പെട്രോളിയത്തിന്‍റെ ദൗർലഭ്യതയും ഇതര ഊര്‍ജ സ്രോതസ്സുകളുടെ ചിലവും മറ്റ് ആശങ്കകളും നമ്മെ ഭയപ്പെടുത്തുന്ന അവസരത്തിലാണ് ഡക്ക്‌വീട് എന്ന് വിളിക്കുന്ന (പായല്‍ പോലെ കാണപ്പെടുന്ന) ചെറു സസ്യം നമ്മുടെ രക്ഷയ്ക്ക് എത്തുന്നത്. ഈ സസ്യത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്ന തരത്തിലാണ്. സാധാരണ ചുറ്റുപാടില്‍ ഇതിന് വളര്‍ന്ന് അതിന്‍റെ ഭാരം ഇരട്ടിയാക്കാന്‍ ഒരു ദിവസം മതിയാകും. (മറ്റ് ബയോ ഇന്ധന സ്രോതസ്സുകളേ അപേക്ഷിച്ച് ഏറെ മെച്ചം). നമ്മള്‍ അവയ്ക്ക് കൊടുക്കേണ്ടതോ, നമ്മുടെ തലവേദനകളായ പാഴ്ജലവും കാര്‍ബണ്‍ഡൈഓക്സൈഡും!
വീടുകളിലെ ഊര്‍ജ ആവശ്യത്തിന് വേണ്ടി (5kWന് 24 അടി വിസ്തീർണ്ണതിലുള്ള ഡോമിൽ മൽസ്യത്തിനും പച്ചക്കറികൾക്കുമൊപ്പം) വീട്ടുവളപ്പില്‍ ഇവയെ വളര്‍ത്തി ഉപയോഗിക്കാമെന്നും ഇതു പോലുള്ള വലിയ മോഡ്യൂളുകള്‍ (200 kW) ഉപയോഗിച്ച് വാണിജ്യ അടിസ്ഥാനത്തിലും (യൂണിറ്റിന് കല്‍ക്കരിക്ക് സമാനമായ ചിലവില്‍) ഊര്‍ജോത്പാദനം നടത്താന്‍ കഴിയുമെന്ന് Pacific Domes എന്ന അമേരിക്കൻ കമ്പനി അവകാശപ്പെടുന്നു.
ഈ സസ്യത്തിന്‍റെ പ്രത്യേകതകൾ
* ഏറ്റവും ചെറിയ പുഷ്പിക്കുന്ന സസ്യം എന്നറിയപ്പെടുന്ന ഇവ, ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കണ്ടുവരുന്നു.
* താറാവിനും കോഴിക്കും കന്നുകാലികൾക്കും മറ്റും തീറ്റയായി പലരും ഉപയോഗിക്കുന്നു.
* മലിനജലം ശുദ്ധീകരിക്കാൻ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇത് ഉപകരിക്കുന്നു.
* കാർബൺഡൈഓക്സൈഡിന്റെ കൂടുതൽ ലഭ്യതയിൽ കൂടുതൽ വളർച്ച. നൈട്രജൻ അടങ്ങിയ ജലത്തിൽ (മലിന ജലം, ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള സ്ലറി തുടങ്ങിയവയില്‍) കുടുതല്‍ വളര്‍ച്ച.
ഈ സസ്യത്തിനെ ഊര്‍ജ സ്രോതസ്സാക്കുമ്പോൾ
* മീതേൻ ഗ്യാസ്/ബയോ ഗ്യാസ് ഉത്പാദിപ്പിച്ചോ ഉണക്കി കത്തിച്ചോ ഊർജം നേടാം - ബയോ ഗ്യാസ് പാചകത്തിനും വൈദ്യുതി ഉത്പാദനത്തിനും മാത്രമല്ല സ്വീഡൻ പോലുള്ള രാജ്യങ്ങളിൽ ട്രെയിൻ ഉൾപ്പടെയുള്ള വാഹനങ്ങളിലും ഇന്ധനമാകുന്നുണ്ട്.
* സൈറ്റിൽ തന്നെ വളർത്താൻ കഴിയുമെന്നുള്ളതു കൊണ്ട് ട്രാൻസ്പോർട്ടേഷൻ ചിലവ് വളരെ കുറയ്ക്കാം.
* മലിനീകരണം ഇല്ല - വൈദ്യുതോൽപ്പാദന/ കത്തിക്കല്‍ സമയത്തുള്ള മലിനീകരണത്തെ സസ്യത്തിന്‍റെ വളർച്ചയിലൂടെ ഇല്ലാതാക്കുന്നു.
* പരമ്പരാഗത സ്രോതസ്സുകളെ പോലെ തന്നെ ഡിമാന്‍റ് ഉള്ളപ്പോൾ ഉപയോഗിക്കാം - സൗരോർജത്തിനും പവനോർജത്തിനും വേണ്ടിവരുന്നതു പോലെ വിലകൂടിയ ഊർജ സംഭരണ സംവിധാനങ്ങൾ ആവശ്യമില്ല.
* ആൽഗെ ഇനത്തിൽപ്പെട്ട സസ്യങ്ങളേക്കാൾ എളുപ്പത്തിൽ 'വിളവെടുക്കാം'.
* ഇതിൽ നിന്ന് മീതേനോ വൈദ്യുതിയോ എടുക്കാൻ നൂക്ലിയർ ഊര്‍ജത്തിന് വേണ്ടതു പോലുള്ള വലിയ സാങ്കേതിക വിദ്യയുടെ ആവശ്യമില്ല.
* ജൈവ ഇന്ധനത്തിനായി ഇപ്പോൾ ഉപയോഗിക്കുന്ന സോയബീൻ പോലുള്ള ഭക്ഷ്യ വിളകളെ വെറുതെ വിടാൻ കഴിയും.
സായിപ്പിന്റെ നാട്ടിൽ ആകാമെങ്കിൽ വർഷത്തിൽ മുന്നൂറ് ദിവസമെങ്കിലും വെയിലും 'ആവശ്യം പോലെ' മലിന ജലവും, തോന്നുമ്പോള്‍ തോന്നുമ്പോള്‍ വില വര്‍ദ്ധിക്കുന്ന പെട്രോളും LPGയും, മഴ വരുമ്പോഴും മഴ ഇല്ലാത്തപ്പോഴും പവര്‍കട്ടും ഉള്ള നമ്മുടെ നാട്ടിൽ ഈ സ്രോതസ്സ് ഉപയോഗിക്കാൻ എന്താണ് പ്രയാസം?
Friday, 4 November 2011
Subscribe to:
Posts (Atom)