Wednesday 25 June, 2008

ആണവ നിലയം: ലെഫ്റ്റ് റൈറ്റാണോ?

ആണവോര്‍‌ജ്ജം നമ്മുക്ക് അഭികാമ്യമല്ല, കല്‍ക്കരി ഇന്ധനമായുള്ള താപനിലയങ്ങള്‍ വഴി രാജ്യത്തിന്റെ വര്‍‌ദ്ധിച്ചു വരുന്ന ഊര്‍‌ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. കല്‍ക്കരി ഉപയോഗപ്പെടുത്താമെന്നിരുന്നാല്‍ തന്നെ അനിയന്ത്രിതമായി ഉപയോഗിക്കാന്‍ പറ്റിയ അളവില്‍ നമ്മുക്ക് ലഭ്യമല്ലതാനും. താരതമ്മ്യേന ഏറെ കല്‍ക്കരി ലഭ്യതയുള്ള ചൈനയില്‍, ഇത്തരം താപനിലയങ്ങള്‍ മൂലമുള്ള അന്തരീക്ഷ മലിനീകരണം ആശങ്കയുളവാക്കുന്ന തരത്തിലാണ്. ആകയാല്‍ ചൈനയും വന്‍ തോതില്‍ ആണവോര്‍ജ്ജം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അമേരിക്കയുമായി തന്നെ ആണവകരാറില്‍ ഏര്‍പ്പെടാന്‍ റഷ്യക്കൊപ്പം ചൈനയും ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

പ്രത്യക്ഷത്തില്‍ ആണവോര്‍‌ജ്ജം എല്ലാത്തിനും പരിഹാരമാകുമെന്നും വിവക്ഷിക്കേണ്ടതില്ല. സാങ്കേതിക വിദ്യയ്ക്കും യുറേനിയം തുടങ്ങി ആണവ നിലയത്തിനാവശ്യമായ ഘടകങ്ങള്‍ക്കും നാം സ്വയം പരിയാപ്തമല്ല. അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെടുന്നത് വഴി പല കടമ്പകളും കടന്ന് കിട്ടും എന്നാണ് പ്രതീക്ഷക്കുന്നത്. പൊക്രാന്‍ പരീക്ഷണത്തെ തുടര്‍ന്നുള്ള വിലക്കുകള്‍ നീങ്ങികിട്ടുകയും, അത് വഴി ആണവനിലയങ്ങള്‍ക്ക് ആവശ്യമായവ എവിടെ നിന്നും ലഭ്യമാക്കാം എന്നൊരു സവിശേഷതയുണ്ട്. ഇന്ത്യയില്‍ ലഭ്യമായ തോറിയം ആണവ ഇന്ധനമാക്കിയിട്ടുള്ള ഫാസ്റ്റ് ബ്രീഡര്‍ റീയാക്ടറുകള്‍ക്കും ആദ്യ സ്റ്റേജില്‍ സമ്പുഷ്ടിത യുറേനിയം വേണം. ഫാസ്റ്റ് ബ്രീഡര്‍ റീയാക്ടറുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ പ്രാപ്തമാകുന്നത് വരെ നമ്മുക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ നിവര്‍ത്തിയില്ല.

അടുത്ത ഇരുപത് വര്‍ഷങ്ങള്‍‌ക്കുള്ളില്‍ ഇന്ത്യയുടെ ഊര്‍ജ്ജോല്‍പ്പാദന ശേഷി ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കേണ്ടി വരും.വര്‍‌‌ദ്ധിച്ചു വരുന്ന ഊര്‍‌ജ്ജാവശ്യങ്ങള്‍ക്ക് വേണ്ടി സൌരോജ്ജം, കാറ്റ്, തിരമാല, ജൈവ ഇന്ധനം തുടങ്ങിയ പാരമ്പര്യേതര ഊര്‍ജ്ജ ഉറവിടങ്ങളും നിലവിലുള്ള സ്രോതസുകള്‍ക്കൊപ്പം തന്നെ ഉപയോഗിക്കേണ്ടതുണ്ട്. അതല്ലാതെ ആണവ നിലയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ കല്‍ക്കരിനിലയമാണ് നല്ലതെന്നും, കല്‍ക്കരിനിലയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഗ്യാസതീഷ്ടിത താപനിലയമാണ് നല്ലതെന്നോ, ജലവൈദ്യുത നിലയത്തില്‍ നിന്ന് വൈദ്യുതി വെറുതെ കിട്ടുമെന്നോ പറയാതെ സാദ്ധ്യമായ എല്ലാ സങ്കേതങ്ങളും ചൂഷണം ചെയ്യുകയേ നിവര്‍ത്തിയുള്ളു.

കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വേണ്ടി ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന് പറഞ്ഞ്, രണ്ട് എം‌പിമാര്‍ മാത്രമുണ്ടായിരുന്ന കക്ഷിയെ തോളിലേറ്റികൊണ്ട് നടന്ന് രാജ്യത്തെ ഏറ്റവും വലിയ കക്ഷികളിലൊന്നാക്കിയിട്ട് ഇപ്പോള്‍ ആ കക്ഷിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനായി കോണ്‍ഗ്രസ്സിനെ താങ്ങേണ്ട സ്ഥിതി വിശേഷമാണ് ഇടത് പക്ഷത്തിന് വന്നിട്ടുള്ളത്. ഇവരുടെ അമേരിക്കവിരോധം അത്തരം വൈരുദ്ധ്യങ്ങള്‍ക്ക് ഇടയാക്കാതിരിക്കട്ടെ എന്ന് ആശിക്കാം!.

Links:
Three Dimensional approach to Energy Independence: By Dr.APJ Abdulkalam
11 myths that make nuclear deal unclear
Make or Break: Times of India Editorial
Why India should opt for nuclear power

5 comments:

Anonymous said...

