Wednesday 6 August, 2008

പച്ചരിയും ഡീലക്സ് ഫ്ലാറ്റുകളും

കുറച്ച് സമ്പന്നര്‍ക്ക് വേണ്ടി നമ്മുടെ നാട്ടില്‍ ഫ്ലാറ്റുകള്‍ പണിയുന്നു - വലിയ പട്ടണങ്ങളെ കേന്ദ്രീകരിച്ച് ഡീലക്സും, സൂപ്പര്‍ ഡീലക്സും ഫ്ലാറ്റുകള്‍. മറ്റുള്ളവര്‍ക്ക് മിക്കവാറും രണ്ടോ മൂന്നോ സെന്റില്‍ കാറ്റും വെളിച്ചവും കടക്കാത്ത വീടുകള്‍ പണിയിച്ച് അതില്‍ ജീവിതം തള്ളിനീക്കാന്‍ മാത്രമാണ് യോഗം. അതിനായി പോലും വയലുകളും കൃഷിയിടങ്ങളും നിര്‍ദാക്ഷണ്യം മാറ്റപ്പെടുന്നു. വീടുകള്‍ക്കിടയില്‍ പോലും വൃക്ഷങ്ങളിലാത്ത അവസ്ഥയില്‍ പച്ചപ്പ് അപൂര്‍വ്വ കാഴ്ചയായി മാറുന്നു. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നു, മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സൌകര്യമില്ലാതെ കഷ്ടപ്പെടുന്നു, അസുഖങ്ങള്‍ കൂടുന്നു, കാര്‍ഷിക വിളവ് കുറയുന്നു, പാലിനും എന്തിന് അരിക്കും, പച്ചക്കറിക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട്. പച്ചരിക്കായി കാര്‍ഷികോത്സവമെന്ന് പറയപ്പെടുന്ന ഓണത്തിന് കേന്ദ്രത്തിന്റെ ക്വോട്ട (കോണൊത്തിന്റെ ഓട്ട എന്ന് ചൊറിച്ച് മല്ലിയാലും തെറ്റില്ല!) നോക്കിയിരിക്കേണ്ട അവസ്ഥ.

പ്രകൃതി വിഭങ്ങളേതുമില്ലെന്ന് പറയാവുന്ന സിംഗപ്പൂരില്‍ കിട്ടുന്ന മഴവെള്ളം സംഭരിച്ച് ഉപയോഗിക്കുവാനായി ലഭ്യമായ സ്ഥലത്തിന്റെ പകുതിയിലേറെയും ക്യാച്ച്മെന്റ് ഏരിയ ആയി ഉപയോഗിക്കുന്നു. അപ്പോള്‍ 6,489 per sq km സാന്ദ്രതയില്‍ ജനങ്ങള്‍ (കേരളത്തിന്റെ ജനസാന്ദ്രത 819) എങ്ങിനെ സൌകര്യമായി എങ്ങും പച്ചപ്പും ശുദ്ധവായുവും ആസ്വദിച്ച് ജീവിക്കുന്നു?. ഉത്തരം: ഹൌസിങ്ങ് ഡെവലപ്മെന്റ് ബോര്‍ഡ് (HDB) ഫ്ലാറ്റുകളും പബ്ലിക് ട്രാന്‍സ്പോര്‍ട്ടും.

സിംഗപ്പൂരല്ല കേരളം എന്ന് പറയാന്‍ വരട്ടെ.

പണത്തിന് പണം - പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ്. ആ പണം ശരിയായി പ്രയോജനപ്പെടുത്തുക. ഗല്‍ഫില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് ഇനി എത്ര നാളുണ്ടാവുമെന്നറിയില്ല - എത്ര വേഗം പ്രയോജനപ്പെടുത്തുന്നുവോ അത്രയും നല്ലത്.

സ്ഥല ലഭ്യത - ലാന്റ് പൂളിങ്ങ് പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തുണ്ടുകളായി വിഭജിക്കപ്പെട്ട ഭൂമി ഒന്നിപ്പിക്കുകയും സ്ഥല ഉടമകള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യാം. ഇത് വഴി മെച്ചപ്പെട്ട റോഡുകളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും വികസിപ്പിക്കുക, കൃഷിക്കുള്ള ഭൂമി കൃഷിക്കായി മാത്രം ഉപയോഗിക്കുക.

പബ്ലിക് ട്രാന്‍സ്പോര്‍ട്ട് - കേരളത്തില്‍ 30,000ത്തിലധികം പ്രൈവറ്റ് ബസ്സുകളുണ്ട്. ഈ ബസ്സുകാരുടെ മത്സരവും തമ്മിലടിയും ഒഴിവാക്കി ഇവരെ ഒന്നോ രണ്ടോ കമ്പനിയായി ഒന്നിപ്പിക്കുകയാണെങ്കില്‍ ഈ മേഖലയില്‍ അസാദ്ധ്യമായ ഒന്നും ഉണ്ടാവില്ല. (സിംഗപ്പൂരില്‍ 200ഓളം ബസ്സ് സര്‍വീസുകളുള്ള ഒരു കമ്പനിയാണ് ഒരു MRT ട്രയിന്‍ ലൈന്‍ - NEL, ഓപ്പറേറ്റ് ചെയ്യുന്നത്.)

ചിന്തിച്ച് നോക്കു.

3 comments:

G Joyish Kumar said...

പച്ചരിക്കായി കാര്‍ഷികോത്സവമെന്ന് പറയപ്പെടുന്ന ഓണത്തിന് കേന്ദ്രത്തിന്റെ ക്വോട്ട (കോണൊത്തിന്റെ ഓട്ട എന്ന് ചൊറിച്ച് മല്ലിയാലും തെറ്റില്ല!) നോക്കിയിരിക്കേണ്ട അവസ്ഥ.

paarppidam said...

നന്നായിരിക്കുന്നു..പിന്നെ ബസ്സിന്റെ കമ്പനിയുടെ കാര്യം ഒഴികെ.ഇതു സിങ്കപ്പൂർ അല്ല മാഷേ...കേരളത്തിൽ മദ്യകോർപ്പറേഷൻ മാത്രേ ലാഭത്തിൽ ഓടൂ....

G Joyish Kumar said...

paarppidam,
സ്വകാര്യ ബസ്സുകളുടെ ഭാവി എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. കേരളത്തിലെ പോലെ മത്സര ഓട്ടം നടത്തി ആള്‍ക്കാരെ കൊന്ന് കൊലവിളിച്ചുകൊണ്ടിരുന്ന ഡെല്‍‌ഹിയിലെ ബ്ലൂലൈന്‍ ബസ്സുകള്‍ എന്ന പേരില്‍‌ അറിയപ്പെടുന്ന പ്രൈവറ്റ് ബസ്സുകളെ റോഡുകളില്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നു. നൂറ് ബസ്സുകളെങ്കിലും കൈവശമുള്ള കമ്പനികള്‍‌ക്കോ, സൊസൈറ്റികള്‍‌ക്കോ മാത്രമേ ഇനി പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയുള്ളു.

കേന്ദ്ര ഗവര്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ലോഫ്ലോര്‍ ബസ്സുകള്‍ വിന്യസിക്കാന്‍ തീരുമാനമായി. അതിനൊരു ആരോഗ്യകരമായ മത്സരം കാഴ്ച വെയ്ക്കണമെങ്കില്‍ ബസ്സു മുതലാളിമാര്‍ ഒന്നിക്കണം.