക്കിന്റെ ക്രെഡിറ്റ്, Officer on Special Duty ആയിരുന്ന സുധീര്‍ കുമാറിന് തന്നെയാണ്. ലാലു സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ മീഡിയ കവറേജ് കൊടുത്തതും കണക്ക്‌വെച്ച് കളിച്ചുവെന്നതും കുറച്ചൊക്കെ ശരിയാണ്. റയില്‍‌വേ രാജ്യത്തിന് ഒരു ബാദ്ധ്യതയാണെന്ന തരത്തില്‍ കണക്കുകള്‍ കൊണ്ടെത്തിച്ചവര്‍ക്ക് (മമതാബാനര്‍ജ്ജി + നിതീഷ് കുമാര്‍) ലാലുവിന്റെ കണക്കുകള്‍ ഒരിക്കലും ദഹിക്കില്ല. അങ്ങനെ വരുമ്പോള്‍ സ്വകാര്യവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചതാരാണ്? അല്ലെങ്കില്‍ ലാലു എവിടെയാണ് സ്വകാര്യവത്ക്കരണത്തെ പ്രോത്സാഹിപ്പിച്ചത്? പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ /പിപിപി യോ?

മുക്കുവന്‍ said...

ബസ്സുകളുടെ മത്സരപ്പാച്ചിലാണ് പല അപകടങ്ങള്‍ക്കും കാരണമെന്ന് പറയേണ്ടതില്ലല്ലോ, കൂടാതെ കുറഞ്ഞ ഇന്ധനക്ഷമത, ടയറുകളുടേയും മറ്റ് സ്പേയര്‍ പാര്‍‌ട്ട്സിന്റെയും അധിക തേയ്മാനം തുടങ്ങി അധികചിലവുകളുടെ ഒരു നീണ്ടലിസ്റ്റ് ഉണ്ടാവും...

I do agree with those points...

accidents/spare parts are the major expense for the bus. if they can cut down that cost, they dont need to increase the charge..

good thinking Namaskar..
cheers

jayanEvoor said...

ഉടനെങ്ങും നമ്മുടെ ഗതാഗത സംവിധാനവും ബസ് യാത്രാസൌകര്യങ്ങളും മെച്ചപ്പെടും എന്ന പ്രതീക്ഷയില്ല... എങ്കിലും പുതിയ മാർഗങ്ങൾ പരീക്ഷിക്കപ്പെടുക തന്നെ വേണം.
നന്നാവുമോ എന്നൊന്നറിയണമല്ലോ!