വികസിത രാജ്യങ്ങള്‍ പോലും പണം മുടക്കാന്‍ സംശയിക്കുന്ന ആണവ നിലയങ്ങള്‍ക്ക് വേണ്ടി നമ്മള്‍ വാശിപിടിക്കുന്നതെന്തിനാണ്. 2020 ഓടെ ബ്രിട്ടണ്‍ മുഴുവന്‍ വീടുകള്‍ക്കും പവനോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി നല്‍കും എന്ന് പ്രഖ്യാപിച്ചു. ജര്‍മ്മനി 2020 ഓടെ എല്ലാ ആണവ നിലയങ്ങളും അടച്ചു പൂട്ടാന്‍ പരിപാടിയിടുന്നു. Nuclear power phase-out എന്നാണ് അവര്‍ ഇതിനു പറയുന്നത്.

ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിലടിസ്ഥാനമായ സമ്പദ് വ്യവസ്ഥയുടെ കുഴപ്പം ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ടല്ലോ. പെട്രോളിയത്തിന്റെ വില ആകാശം മുട്ടെ ഉയരുകയാണ്. യുറേനിയത്തിന്റെ സ്ഥിതിയും അതുതന്നെയാണ്. അതും ഇറക്കുമതി ചെയ്യണം. അതിന്റെ വില തീരുമാനിക്കുന്നത് നമ്മളല്ല. പെട്രോളിയം പോലെ യുറേനിയവും non-renewable ആണ്. കൂടുതല്‍ ഉപഭോഗം ഉണ്ടായാല്‍ 2050 ഓടെ യുറേനിയം ഖനനം ചെയ്യാന്‍ ഇല്ലാതെ ആകും.

അതുകൊണ്ട് നല്ല തീരുമാനം സൗര-പവന ഊര്‍ജ്ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

http://mljagadees.wordpress.com/category/%e0%b4%8a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%82/%e0%b4%86%e0%b4%a3%e0%b4%b5%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%82/

borercrossing said...

whatever may be the charchas,at last manomohanasimham and ittalikkuti wil trap karat. pinnem pinnrm karachilu nammalu thanne kelkandi varum

G Joyish Kumar said...

വികസിത രാജ്യങ്ങള്‍ പോലും പണം മുടക്കാന്‍ സംശയിക്കുന്ന ആണവ നിലയങ്ങള്‍ക്ക് വേണ്ടി നമ്മള്‍ വാശിപിടിക്കുന്നതെന്തിനാണ്.

ഫ്രാന്‍സിലെ വൈദ്യുതി ഉല്പാദനത്തിന്റെ 80% ആണവ നിലയങ്ങളില്‍ നിന്നാണെന്ന് മറക്കരുത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വൈദ്യുതി നിരക്കാണ് ഫ്രാന്‍സില്‍!

2020 ഓടെ ബ്രിട്ടണ്‍ മുഴുവന്‍ വീടുകള്‍ക്കും പവനോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി നല്‍കും എന്ന് പ്രഖ്യാപിച്ചു. ജര്‍മ്മനി 2020 ഓടെ എല്ലാ ആണവ നിലയങ്ങളും അടച്ചു പൂട്ടാന്‍ പരിപാടിയിടുന്നു. Nuclear power phase-out എന്നാണ് അവര്‍ ഇതിനു പറയുന്നത്.

ആണവനിലയങ്ങള്‍ ഇല്ലാതെ മതിയായ അളവില്‍ ഊര്‍ജ്ജോല്‍പ്പാദനം സാദ്ധ്യമെങ്കില്‍ നല്ലതുതന്നെ.

യുറേനിയത്തിന്റെ സ്ഥിതിയും അതുതന്നെയാണ്. അതും ഇറക്കുമതി ചെയ്യണം.

തോറിയം റീയാക്റ്ററുകള്‍ സജ്ജമായിക്കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ നാം സ്വയംപരിയാപ്തമാകും.

കൂടുതല്‍ ഉപഭോഗം ഉണ്ടായാല്‍ 2050 ഓടെ യുറേനിയം ഖനനം ചെയ്യാന്‍ ഇല്ലാതെ ആകും.

വേര്‍‌തിരിച്ചെടുക്കാന്‍ ചിലവ് കുറച്ചധികമാകുമെങ്കിലും (ഇപ്പോഴത്തെ നിലയില്‍ 10 മടങ്ങ്), കടല്‍ വെള്ളത്തില്‍ 4 ബില്ല്യണ്‍ ടണ്‍ യുറേനിയം ഉണ്ടെന്ന് കണക്കുകള്‍.


അതുകൊണ്ട് നല്ല തീരുമാനം സൗര-പവന ഊര്‍ജ്ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

സൗര-പവന ഊര്‍ജ്ജത്തിന് എതിരല്ല. 2030-ല്‍ വേണ്ടി വരുന്ന 400,000MW വൈദ്യുതിക്ക് ഇതിന് എത്ര സംഭാവന ചെയ്യാന്‍ കഴിയും?

t.k. formerly known as thomman said...

കല്‍ക്കരി ഉപയോഗിക്കുന്ന ഊര്‍ജ്ജനിലയങ്ങള്‍ പോലും റേഡിയോആക്ടീവ് പദാര്‍ത്ഥങ്ങള്‍ പുറത്തേക്ക് വിടുന്നുണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. അതിന്റെ കെമിസ്ടിയൊന്നും ഇത്തരം ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന CITU-ക്കാര്‍ക്ക് മനസ്സിലാവുകയുമില്ല.

എഴുതാപ്പുറം said...

enkil thankalkku visadamayi padippichukoode?